CrimeLatestNationalNewsNews in Brief
മഹാത്മാഗാന്ധിയെ ‘വീണ്ടും കൊന്ന’ കേസില്‍ ഹിന്ദുമഹാസഭ നേതാവ് പൂജ പാണ്ഡെയും അറസ്റ്റില്‍
By Web Desk

മഹാത്മാഗാന്ധിയുടെ രക്തസാക്ഷിത്വ ദിനത്തിൽ കോലമുണ്ടാക്കി അതിനു നേരേ പ്രതീകാത്മകമായി എയർ ഗൺ ഉപയോഗിച്ച് വെടിയുതിർത്ത കേസില്‍ ഹിന്ദുമഹാസഭാ ദേശീയ സെക്രട്ടറി പൂജ പാണ്ഡെയും ഭര്‍ത്താവ് അശോക് പാണ്ഡെയും അറസ്റ്റിലായി. ഉത്തര്‍പ്രദേശിലെ തപ്പാലില്‍ നിന്നാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്.
നേരത്തേ ദേശീയ സെക്രട്ടറി പൂജ പാണ്ഡെ അടക്കം പതിമൂന്നു പേർക്കെതിരെ കേസെടുത്തിരുന്നു. ഇവരില്‍ രണ്ട് പേരെ സംഭവത്തിന് തൊട്ടുപിറകേ അറസ്റ്റ് ചെയ്തിരുന്നു.
ഗാന്ധിജിക്കെതിരെ നേരത്തെയും പ്രകോപനകരമായി പ്രസംഗിച്ചിട്ടുള്ളയാളാണ് പൂജ പാണ്ഡെ.
2015 ൽ ഹിന്ദുമഹാസഭ ഗാന്ധിജിയുടെ ഘാതകനായ നാഥുറാം വിനായക് ഗോഡ്സേയുടെ മരണ ദിനം ഹിന്ദുമഹാസഭ ബലിദാന ദിനമായി ആചരിച്ചത് വലിയ വിവാദത്തിനിടയാക്കിയിരുന്നു..
വെടിവച്ച് കൊന്ന് 71 വർഷം കഴിഞ്ഞിട്ടും മഹാത്മാഗാന്ധിയോടുള്ള ദേഷ്യം ഹിന്ദു മഹാസഭക്കാര്ക്ക് അടങ്ങിയിട്ടില്ല എന്ന രീതിയിലുളള വിമര്‍ശനമാണ് രക്തസാക്ഷി ദിനത്തില്‍ നടന്ന അതിക്രമവാര്ത്തയോടെ ഉയര്‍ന്നത്. അലിഗഡിൽ സംഘടിപ്പിച്ച ചടങ്ങിൽ ഗാന്ധിയുടെ കോലത്തിന് നേരെ വെടിയുതിർക്കുക മാത്രമല്ല, വെടിയേറ്റ് കോലത്തിൽ നിന്ന് കൃത്രിമച്ചോര ഒഴുകുന്നതായും പ്രദർശിപ്പിച്ചിരുന്നു
ഗാന്ധിയ്ക്കുനേരെ വെടി വെക്കുന്നതായി അഭിനയിച്ച ശേഷം ഹിന്ദു മഹാസഭ നേതാവ് കൊലയാളിയായ ഗോഡ്സെയുടെ പ്രതിമയിൽ പൂമാല ചാര്‍ത്തുകയും ചെയ്തിരുന്നു. പരിപാടിയിൽ പങ്കെടുത്തവർക്ക് മധുരപലഹാരങ്ങളും വിതരണംചെയ്തിരുന്നു.
മഹാത്മാ ഗാന്ധി കൊല്ലപ്പെട്ട ജനുവരി 30 ശൗര്യ ദിവസ് എന്ന പേരിലായിരുന്നു മുമ്പ് ഹിന്ദുമഹാ സഭ ആചരിച്ചിരുന്നത്. ഇതിന്റെ ഭാഗമായി മധുരവിതരണവും നാഥൂറാം വിനായക് ഗോഡ്സെയുടെ പ്രതിമയിൽ പൂമാല ചാര്‍ത്തലും നേരത്തെ സംഘടന നടത്തിവന്നിരുന്നു. ഇന്ത്യാ-പാകിസ്ഥാന് വിഭജനത്തിന് മഹാത്മാഗാന്ധിയാണ് കാരണക്കാരനെന്നാണ് ഹിന്ദു മഹാസഭ വിലയിരുത്തുന്നത്.