EntertainmentHealthKeralaLife

നൂറു പൂക്കള്‍ വിരിയിച്ച് ഗൗരിയമ്മയുടെ പിറന്നാളാഘോഷം

By Web Desk

ജീവിതത്തിന്റെയും പോരാട്ടത്തിന്റെയും നൂറാംവര്‍ഷത്തിലേക്ക് കടന്ന കേരളത്തിന്റെ വിപ്ലവനായിക കെ.ആര്‍ ഗൗരിയമ്മയുടെ ജന്മദിനാഘോഷം തലമുറകളുടെ സംഗമത്തിന് അവസരമൊരുക്കി. ആലപ്പുഴ റെയ്ബാന്‍ ഓഡിറ്റോറിയത്തിലായിരുന്നു മിഥുനമാസത്തിലെ തിരുവോണനാളില്‍ ജനിച്ച വിപ്ലവനക്ഷത്രത്തിന്റെ നൂറാം പിറന്നാളാഘോഷം. രാവിലെ പതിനൊന്നുമണിയോടെ ഗൗരിയമ്മ കേക്ക് മുറിച്ചു.

സ്‌നേഹവും കുസൃതി നിറഞ്ഞ ശകാരങ്ങളും ഓര്‍മ്മ പങ്കുവയ്ക്കലുകളുമൊക്കെയായി പ്രായത്തോട് പമ്പ കടക്കാന്‍ പറഞ്ഞുകൊണ്ട് ഗൗരി മുത്തശ്ശി പിറന്നാളാഘോഷിച്ചു. ചെറുപ്പം മുതലേ തന്റെ പിറന്നാള്‍ ആഘോഷിക്കുമായിരുന്നുവെന്ന് ഗൗരിയമ്മ പറഞ്ഞു. ‘അമ്മയാണ് പണ്ടുമുതലേ പായസം വയ്ക്കുക. പാടത്തെയും പറമ്പിലെയും പണിക്കാര്‍ക്കും പായസം കൊടുക്കും. ‘

അമ്പലപ്പുഴ പാല്‍പ്പായസം അടക്കം മൂന്നുതരം പായസമൊരുക്കിയാണ് ആശംസ നേരാന്‍ വന്നവരെ ഗൗരിയമ്മ സ്വീകരിച്ചത്. കുമരകത്തുനിന്നുള്ള കരിമീന്‍ അടക്കം ഉള്‍പ്പെട്ട വിഭവസമൃദ്ധമായ സദ്യയാണ് ഒരുക്കിയിരുന്നത്.

നൂറാം പിറന്നാള്‍ ആഘോഷങ്ങളുടെ ഭാഗമായി സംഘാടകസമിതി ചാത്തനാട്ടെ വീട്ടിലേക്ക് മാധ്യമപ്രവര്‍ത്തകരെ ക്ഷണിച്ചുവരുത്തിയപ്പോഴും ഗൗരിയമ്മ കുസൃതിയും കുറുമ്പുമുള്ള കുട്ടിയെപ്പോലെയാണ് പെരുമാറിയത്. ആലപ്പുഴയില്‍ ഇതിനുംമാത്രം മാധ്യമപ്രവര്‍ത്തകരുണ്ടോ എന്ന് ചോദിച്ചുകൊണ്ടായിരുന്നു വരവേല്പ്. പൊക്കമില്ലായ്മയാണെന്റെ പൊക്കം എന്ന് കുഞ്ഞുണ്ണി മാഷ് പറഞ്ഞതുപോലെ പ്രായമില്ലായ്മയാണ് ഗൗരിയമ്മയുടെ പ്രായം എന്ന് പകുതി കളിയായും പകുതി കാര്യമായും ജെഎസ്എസ് യുവജനവിഭാഗം നേതാവ് അനില്‍ പറഞ്ഞു.

Like
Like Love Haha Wow Sad Angry
Tags
Show More

Related Articles

Close
Close