LatestNationalNewsNewsNews in Brief
ശക്തമായ മഴയും കാറ്റും; പൂനെയില്‍ മതിലിടിഞ്ഞ് കുടിലുകൾക്ക് മുകളിൽ വീണ് 17 പേർ മരിച്ചു
By Web Desk

വെള്ളിയാഴ്ച മുതൽ തുടങ്ങിയ കനത്തെ മഴയിൽ പൂനെയിലെ കോന്ദ്വ മേഖലയില്‍ മതിലിടിഞ്ഞ് കുടിലുകൾക്ക് മുകളിൽ വീണ് 17 പേര് മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റു. നിർമാണ തൊഴിലാളികൾക്ക് വേണ്ടി തയ്യാറാക്കിയ താൽക്കാലിക കുടിലുകള്‍ക്ക് മുകളിലേക്കാണ് മതിലിടിഞ്ഞ് വീണത്.
കനത്തെ മഴയെ തുടർന്നാണ് കെട്ടിടത്തിന്റെ അറുപത് അടിയോളം ഉയരമുള്ള മതിൽ തകർന്നു വീണത്. കെട്ടിടത്തിന് മുന്നിൽ നിർത്തിയിട്ട കാറുകൾ കുടിലുകളുടെ അവശിഷ്ടങ്ങൾക്ക് മുകളിൽ വീണു കിടക്കുന്ന ദൃശ്യങ്ങൾ ദേശീയ മാധ്യമങ്ങൾ പുറത്തുവിട്ടു. പുലര്‍ച്ചെ രണ്ടു മണിയോടെയായിരുന്നു അപകടം.
ദുരന്തനിവാരണ സേനയും അഗ്നി രക്ഷാ സേനയും സംഭവ സ്ഥലത്ത് തിരച്ചിൽ നടത്തുകയാണ്. കൂടുതൽ ആൾക്കാർ അവശിഷ്ടങ്ങൾക്കുള്ളിൽ കുടുങ്ങിക്കിടക്കുന്നുണ്ടോ എന്ന് സംശയമുണ്ട്. എല്ലാവരും ഉറങ്ങിക്കിടന്ന സമയത്ത് അപകടമുണ്ടായതാണ് മരണ സംഖ്യ വർധിപ്പിച്ചത്.
മരിച്ചവരില്‍ ഒരു സ്ത്രീയും നാല് കുട്ടികളും ഉൾപ്പെട്ടിട്ടുണ്ടെന്ന് അധികൃതര്‍ അറിയിച്ചു. മരിച്ചവരെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. ബിഹാര്‍, ബംഗാള്‍ സ്വദേശികളായ തൊഴിലാളികളാണ് അപകടത്തില്‍പ്പെട്ടവരെന്ന് പുനെ ജില്ലാ കളക്ടര്‍ നവല്‍ കിഷോര്‍ പറഞ്ഞു. തൊട്ടടുത്ത് നിർമാണ പ്രവൃത്തികൾ നടക്കുന്നുണ്ട്. ഇവിടെ ജോലി ചെയ്യുന്ന തൊഴിലാളികൾക്ക് വേണ്ടി നിർമ്മിച്ച തകരക്കുടിലുകൾക്ക് മുകളിലേക്കാണ് മതിൽ ഇടിഞ്ഞുവീണത്.