LatestNationalNewsNews in Brief
ഇന്തോ-ടിബറ്റന്‍ ബോര്ഡറില് ജവാന്മാര് തമ്മില്‍ സംഘര്‍ഷം; ആറ് പേര് കൊല്ലപ്പെട്ടു, രണ്ടുപേര്‍ക്ക് പരിക്ക്
By web desk

ഇന്തോ-ടിബറ്റന്‍ ബോര്ഡറില് ജവാന്മാര് തമ്മിലുള്ള (ഐ.ടി.ബി.പി) സംഘര്‍ഷത്തില്‍ ആറുപേര്‍ മരിച്ചു. രണ്ട് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ഇന്ന് രാവിലെ ഒന്‍പത് മണിയോടെ ഛത്തീസ്ഗഢിലെ നരായണ്പൂരിലെ ഐ.ടി.ബി.പിയുടെ 45-ാമത്തെ ബറ്റാലിയനിലെ കേദാര്നാര് ക്യാമ്പിലാണ് സംഭവമെന്ന് ബസ്തര്‍ റെയ്ഞ്ച് ഇന്‍സ്പെക്ടര്‍ ജനറല്‍ സുന്ദര്‍ രാജ് പറഞ്ഞു. ഡ്യൂട്ടി സമയവുമായി ബന്ധപ്പെട്ട തര്‍ക്കമാണ് വെടിവെയ്പില്‍ കലാശിച്ചതെന്നാണ് റിപ്പോര്‍ട്ട്.
തര്‍ക്കത്തിനിടെ ഒരു ജവാന് സഹപ്രവര്‍ത്തകര്‍ക്ക് നേരെ സര്‍വീസ് റിവോള്‍വര്‍ ഉപയോഗിച്ച് വെടിയുതിര്‍ക്കുകയായിരുന്നു. ഇയാളും കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍. തര്‍ക്കത്തിന്റെ കാരണം വ്യക്തമല്ലെങ്കിലും അവധി ലഭിക്കാത്തതില്‍ ഇയാള്‍ അസ്വസ്ഥനായിരുന്നുവെന്ന് സംശയിക്കുന്നു. നാരായണ്‍പൂര്‍ പോലീസ് സൂപ്രണ്ട് മോഹിത് ഗാര്‍ഗ് അടക്കം മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയിട്ടുണ്ട്. സംഭവത്തില്‍ അധികൃതര്‍ അന്വേഷണത്തിന് ഉത്തരവിട്ടു. പരിക്കേറ്റവരെ ഹെലികോപ്റ്ററില്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയി. മൃതദേഹങ്ങള്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.