CricketKeralaLatestNews

മഹാരാഷ്ട്ര; അജിത് പവാര്‍ ഉപമുഖ്യമന്ത്രി സ്ഥാനം രാജിവെച്ചു

ഫഡ്‌നാവിസും രാജിക്കൊരുങ്ങുന്നതായി സൂചന

രാഷ്ട്രീയ അനിശ്ചിതത്വം തുടരുന്ന മഹാരാഷ്ട്രയുടെ ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത എന്‍.സി.പി നേതാവ് അജിത് പവാര്‍ രാജിവച്ചു. സത്യപ്രതിജ്ഞ കഴിഞ്ഞെങ്കിലും ഓഫീസിലെത്തി ചുമതലയേറ്റെടുക്കാതെയാണ് അജിത്ത് പവാര്‍ രാജിവച്ചത്. വിശ്വാസ വോട്ടെടുപ്പ് നാളെ നടത്തണമെന്ന സുപ്രീം കോടതി വിധി പുറത്തുവന്നതിന് പിന്നാലെയാണ് രാജി. ദേവേന്ദ്ര ഫഡ്‌നാവിസ് മുഖ്യമന്ത്രി പദം രാജിവയ്ക്കുമെന്നും സൂചനയുണ്ട്. ഇന്ന് മൂന്നരയ്ക്ക് ഫഡ്‌നാവിസ് മാധ്യമങ്ങളെ കാണും.

തങ്ങള്‍ക്ക് സര്‍ക്കാര്‍ രൂപീകരിക്കാനുള്ള ഭൂരിപക്ഷമില്ലെന്ന് അല്‍പസമയം മുന്‍പ് കേന്ദ്രമന്ത്രിയും ബിജെപി സഖ്യകക്ഷിയായ ആര്‍പിഐയുടെനേതാവുമായ രാംദാസ് അതുലെ വ്യക്തമാക്കി. വിശ്വാസവോട്ടെടുപ്പിന് മുന്‍പായി ഫഡ്‌നാവിസ് രാജിവച്ചേക്കും എന്നാണ് അതുലെയുടെ പ്രസ്താവനയുടെ പശ്ചാത്തലത്തില്‍ വിലയിരുത്തപ്പെടുന്നത്.

കടുത്ത സമ്മര്‍ദ്ദം ചെലുത്തി സകല തന്ത്രങ്ങളും പയറ്റി നോക്കിയെങ്കിലും അജിത്ത് പവാര്‍ അടക്കം വെറും മൂന്ന് എംഎല്‍എമാരെയാണ് എന്‍സിപിയില്‍ നിന്നും ബിജെപിക്ക് ചാടിക്കാന്‍ സാധിച്ചത്. ശിവസേന, കോണ്‍ഗ്രസ് പാര്‍ട്ടികളില്‍ നിന്നും എംഎല്‍എമാരെ ചോര്‍ത്താനും ഇക്കുറി ബിജെപിക്ക് സാധിച്ചില്ല. ഇന്നലെ ഹയാത്ത് ഹോട്ടലില്‍ 162 എംഎല്‍എമാരെ അണിനിര്‍ത്തി ത്രികക്ഷി സംഖ്യം നടത്തിയ ശക്തിപ്രഖ്യാപനത്തോടെ തന്നെ മഹാരാഷ്ട്രയിലെ ബിജെപി സര്‍ക്കാരിന്റെ വിധിയെന്തെന്ന് വ്യക്തമായിരുന്നു. ചൊവ്വാഴ്ച തന്നെ വിശ്വാസവോട്ടെടുപ്പ് നടത്താനുള്ള സുപ്രീംകോടതിയുടെ ഉത്തരവും ബിജെപിക്കും അജിത്ത് പവാറിനും കനത്ത പ്രഹരമായി മാറി.

കഴിഞ്ഞ രണ്ട് ദിവസമായി അജിത്ത് പവാറിന്റെ സഹോദരങ്ങളെ മധ്യസ്ഥരാക്കി ശരത് പവാറും സുപ്രിയ സുലെയും ചില അനുനയനീക്കങ്ങള്‍ നടത്തിയിരുന്നതായാണ് സൂചന. അജിത്തിനോട് സ്ഥാനം രാജിവച്ച് പാര്‍ട്ടിയിലേക്കും കുടുംബത്തിലേക്കും മടങ്ങി വരാന്‍ ആവശ്യപ്പെട്ട ശരത് പവാര്‍ ത്രികക്ഷി സര്‍ക്കാരില്‍ അദ്ദേഹത്തിന് മന്ത്രിസ്ഥാനം വാഗ്ദാനം ചെയ്തതായും റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്.

നിയമസഭയില്‍ മാധ്യമങ്ങളുടെ മുന്നില്‍ വച്ച് നാളെ വിശ്വാസ വോട്ടെടുപ്പ് നടത്തണമെന്നാണ് സുപ്രീം കോടതി നിര്‍ദ്ദേശിച്ചിരിക്കുന്നത്. രഹസ്യ ബാലറ്റ് പാടില്ലെന്നും നടപടികള്‍ തത്സമയം മധ്യമങ്ങളിലൂടെ സംപ്രേക്ഷണം ചെയ്യണമെന്നും സുപ്രീം കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്. വിശ്വാസ വോട്ടെടുപ്പിന് രണ്ടാഴ്ച ചോദിച്ച ബി.ജെ.പിയുടെ ആവശ്യം തള്ളിയ സുപ്രീം കോടതി നാളെ അഞ്ച് മണിക്ക് മുമ്പ് വോട്ടെടുപ്പ് നടത്തണമെന്ന് ഉത്തരവിട്ടു. പ്രോടെം സ്പീക്കറുടെ അദ്ധ്യക്ഷതയിലായിരിക്കും വോട്ടെടുപ്പ് നടക്കുക.

Like
Like Love Haha Wow Sad Angry
Tags
Show More

Related Articles

Close
Close