KeralaLatestNewsNews in Brief

ജനരോഷം; മോട്ടോര്‍വാഹന നിയമത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ഭേദഗതിക്കൊരുങ്ങുന്നു

By web desk

രിഷ്‌കരിച്ച മോട്ടോര്‍ വാഹന നിയമ ലംഘനങ്ങള്‍ക്കുള്ള വന്‍ പിഴ കുറയ്ക്കാനുള്ള സാധ്യത തേടി സംസ്ഥാന സര്‍ക്കാര്‍. പിഴ കുറച്ച് ഓര്‍ഡിനന്‍സ് ഇറക്കുന്നതിന്റെ നിയമസാധുത തേടി ഗതാഗത വകുപ്പ് നിയമവകുപ്പിന് കത്തയച്ചു. മുമ്പുള്ളതിനെക്കാള്‍ പത്തിരട്ടിയോളം ഉയര്‍ന്ന പിഴ ഈടാക്കുന്നതിനെതിരേ ജനങ്ങളില്‍ നിന്ന് ശക്തമായ പ്രതിഷേധം ഉയര്‍ന്ന സാഹചര്യത്തിലാണ് സംസ്ഥാന സര്‍ക്കാറിന്റെ പുതിയ നീക്കം. അടുത്ത മന്ത്രിസഭാ യോഗത്തില്‍ ഇതുസംബന്ധിച്ച തീരുമാനം ഉണ്ടാകുമെന്നാണ് സൂചന.

മോട്ടോര്‍വാഹന നിയമലംഘനങ്ങള്‍ക്ക് അമിത പിഴ ഈടാക്കുന്നത് കേന്ദ്രനിയമമാണെങ്കിലും സംസ്ഥാനങ്ങള്‍ക്കും ഇടപെടാന്‍ അനുമതി നല്‍കിയിട്ടുണ്ട്. പിഴത്തുക പരിശോധകര്‍ക്ക് നേരിട്ട് നല്‍കുകയോ മോട്ടോര്‍ വാഹന വകുപ്പിന്റെ ഓഫീസില്‍ അടയ്ക്കുകയോ ചെയ്യുന്ന ഘട്ടങ്ങളിലാണ് സര്‍ക്കാരിന് ഇടപെടാന്‍ അനുവാദമുളളത്.

ഈ പഴുതാണ് കേരളം ഉപയോഗിക്കാന്‍ ശ്രമിക്കുന്നത്. കുറഞ്ഞ തുകയ്ക്ക് തൊട്ടുമുകളിലുളള തുക പിഴയായി നിജപ്പെടുത്തുന്നതാണ് ആലോചിക്കുന്നത്. അതായത് അമിത വേഗത്തില്‍ വാഹനമോടിച്ചാല്‍ പിഴ 1000 മുതല്‍ 2000 വരെയാണ്. പിടിക്കപ്പെടുന്നവര്‍ നേരിട്ട് പണമടയ്ക്കുകയാണെങ്കില്‍ 1100 രൂപ ഈടാക്കുന്ന രീതിയിലാകും മാറ്റം ആവശ്യപ്പെടുക. എന്നാല്‍ കോടതിയില്‍ അടയ്ക്കുന്ന പിഴയ്ക്ക് ഇത് ബാധമായിരിക്കില്ല. മദ്യപിച്ച് വാഹനമോടിക്കുന്നതിനുളള പിഴ കുറയ്ക്കില്ല. 10000 രൂപയാണ് മദ്യപിച്ച് വാഹനം ഓടിച്ചാല്‍ പിഴയായി ഈടാക്കുന്നത്. ഓണനാളുകളില്‍ പരിശോധന കര്‍ശനമാക്കേണ്ടതില്ലെന്നും ആലോചനയുണ്ട്. മുഖ്യമന്ത്രിയും ഗതാഗതമന്ത്രിയും ഫോണ്‍വഴി നിലവിലെ സാഹചര്യങ്ങള്‍ വിലയിരുത്തി.

കുത്തനെ ഉയര്‍ത്തിയ പിഴയ്ക്കെതിരേ സിപിഎമ്മും കോണ്‍ഗ്രസും ശക്തമായ വിയോജിപ്പ് രേഖപ്പെടുത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് കുറഞ്ഞ പിഴ ഈടാക്കിക്കൊണ്ട് റോഡ് നിയമം കര്‍ശനമായി നടപ്പാക്കാനുള്ള സാധ്യത പരിശോധിക്കണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നത്. കേന്ദ്ര നിയമത്തെ മറികടന്ന് നിയമ നിര്‍മാണത്തിലേക്ക് വന്നാല്‍ അതിന് രാഷ്ട്രപതിയുടെ അംഗീകരം വേണം. അതിനാല്‍ നിയമനിര്‍മാണത്തിലേക്ക് കടക്കാതെ പിഴ കുറച്ചുകൊണ്ട് നിയമം കര്‍ശനമാക്കാന്‍ സാധിക്കുമോയെന്നാണ് സര്‍ക്കാര്‍ പരിശോധിക്കുക.

കേരളത്തിന് പുറമേ പഞ്ചാബ്, മധ്യപ്രദേശ്, തെലങ്കാന, ഗുജറാത്ത്, ബംഗാള്‍, രാജസ്ഥാന്‍ ഉള്‍പ്പെടെയുള്ള പല സംസ്ഥാനങ്ങളും പുതിയ നിയമം നടപ്പാക്കുന്ന കാര്യം നീട്ടി വയ്ക്കാന്‍ ആലോചിക്കുന്നുണ്ട്. പുതുക്കിയ മോട്ടോര്‍ വാഹന ഭേദഗതി നിയമ പ്രകാരം സെപ്റ്റംബര്‍ ഒന്ന് മുതലാണ് പുതിയ പിഴ ശിക്ഷ സംസ്ഥാനത്ത് നടപ്പാക്കിയിരുന്നത്. ഇതുപ്രകാരം ആയിരം മുതല്‍ 25000 രൂപ വരെയാണ് വിവിധ നിയമലംഘനങ്ങള്‍ക്കുള്ള പിഴ. ജനങ്ങള്‍ക്ക് ആവശ്യമായ ബോധവത്കരണം നല്‍കാതെയാണ് സംസ്ഥാന സര്‍ക്കാര്‍ പുതുക്കിയ പിഴ വളരെ വേഗത്തില്‍ നടപ്പാക്കിയതെന്ന ആക്ഷേപവും ഉയരുന്നുണ്ട്.

Like
Like Love Haha Wow Sad Angry
Tags
Show More

Related Articles

Close
Close