FootballLatestNewsNews in BriefSports

ഇതാ അര്‍ജന്റീന. മെസ്സിപ്പട പ്രീക്വാര്‍ട്ടറില്‍

അര്‍ജന്റീനയുടെ കളികള്‍ ലോകം ഇനിയും കാണാന്‍ ഇരിക്കുന്നതേയുള്ളൂ. പ്രീക്വാര്‍ട്ടറില്‍ ശനിയാഴ്ച്ച വൈകീട്ട് 7.30ന് ഫ്രാന്‍സിനെ എതിരിടാന്‍ മെസ്സിയും അര്‍ജന്റീനയും ജീവിച്ചിരിക്കുക തന്നെ ചെയ്യുന്നു. ചിലര്‍ ജീവിച്ചിരിക്കുന്നുവെന്ന് അറിയുമ്പോള്‍ മാത്രമാണ് ഫുട്‌ബോളും അതിന്റെ സാര്‍വ്വലൗകികമായ ആവേശവും അതിജീവിക്കുക. എം.എസ് ലാല്‍ എഴുതുന്ന ഫുട്‌ബോള്‍ പരമ്പര തുടരുന്നു

പുകയുന്ന ഒരു അഗ്നിപർവ്വതം നെഞ്ചിൽ കരുതിയായിരുന്നു ഓരോ അർജന്റീനിയൻ ആരാധകനും കളി കണ്ടത്. പ്രീ ക്വാർട്ടറിൽ അർജൻറീനയ്ക്ക് എങ്ങിനെ കടക്കാം? ബാലരമയിൽ വഴി കണ്ടു പിടിക്കുകയെന്നത് പോലെ കൂട്ടിയും കിഴിച്ചും അവരിരുന്നു. നൈജീരിയയെ തോൽപ്പിക്കണം. ഐസ് ലണ്ട് തോൽക്കുന്നതും ക്രൊയേഷ്യൻ ടീംഘടനയുമൊക്കെ മെസ്സിയും സംഘവും തത്കാലം അവഗണിച്ച് തീരുമാനിച്ചുറച്ചു, നൈജീരിയയെ തോൽപ്പിക്കണം.

പ്രീ ക്വാർട്ടർ ഉറപ്പിച്ചിട്ടില്ലാത്ത ബ്രസീൽ ജർമനി ആരാധകർ അവരെ വളഞ്ഞിട്ട് പരിഹസ്സിച്ചിട്ടും ജീവിക്കുന്ന ഫുട്ബോൾ ലെജൻറ് മെസ്സിയെ മൂസ്സയുടെ കേമത്തം കാട്ടി ട്രോളിയിട്ടും ആരാധകരും കാത്തിരുന്നു. ഒടുവിൽ മെസ്സിയും റോജോയും നീലപ്പടയും സെന്റ് പീറ്റേഴ്സ് ബെർഗിൽ നൈജീരിയയെ തകർത്ത് പ്രീ ക്വാർട്ടറിലേക്ക് കടക്കുമ്പോൾ സാക്ഷാൽ ഡീഗോ മറഡോണ ഫുട്ബോൾ ഉന്മാദത്തിന്റെ പരകോടിയിലായിരുന്നു.

2018 ൽ റഷ്യയിൽ ഇതുവരെ നാം കണ്ട അർജന്റീനയല്ലായിരുന്നു ഇന്ന്. അവർക്ക് ഇന്നൊരു നായകൻ ഉണ്ടായിരുന്നു. അയാളുടെ ശരീരഭാഷയിൽ തന്നെ വിജയിയുടെ അടയാളം കൊത്തിയിരുന്നു. മധ്യനിരയിൽ നിന്നും ബെനാഗ കളി മെനഞ്ഞ് കളം നിറഞ്ഞു. ബെനാഗയുടെ പതിനാലാം മിനിറ്റിലെ സെൻറർ ലൈനിൽ നിന്നുള്ള നീളൻ ലോബ് ഏറ്റുവാങ്ങി ഡിഫൻഡറെയും ഗോളിയെയും പരാജയപ്പെടുത്തി ഗോൾ വല കുലുക്കുമ്പോൾ ഫുട്ബോൾ ലോകം മുഴുവൻ എഴുന്നേറ്റു നിന്നു. കാരണം ആ ക്ലാസ് ഗോൾ ഒരു മഹാനായ ഫുട്ബോളർക്കു മാത്രം സാദ്ധ്യമാകുന്ന ഒന്നായിരുന്നു. റഷ്യൻ ലോകകപ്പിലെ നൂറാമത്തെ ഗോൾ അങ്ങിനെ മെസ്സിയാൽ അർഹിക്കുന്ന ആദരവോടെ വല കയറിയിറങ്ങിപ്പോയി.

മെസ്സി ഗോള്‍ നേടുന്നു

നിരന്തരമായ അർജന്റീനിയൻ ആക്രമണങ്ങൾ നൈജീരിയൻ ബോക്സിൽ വന്നും പോയുമിരുന്നു. മുപ്പത്തിനാലാം മിനുട്ടിൽ മെസ്സിയുടെ മികച്ച ഒരു ഫ്രീ കിക്ക് ഗോൾ പോസ്റ്റിൽ തട്ടി പുറത്തേയ്ക്ക്. ആദ്യ പകുതി പിന്നിടുമ്പോൾ ആത്മവിശ്വാസത്തിന്റെ ആൾരൂപമായിരുന്നു ഓരോ അർജന്റീനിയൻ കളിക്കാരും പിന്നെ ആരാധകരും. രണ്ടാം പകുതിയുടെ ആദ്യ നിമിഷങ്ങൾ. എല്ലാം കീഴ്മേൽ മറിഞ്ഞത് ഇവിടെ നിന്നായിരുന്നു. മഷെറാനോയുടെ ഫൗളിനെ ചൊല്ലി തർക്കമുയർന്നും റിവ്യൂ ചെയ്തും ടർക്കിഷ് ഗോളി വക പെനാൽട്ടി അർജൻറീനയുടെ ബോക്സിൽ. പുതുമുഖ ഗോളി അർമാനിക്ക് ഒരവസരവുമില്ലാതെ അനായാസം മോസ്സസ് അത് ഗോളാക്കുന്നു. ഇരു ടീമുകളും സമനിലയിൽ.

സമനില ഗോള്‍ നേടിയ നൈജീരിയയുടെ വിക്ടര്‍ മോസസ്

നൈജീരിയ ഗോൾ നേടിയതോടെ മെസ്സിയും സംഘവും അതുവരെ കോർത്തിണക്കി നിർത്തിയ കളിയൊഴുക്കിന്റെ ചരട് പൊട്ടിവീണു. വീണ്ടും മുൻ കളികളിലെ ശരീരഭാഷയിലേക്ക് മെസ്സി തല കുമ്പിട്ടു തുടങ്ങിയിരുന്നു. അപ്പോഴേക്കും അകലെ നിന്ന് നല്ല വാർത്ത വന്നു തുടങ്ങി. ഐസ് ലണ്ടിനെതിരെ ക്രൊയേഷ്യ ഗോൾ നേടിയിരിക്കുന്നു. ജയിച്ചാൽ മാത്രം അർജന്റീന അവസ്സാന പതിനാറിൽ.

കളിയുടെ അവസ്സാന ഘട്ടത്തിൽ ആക്രമണ പ്രത്യാക്രമണങ്ങളിലേക്ക് ഇരുടീമുകളും കടക്കവേ സാം പോളിയുടെ മൂന്ന് സബ്സ്റ്റിറ്റ്യൂഷനുകൾ. കളിയുടെ വേഗം കൂട്ടാൻ കഴിവുള്ള പാവോൺ, മെസ്സ പിന്നെ അവസാന പത്ത് മിനുറ്റിലേക്ക് അഗ്യുറോയും. അപ്പോഴേക്കും ക്രൊയേഷ്യക്കെതിരെ സിർഗുഡ്സൺ ഐസ് ലണ്ടിനു വേണ്ടി ഗോൾ മടക്കിയ വാർത്തയെത്തിയിരുന്നു.

കളിയുടെ എൺപത്തിയാറാം മിനിറ്റ്. പുകൾപെറ്റ അർജന്റീനിയൻ അറ്റാക്കിംഗ് നിര പകച്ചുനിൽക്കേ മെക്കാർഡോയുടെ പന്ത് ഒട്ടും വൈകിക്കാതെ ബുള്ളറ്റ് വേഗത്തിൽ നൈജീരിയൻ വല തുളച്ച് റോജോയുടെ വിന്നിംഗ് ഷോട്ട്. രണ്ടു ഡിഫൻഡർമാർ ചേർന്നൊരു മാസ്മരിക ഗോൾ. ഇതാ ഞങ്ങൾ അർജന്റീനാ … ഞങ്ങൾ ഇവിടെ തന്നെ ഇനിയുമുണ്ട് എന്ന് ആകാശത്തേക്ക് നോക്കി ആർത്ത് വിളിയ്ക്കുന്ന അർജൻറീനിയൻ നീലക്കടൽ ഇന്ന് ഒഴുകി തീരില്ല.

ലൂക്കോ മോഡ്രിച്ചിന്റെ വാക്കുകൾ പൊന്നാകട്ടെ. മെസ്സിയില്ലാതെ എന്ത് വേൾഡ് കപ്പ്? ക്രൊയേഷ്യ മോഡ്രിച്ചിന്റെ വാക്കുകൾ പാലിച്ചു. അർജൻറീന നൈജീരിയയെ തോൽപിച്ചതും ഐസ് ലണ്ട് ക്രൊയേഷ്യയോട് തോറ്റതും ഒന്നിനെതിരെ രണ്ട് ഗോളുകൾക്കായിരുന്നു

Like
Like Love Haha Wow Sad Angry
Tags
Show More

Related Articles

Close
Close