FootballLatestNewsSportsWorld

അർജന്റീനയുടെ സമനില തെറ്റിച്ച് ഐസ്‌ലൻഡ്

ഐസ്‌ലൻഡിനോട് സമനില (1-1) വഴങ്ങേണ്ടി വന്ന അർജന്റീനയുടെ നിരാശക്കളിയെ കുറിച്ച് പ്രശസ്ത അഭിഭാഷകനും എഴുത്തുകാരനുമായ എം.എസ് ലാൽ എഴുതുന്നു

മെസ്സിയും സംഘവും അവരുടെ നീലയും വെള്ളയ്ക്കും പകരം കറുപ്പ് ജഴ്സിയുമണിഞ്ഞ് സ്പാർട്ടാക് സ്റ്റേഡിയത്തിന്റെ മദ്ധ്യത്തിലേയ്ക്കിറങ്ങുമ്പോൾ പൊതുവേ അന്ധവിശ്വാസികളായ ഫുട്ബോൾ ലോകം ഒരു ദുരന്തത്തെ ഭയന്നിരിക്കണം. ഇന്നലെ ക്രിസ്റ്റ്യാനോയുടെ മിന്നൽ പ്രകടനം തന്റെ ചുമലിൽ തൂക്കിയിട്ട ഭാരം, അതെത്ര മാത്രം ഭീകരമായ സമ്മർദ്ദമാണ് അർജന്റീനയുടെ മെസ്സിയിൽ കോരിയിട്ടതെന്ന് മെസ്സിയുടെ മുഖം വിളിച്ചു പറയുന്നുണ്ടായിരുന്നു.

ലോകം മുഴുവൻ മെസ്സിയെന്ന ഒറ്റ വിഗ്രഹത്തിന് മുന്നിൽ കണ്ണും നട്ടിരിക്കെ ഐസ് ലാൻറ് എന്ന കുഞ്ഞു രാജ്യത്തിന് കുറച്ചു മാത്രം വരുന്ന അവരുടെ ജനതയ്ക്ക് വേണ്ടി ഒരു സമനില മാത്രം മതിയായിരുന്നു. മറ്റ് നൂറോളം വിജയങ്ങളേക്കാളും മൂല്യമുള്ള സാക്ഷാൽ ലയണൽ മെസ്സിയുടെ ടീമിനൊപ്പം നില്ക്കാവുന്ന സമനില. ഒരു പക്ഷെ, ആ സമനിലയ്ക്ക് വേണ്ടി ഫുട്ബോൾ എന്ന വശ്യവും ഭാവനാസമ്പന്നവുമായ കവിതയെ ഐസ് ലാൻറുകാർ വികൃതമാക്കിയിരിക്കാം. പക്ഷെ ചരിത്രത്തിൽ ഇടം പിടിക്കുന്നത് ഗോളുകളും റിസൾട്ടും മാത്രമാണ്.

കളി ജയിക്കാൻ മെസ്സിയെ പൂട്ടണമെന്ന ഹെയ്മർ ഹാൽഗ്രിംസണിന്റെ നിർദ്ദേശം പ്രതിരോധത്തിൽ ഹാൽഫ്രെഡ്സന്റെയും റാഗ്നർ സിഗർ ഡോസന്റെയും നേതൃത്വത്തിൽ അവർ കൃത്യമായി നടപ്പാക്കി. ആറടിയിലധികം ഉയരമുള്ള മൂന്നും നാലും ഡിഫന്റർമാർക്കിടയിൽ മെസ്സിക്ക് തന്റെ സ്വാതന്ത്ര്യം നഷ്ടപ്പെടുകയും മിഡ്ഫീൽഡുമായുള്ള കൊടുക്കൽ വാങ്ങലുകൾ തടസ്സപ്പെടുകയും ചെയ്തതോടെ കളി വിരസമായി. മെസ്സിയിൽ ശ്രദ്ധ കേന്ദ്രീകരിക്കപ്പെട്ടപ്പോൾ സ്വതന്ത്രമായി കളിക്കാൻ അവസരം കിട്ടിയ അഗ്യൂറോയ്ക്കും കൂട്ടുകാർക്കും പക്ഷെ ഐസ് ലാൻഡ് പ്രതിരോധത്തെ തകർക്കാനുള്ള മൂർച്ചയില്ലായിരുന്നു.

പതിനെട്ടാം മിനിട്ടിൽ അഗ്യൂറോ നേടിയ മികച്ച ഗോളിനു ശേഷം അർജൻറീനയുടെ പോസ്റ്റിൽ ഐസ് ലാൻഡ് നടത്തിയ തുടർ ആക്രമണങ്ങളെ പ്രതിരോധിയ്ക്കുന്നതിൽ പറ്റിയ പിഴവിൽ നിന്ന് ആൽഫ്രഡ് ഫിൻബൊഗസൺ ഗോൾ വല കുലുക്കുമ്പോൾ ഐസ് ലാൻറ് അവരുടെ അന്തിമ ലക്ഷ്യം നേടിയിരുന്നു. പാസ്സുകളുടെ എണ്ണം കൊണ്ട് അർജൻറീന ഐസ് ലാൻറ്കാരേക്കാൾ ബഹുദൂരം മുന്നിലായിരുന്നെങ്കിലും അന്തിമപാസ്സുകൾക്ക് ഐസ് ലാൻറ് പ്രതിരോധ മതിലിൽ തട്ടി തെറിക്കാനായിരുന്നു വിധി.

ഗോൾ നേടിയ അഗ്യൂറോയുടെ ആഘോഷം

മെസ്സിയെടുത്ത നിരവധി ഫ്രീകിക്കുകൾ, അനവധി കോർണറുകൾ ഒന്നും ഗോൾകീപ്പർ ഹാൽഡർസണെ കടന്ന് വലതൊട്ടില്ല. ചില മിന്നുന്ന സേവുകൾ വഴി ഈ കളിയിലെ താരം ഹാൽഡർസൺ തന്നെയായിരിക്കണം. നാൽപത്തിയൊന്നാം മിനിറ്റിൽ ഐസ് ലാൻറ് ഡിഫൻററുടെ കൈ പന്തിൽ കൊണ്ടതിന് അർജൻറീനയുടെ പെനാൽട്ടി ആവശ്യം പോളിഷ് റഫറി തളളിയതിനെ തുടർന്ന് ആദ്യ പകുതി അവസാനിക്കുന്നതിന് മുമ്പ് സിഗുർഡ്സന്റെ മികച്ച ഒരു ഷോട്ട് ഗോൾ പോസ്റ്റിന് അരികിലൂടെ പുറത്തേയ്ക്ക്.

ലോംഗ്ത്രോ ചെയ്യുന്നതിൽ പേരുകേട്ട ഗുന്നാർസൺ പലപ്പോഴും ഉയരം കൂടിയ ഐസ് ലാൻറ് കളിക്കാർക്ക് ഗോൾ പോസ്റ്റിനടുത്തേക്ക് പന്ത് എത്തിച്ചു കൊടുത്തു കൊണ്ടിരുന്നു. അർജൻറീനയുടെ ഉയർത്തിയടിച്ച പന്തുകൾ ഉയരത്തിന്റെ ആനുകൂല്യം ഉപയോഗിച്ച് ഐസ് ലാൻറുകാർ എളുപ്പത്തിൽ ക്ലിയർ ചെയ്തു കളഞ്ഞു.

അമ്പത്തിയഞ്ചാം മിനുറ്റ്. അർജന്റീനിയൻ തെരുവിൽ നിന്നും ലോകത്തിന്റെ ഓരോ കോണിലെയും ഒരു കാലഘട്ടത്തിന്റെ കലാപ യൗവ്വനങ്ങൾ ഹൃദയം ചേർത്തുവെച്ച കാൽപ്പന്ത് കളിയുടെ ദൈവം. സാക്ഷാൽ ഡീഗോ മറഡോണയുടെ ചിത്രം സ്റ്റേഡിയത്തിൽ. ചുരുട്ട് വലിച്ച് അഭിവാദ്യം ചെയ്ത ദൈവത്തിന് കാണികളുടെ പ്രത്യഭിവാദ്യം . ആവേശമേറ്റെടുത്ത് അർജൻറീനയുടെ തുടർ ആക്രമണങ്ങൾ. ഒടുവിൽ അർജൻറീന കാത്തിരുന്നത് സംഭവിച്ചു. പെനാൽറ്റി ബോക്സിലെ ഫൗളിന് പെനാൽറ്റി . പെനാൽറ്റി എടുക്കുന്നത് ലോകത്തെ ഏറ്റവും മികച്ച ഫിനിഷർ ക്യാപ്റ്റൻ ലയണൽ മെസി. തന്റെ ഇടങ്കാൽ ഷോട്ട് കൃത്യമായി വായിച്ചെടുത്ത് ഗോൾകീപ്പർ ഹാൽഡർസൺ തന്റെ വലത് വശത്തേക്ക് ഡൈവ് ചെയ്ത് തട്ടിയകറ്റിയപ്പോൾ മെസ്സി തല താഴ്ത്തി നിന്നു. ലോകത്തിന്റെ നെറുകയിൽ നിന്ന് ഒറ്റനിമിഷം കൊണ്ട്‌ ദുരന്ത നായകന്റെ വേഷപകർച്ചയിലേക്ക്.

അർജൻറീനയുടെ സുന്ദരമായ തുടർ പാസുകൾ പക്ഷെ പോസ്റ്റിന് മുന്നിൽ ഐസ് ലാൻറിന്റെ ഒൻപത് കളിക്കാരും ചേർന്ന് അവസാനിപ്പിക്കുന്ന കാഴ്ച ഫുട്ബോൾ എന്ന കലയുടെ വേദനിക്കുന്ന ചിത്രമായിരുന്നു. അർജൻറീനയുടെ ഹാഫിൽ ഗോളി കാബെല്ലറോ മാത്രം ഒറ്റപ്പെട്ട് നിന്നു. ഇതിനിടയിൽ ചില സബ്സ്റ്റിറ്റ്യൂഷനുകൾ. ക്യാപ്റ്റൻ ഗുന്നാർസണും ഗോൾ നേടിയ ഫിൻ ബൊഗാസണും.  പകരക്കാർ ഗ്രൗണ്ടിലേയ്ക്ക്. മെസ്സയ്ക്ക് പകരം ഹിഗ്വയ്ൻ.

ഒടുവിൽ ഇഞ്ചുറി ടൈമിന്റെ അവസാന നിമിഷം കിട്ടിയ ഫ്രീ കിക്ക് എടുക്കാൻ മെസ്സിയെത്തുമ്പോൾ അർജൻറീനിയൻ ആരാധകരുടെ മനസ്സിൽ ക്രിസ്റ്റ്യാനോയുടെ ഗോൾ മിന്നി മറഞ്ഞിരിക്കണം. പക്ഷേ മെസ്സിയുടെ ഷോട്ട് ഐസ് ലാൻറ് മതിലിൽ തട്ടി പുറത്തേക്ക് പോയപ്പോൾ റഫറിയുടെ അന്തിമ വിസ്സിൽ മുഴങ്ങിയിരുന്നു.

ഇന്ന് ബ്യൂണസ് അയേഴ്സ് ഉറങ്ങില്ല. വിജയത്തിൽ കുറയാത്ത അടുത്ത മത്സരം. അതുവരെ അവർ ഉറങ്ങാതിരിക്കട്ടെ!

Like
Like Love Haha Wow Sad Angry
Tags
Show More

Related Articles

Close
Close