FootballLatestNewsNews in BriefSportsWorld

ഗുഡ് ബൈ അർജൻറീന ഗുഡ് ബൈ ജൂൺ 21

മറുപടിയില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് അര്‍ജന്റീന ക്രൊയേഷ്യയുടെ മുമ്പില്‍ ഇല്ലാതായി. മറഡോണയില്‍ തുടങ്ങി ബാറ്റിസ്റ്റിയൂട്ട, കനീഗിയ, റിക്വല്‍മി, പിന്നെ മഷെറാനോയിലൂടെ മെസ്സിയില്‍ ആ അര്‍ജന്റീനിയന്‍ ഉന്മാദം ഒരുപക്ഷേ അവസാനിക്കുകയാകാം. പ്രശസ്ത അഭിഭാഷകനും എഴുത്തുകാരനുമായ എം.എസ് ലാല്‍ എഴുതുന്നു

 

ർജൻറീന ഡു ഓർ ഡൈ മത്സരത്തിൽ ക്രൊയേഷ്യയെ നേരിടുന്നു. ചരിത്രം മെസ്സിയുടെ അർജൻറീനയ്ക്കൊപ്പം. ജൂൺ 21 ന് നടന്ന അഞ്ച് ലോകകപ്പ് മത്സരങ്ങളിലും അവർ തോറ്റിട്ടില്ല. പരമ്പരാഗത ജഴ്സിയിൽ ടീം കളത്തിലിറങ്ങിയപ്പോൾ സ്റ്റേഡിയം ഇരമ്പിയാർത്തു വിളിച്ചു. പക്ഷെ, കളിയ്ക്കും മുൻപേ തോറ്റവന്റെ ശരീരഭാഷയായിരുന്നു അവർക്ക്. നായകൻ മെസ്സി അതിസമ്മർദ്ദത്താലാകണം നെറ്റിയുഴിഞ്ഞു കൊണ്ടേയിരുന്നു. അർജൻറീനയുടെ രണ്ട് കുന്തമുനകൾ; മെസ്സിയും അഗ്യൂറോയും. ഗോളിലേക്ക് ലക്ഷ്യം വെച്ച ആദ്യ ഷോട്ട് മെസ്സിയടിക്കുന്നത് കളിയുടെ അറുപത്തിനാലാം മിനുട്ടിൽ മാത്രം!

ഒന്നാം പകുതിയുടെ അവസാന ഇരുപത്തിയൊന്നു മിനിറ്റിലും ഇഞ്ചുറി ടൈമിലും അഗ്യൂറോയെന്ന ഏക സ്ട്രൈക്കർക്ക് പന്ത് തൊടാൻ പോലും കിട്ടിയില്ല. പ്രതിരോധത്തിന്റെ ബാലപാഠങ്ങൾ പോലും മറന്ന് ഓട്ടമെൻഡിയും മെർക്കാഡോയും ക്രൊയേഷ്യൻ കളിക്കാരോട് വഴക്കിട്ട് നടന്നു. തുള വീണ ഡിഫൻസിന് പുറകിൽ താനാരെന്നും തന്റെ ജോലിയെന്തെന്നും അറിയാതെ ലോകകപ്പ് മെസ്സിക്ക് സമ്മാനിക്കാൻ തുണ വന്ന നിലവാരമില്ലാത്ത ഗോൾകീപ്പർ കാബല്ലെറോ, മെർക്കാഡോയ്ക്ക് ഉയർത്തി കൊടുത്ത പന്ത് ഉന്നം തെറ്റി ക്രൊയേഷ്യൻ വിംഗർ റെബിക്കിന്റെ കാൽക്കൽ എത്തിയ അമ്പത്തിമൂന്നാം മിനിറ്റിൽ ആ പന്ത് മനോഹരമായി വലയുടെ വലതുകോർണറിലേക്ക് പതിക്കുമ്പോൾ അർജന്റീന തോൽവി സമ്മതിച്ചിരുന്നു.

കളിയുടെ ഇരുപതാം മിനുറ്റിലും ഇതേ അലസത കാബല്ലറോ കാണിച്ചിരുന്നു. കളിയുടെ തുടക്കം മുതൽ അർജൻറീനിയൻ കളിക്കാരെ പ്രകോപിപ്പിച്ച് സമ്മർദത്തിലാക്കുകയെന്നതായിരുന്നു ക്രൊയേഷ്യൻ നയം. ഇരു ടീമുകളും പരസ്പരം മത്സരിച്ച് ഫൗൾ ചെയ്യാൻ തുടങ്ങിയതോടെ കളി തികച്ചും പരുക്കനും അരോചകവുമായി മാറി. മെസ്സിയടക്കമുള്ളവർ പലവട്ടം നിലത്ത് വീണു. അർജന്റീന ഇരുപത്തിരണ്ട് ഫൗളുകൾക്കാണ് വിധേയരായത്. ക്രൊയേഷ്യ പതിനാറ് ഫൗളുകൾക്കും.

അർജന്റീന ഗോൾ മടക്കാൻ ശ്രമിക്കുമ്പോൾ കൗണ്ടർ അറ്റാക്കുകളിലൂടെ റാക്കിറ്റിക്കും മോഡ്രിച്ചും കാബെല്ലറോയെ വിറപ്പിച്ചു കൊണ്ടിരുന്നു. ഹിഗ്വയിനും ഡിബാലയും പാവോണും ഒക്കെ പകരക്കാരായി ഇറങ്ങിയിട്ടും ക്രൊയേഷ്യൻ വല മാത്രം കുലുങ്ങിയില്ല. ഒടുവിൽ എൺപതാം മിനിറ്റിൽ ലൂക്കോ മോഡ്രിച്ചിന്റെ വലംകാൽ ലോംഗ് റേഞ്ചർ വായുവിൽ വളഞ്ഞ് വലതു പോസ്റ്റിനുള്ളിലേക്ക് കയറുമ്പോൾ കാബല്ലറോ നിസ്സഹായനായിരുന്നു. ടൂർണമെന്റിലെ തന്നെ മികച്ച ഗോളുകളിൽ ഉൾപ്പെടുന്ന ക്ലാസ് അതിനുണ്ടായിരുന്നു.

പരുക്കൻ അടവുകളും അർജൻറീനയുടെ അന്തിമ ആക്രമണവും ക്രൊയേഷ്യൻ ഹാഫിൽ നടക്കുമ്പോൾ തന്റെ പ്രതിരോധക്കാരെ നഷ്ടപ്പെട്ട് ഏകനായ ഗോൾകീപ്പർ കാബറെല്ലോയുടെ പോസ്റ്റിലേക്ക് റാക്കിറ്റിച്ച് അടിച്ച പന്ത് ഗോളി തട്ടിയകറ്റിയത് വീണ്ടും കൊവാസിക്ക് റാക്കിറ്റിച്ചിന് നൽകുമ്പോൾ തട്ടി പോസ്റ്റിനുള്ളിൽ എത്തിക്കുകയെന്നത് മാത്രമേ ചെയ്യാനുണ്ടായിരുന്നുള്ളൂ. തൊണ്ണൂറ്റിയൊന്നാം മിനിറ്റിൽ അർജൻറീനയുടെ വലയിൽ ഈ അവസാനത്തെ ആണിയുമടിക്കുമ്പോൾ അർജന്റീനിയൻ ഡിഫൻസ് ഓഫ് സൈഡ് പ്രതീക്ഷിച്ചു നിൽക്കുകയായിരുന്നു.

ഒടുവിൽ മെസ്സിയുടെ അവസാന ശ്രമം ക്രൊയേഷ്യയുടെ ഒരു മഞ്ഞക്കാർഡുമാത്രമായി മാറിയപ്പോൾ പൊട്ടിക്കരയുന്ന നീലക്കടലിനെ നോക്കാതെ ലോകത്തിന് മുൻപിൽ തല കുമ്പിട്ട് നായകൻ മടങ്ങുമ്പോൾ കാലം ഏറെ മാറിയിരിക്കുന്നു. ലാറ്റിനമേരിക്കൻ കാൽപന്ത് കളിയുടെ കാൽപ്പനിക സൗന്ദര്യം നിലച്ചു. മറഡോണയെന്ന ദൈവം കാൽക്കീഴിലാക്കിയ നീലവരക്കുപ്പായക്കാരുടെ ലോകമെങ്ങുമുള്ള ആരാധക ഹൃദയങ്ങളെ ഈ മെസ്സിയും സംഘവും അത്രമേൽ വേദനിപ്പിച്ചിരിക്കുന്നു.

മറഡോണയിൽ തുടങ്ങി ബാറ്റിസ്റ്റ്യൂട്ട, കനീഗിയ, റിക്വൽമി പിന്നെ മഷെറാനോയിലൂടെ മെസ്സിയിൽ ആ അർജന്റീനിയൻ ഫുട്ബോൾ ഉന്മാദം ഒരു പക്ഷെ അവസ്സാനിക്കയാകാം. ഇനി ദൈവത്തിന്റെ വിരൽ സ്പർശവുമായി മറ്റൊരു മറഡോണ ബ്യൂണസ് അയേഴ്സിൽ നിന്ന് ബൂട്ടുകെട്ടുംവരെ ഗുഡ് ബൈ അർജന്റീന!

Like
Like Love Haha Wow Sad Angry
Tags
Show More

Related Articles

Close
Close