FootballLatestNewsNews in BriefSports

മെസ്സിയെ പുറത്താക്കി അർജൻറീനിയൻ ഡിഫൻഡർമാർ

ലോകകപ്പില്‍ നിന്ന് അര്‍ജന്റീനയെ പുറത്താക്കിയത് അര്‍ജന്റീനയുടെ തന്നെ പ്രതിനായകരായി മാറിയ പ്രതിരോധനിരയാണ്. 4-3ന് ഫ്രാന്‍സ് ക്വാര്‍ട്ടര്‍ഫൈനലിലേക്ക് കുതിച്ച കളിയുടെ കഥയും അര്‍ജന്റീനയുടെ കദനവും പങ്കുവയ്ക്കുന്നു പ്രശസ്ത അഭിഭാഷകനും എഴുത്തുകാരനുമായ എം.എസ് ലാല്‍

മെസ്സിക്ക് ചുവപ്പു കാർഡ് നല്കിയത് റഫറിയല്ല. അവസാനമായി ലോകകിരീടം നേടി വിട പറയാമെന്ന മഷെറാനോയുടെയും മെസ്സിയുടെയും മോഹം ചവിട്ടിക്കെടുത്തിയത് അർജൻറീനയുടെ എക്കാലത്തെയും മോശം പ്രതിരോധ നിര.

ഭാവനാശൂന്യവും നിരുത്തരവാദപരവുമായ പ്രതിരോധ വീഴ്ചകളിലൂടെ ഒട്ടാമെൻഡി, റോഹോ, ടാഗ്ലിഫിയോക്കോ ഫാസിയോ എന്നിവർ ഫ്രഞ്ച് നിരയെ തങ്ങളുടെ പോസ്റ്റിൽ അഴിഞ്ഞാടുവാൻ തുറന്നിട്ടിരിക്കുകയായിരുന്നു. യാതൊരു ആത്മവിശ്വാസവുമില്ലാത്ത അർമാനിയെന്ന മൂന്നാം ഗോളിയെ പിന്നിൽ നിർത്തി തങ്ങളുടെ ബോക്സിന് സമീപം പാസ്സും ബാക്ക് പാസ്സും കളിച്ച് ബോൾ പൊസ്സഷൻ അറുപത്തൊന്ന് ശതമാനമാക്കിയാൽ കളി ജയിക്കുമെന്ന് ഈ ഡിഫൻഡർമാരോടും മധ്യനിരയോടും ആരാണ് പറഞ്ഞു പറ്റിച്ചത്?

ബോക്സിലേക്ക് വരുന്ന അപകടകരമായ ഫ്രഞ്ച് മുന്നേറ്റങ്ങളെ ക്ലിയർ ചെയ്ത് അകറ്റാതെ തങ്ങളുടെ ഡ്രിബ്ലിംഗ് പാടവം കാണിക്കുവാനുള്ള അവസരമാക്കാനും പുറത്തേക്ക് പോകുന്ന പന്തിന് പിന്നാലെ ഓടുന്ന ഫ്രഞ്ച് സ്ട്രൈക്കറെ വെറുതെ തൊഴിച്ച് പെനാൽട്ടി സമ്മാനിക്കുന്നതും എന്തായാലും അർജൻറീനയെയും മെസ്സിയെയും ജയിപ്പിക്കാനുള്ള നീക്കമല്ലെന്ന് മനസ്സിലാക്കാനുള്ള പഠിപ്പെങ്കിലും തികഞ്ഞില്ലേ ആർക്കെങ്കിലും?

നൈജീരിയക്കെതിരെയെന്ന പോലെ പെനാൽട്ടി കിക്കെടുക്കും മുൻപേ ഒരു വശത്തേക്ക് ചാടി വീഴാൻ തുടങ്ങുന്ന ഒരു അർമാനിയെന്ന അർജന്റീനിയൻ ശുദ്ധൻ കാവൽ നില്ക്കേ അന്റോണിയോ ഗ്രീസ്മാൻ എങ്ങനെ ഇത്ര അനായാസം ഗോളടിക്കാതിരിക്കും! അനാവശ്യവും അബദ്ധജടിലവുമായ ഫൗളിലൂടെ റോഹോ നൈജീരിയക്കെതിരായ മത്സരത്തിലെ ഗോളിലൂടെ നേടിയ നായക പരിവേഷം കളഞ്ഞ് കുളിച്ച് വെറുക്കപ്പെട്ടവനായി മാറിയിരുന്നു.

അർമാനിയും ഡിഫൻഡർമാരും തമ്മിലുള്ള പന്തിന്റെ കൊടുക്കൽ വാങ്ങലുകൾ വഴിതെറ്റി ഫ്രഞ്ച് കാൽക്കീഴിലെത്തുന്ന കാഴ്ച അർജൻറീനയുടെ ആരാധകരെ മുൾമുനയിൽ നിർത്തിക്കൊണ്ടിരിക്കേ നാല്പത്തിയൊന്നാം മിനുറ്റിൽ ബനേഗയുടെ സുന്ദരമായ ക്രോസ് ഗോൾ പോസ്റ്റിന്റെ മുപ്പത്തിയഞ്ച് വാരയകലെ നിന്നും ഡി മരിയയുടെ കനത്ത ഷോട്ടായി വലയുടെ വലതു മേൽമൂല തുളച്ചുകയറുമ്പോൾ ഗാലറിക്കൊപ്പം ഫുട്ബോൾ ലോകം മുഴുവൻ പൊട്ടിത്തെറിച്ചു.

ഇടവേളയ്ക്കു ശേഷം രണ്ടാം പകുതിയുടെ നാൽപത്തിയെട്ടാം മിനിറ്റിൽ ലോകം നോക്കി നിന്ന ഒരു ഇടം കാലിൽ നിന്നും രണ്ട് ഫ്രഞ്ച് ഡിഫൻഡർമാരെ കബളിപ്പിച്ച് പറന്ന പന്ത് മെർക്കാഡോയുടെ കാലിൽ തട്ടി അകത്തേക്ക് കയറുമ്പോൾ ഗോളി ലോറിസ്‌ നിസ്സഹായനായിരുന്നു. മെർക്കാഡോയുടെ കാലുകൾ വഴി ആ ഗോളിലേക്ക് ഇടം കാൽ കരുതി വെച്ച മെസ്സിയും അർജൻറീനയും ഇനി പരാജയപ്പെടില്ലെന്ന് ആരാധകർ ആശിച്ച നിമിഷങ്ങൾ.

ഫ്രഞ്ച്കാർ പക്ഷെ അവിടെ തുടങ്ങുകയായിരുന്നു. കളിയുടെ അമ്പത്തിയാറാം മിനുട്ട് വരെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് മുന്നിൽ നിന്ന മുൻ ലോക ചാമ്പ്യന്മാരുടെ വലയിൽ കേവലം പന്ത്രണ്ട് മിനുട്ടിനിടയിൽ എണ്ണം പറഞ്ഞ മൂന്ന് ഗോളുകൾ അടിച്ച് കയറ്റിയ ഫ്രഞ്ച് യുവാക്കളായ പവാർഡും എമ്പാപ്പെയും അർജന്റീനയുടെ പ്രതിരോധപ്പിഴവിനെ അർഹിക്കുന്ന രീതിയിൽ ഉപയോഗപ്പെടുത്തിയെന്നതാണ് വാസ്തവം.

ലിലിയൻ തുറാമിനു ശേഷം ലോകകപ്പിൽ ഒരു ഫ്രഞ്ച് ഡിഫൻഡർ നേടുന്ന ആദ്യത്തെഗോളിലൂടെ പവാർഡ് അത്ഭുതപ്പെടുത്തി. എമ്പാപ്പെയെന്ന പുതിയ കൗമാര വിസ്മയം ഫ്രാൻസിന്റെ ഏറ്റവും കരുതൽ ആവശ്യമുള്ള വജ്രായുധമായിരിക്കണം. അതുകൊണ്ടുതന്നെയാകണം ഗ്രീസ് മാനൊപ്പം എമ്പാപ്പെയെയും അടുത്ത മത്സരത്തിലേക്ക് വേണ്ടി ദെഷാംപ്സ് സ്നേഹപൂർവ്വം പിൻവലിച്ചത്. ഒരു പക്ഷെ ഇരുവർക്കും പകരക്കാരെ ഇറക്കാതെ കളി തുടർന്നിരുന്നുവെങ്കിൽ, ഏക സ്ട്രൈക്കർ ഗിറൂഡിന് പകരം ഡെമ്പെലെയെ ഇറക്കിയിരുന്നുവെങ്കിൽ ഫ്രഞ്ച് മാർജിൻ ഇതിലും ഭീമമാകുമായിരുന്നു.

രണ്ടു ഗോളുകൾക്ക് പിന്നിൽ നിൽക്കേ തിരിച്ചടിക്കാനുള്ള ശ്രമങ്ങൾക്കിടയിൽ പെരെസിന് പകരം ഇറങ്ങിയ അഗ്യൂറോ ഇഞ്ചുറി ടൈമിലെ മൂന്നാം മിനുറ്റിൽ അതിശക്തമായ ഒരു ഹെഡർ വഴി മൂന്നാം ഗോൾ നേടുമ്പോൾ അതിന്റെ പിന്നിലെ കൃത്യതയാർന്ന ക്രോസ്സ് മെസ്സിയുടേതായിരുന്നു. ഒരു വേള, അർജന്റീനയുടെ ജഴ്സിയിൽ മെസ്സിയുടെ അവസാന അസ്സിസ്റ്റിൽ ഗോൾ എന്ന ഭാഗ്യം അഗ്യൂറോക്ക് ആയിരിക്കാം.

ഒരു കാര്യം ശരിയാണ്. തോറ്റത് പ്രായം കിതപ്പിച്ചു തുടങ്ങിയ അർജന്റീനയാണ്. ജയിച്ചതോ നവയൗവ്വനത്തിന്റെ കാല്പനികതയും വശ്യതയും ചാലിച്ച് കാൽപന്തിനെ സിദാന്റെ മാന്ത്രിക ലോകത്തെത്തിക്കാൻ കഴിവുണ്ടെന്ന് തെളിയിച്ച ഫ്രഞ്ച് പടയും.

തോൽവിയിലും അർജന്റീനയ്ക്ക് അഭിമാനിക്കാം; പൊരുതി തന്നെയാണ് വീണത് എന്നതിൽ. ഒപ്പം തലകുനിച്ചത് ജൂലായ് 15ന് ലുഷ്നിക്കിയിൽ കിരീടമുയർത്തിയേക്കാവുന്ന നെപ്പോളിയന്റെ പിന്മുറക്കാരുടെ മുന്നിലാണെന്നതിലും. മെസ്സിക്കും മഷെറാനോയ്ക്കും കിട്ടാതെ പോയ ലോക കിരീടം തേടി 2022 ൽ ഖത്തറിലേക്ക് ഡിബാലയും സംഘവും വരും വരെ നന്ദി അർജൻറീന.

Like
Like Love Haha Wow Sad Angry
Tags
Show More

Related Articles

Close
Close