EntertainmentKeralaLifeLocalSamskara

കവിതയുടെ പന്ഥാവിൽ ഒരു പോലീസ് ഇൻസ്‌പെക്ടർ

By Web Desk

തൃശ്ശൂര്‍ പോലീസ് അക്കാദമിയില്‍ ഐജി അലക്‌സാണ്ടര്‍ ജേക്കബ് IPS ജോയിന്‍റ് ഡയറക്ടർ ആയിരുന്ന കാലം. എസ്‌ഐ സെലക്ഷന്‍ ലഭിച്ച 2003 ബാച്ചിന്‍റെ പരിശീലനം നടക്കുന്നു. ഒരു മധ്യാഹ്നത്തിൽ ശ്രീ അലക്സാണ്ടർ ജേക്കബ് ആംഫി തിയേറ്ററിൽ സബ് ഇൻസ്‌പെക്ടർമാരും വനിതാ പോലീസുകാരും ഉൾപ്പെടുന്ന അഞ്ഞൂറോളം പേരുടെ മുൻപിൽ പ്രഭാഷണം നടത്തുകയാണ്.

തോളിന് മുകളിലേക്ക് തോക്ക് ഏറ്റിപ്പിടിച്ച് വിയര്‍ത്തുകുളിച്ചുള്ള പരിശീലനത്തിനിടയിൽ ട്രെയിനികള്‍ക്ക് ഒരാശ്വാസം ആയിരുന്നു അറിവിന്റെ നിറകുംഭമേന്തിയ അദ്ദേഹത്തിന്‍റെ പ്രഭാഷണങ്ങൾ. ചാനലുകളില്‍ അതേ സമയം ഐജി അലക്‌സാണ്ടര്‍ ജേക്കബ് IPS രാഷ്ട്രപതിയുടെ മെഡലിന് അര്‍ഹനായത് ഫ്‌ളാഷ് ന്യൂസായി മിന്നിത്തെളിഞ്ഞു. വിവരം അറിഞ്ഞ ട്രെയിനിങ് ചാർജുള്ള ഡിവൈഎസ്പി എബ്രഹാം, തിങ്ങിനിറഞ്ഞ സദസ്സിൽ ഒരറ്റത്തിരുന്ന എസ് ഐ ട്രെയിനികളിൽ ഒരാൾക്ക് അടുത്തെത്തി ചെവിയിൽ പറഞ്ഞു:

‘അലക്‌സാണ്ടര്‍ സാറിന് ഇപ്പോൾ അദ്ദേഹത്തിന്‍റെ പ്രസംഗം കഴിഞ്ഞാലുടന്‍ ഇവിടെ ഒരു അനുമോദനച്ചടങ്ങ് സംഘടിപ്പിക്കുന്നുണ്ട്. നീ അദ്ദേഹത്തെക്കുറിച്ച് ഒരു നാലു വരി എഴുതി അവതരിപ്പിക്കണം.’

ഉച്ചഭാഷിണിയിലൂടെ ഉയർന്നു പൊങ്ങുന്ന വാഗ്ധോരണിക്കൊപ്പം, ഒരു മരച്ചുവട്ടിൽ ഇരുന്ന് ആറടിപ്പൊക്കവും ഒത്ത തടിയുമുള്ള ചെറുപ്പക്കാരന്‍ പതിനഞ്ചുമിനിറ്റ് കൊണ്ട് നാല് വരികൾക്ക് പകരം ഇരുപതു വരി കവിത എഴുതി. അനുമോദനച്ചടങ്ങിനിടെ അനൗണ്‍സ്‌മെന്റ് വന്നു. ‘അടുത്തതായി നമ്മുടെയെല്ലാം പ്രിയങ്കരനായ ഐജിയുടെ പുരസ്‌കാരലബ്ധിയില്‍ അഭിനന്ദനം അര്‍പ്പിച്ചുകൊണ്ട്, എസ് ഐ ട്രെയിനി നമ്പർ 8. ജി. സുനില്‍കുമാര്‍ ഇപ്പോൾ എഴുതിയ കവിത അവതരിപ്പിക്കുന്നു.’ ഇരുപത്തെട്ടുകാരനായ സുനില്‍ എന്ന പുനലൂര്‍ക്കാരന്‍ ആ കവിത ചൊല്ലി.
“നമോവാകം ഗുരുനാഥാ” എന്ന ആദ്യ വരിയിൽ നിന്നും
വാക്കുകള്‍ക്കും വരികള്‍ക്കുമപ്പുറം
പൂത്തുനില്‍ക്കുമീ വിജ്ഞാന വൃക്ഷത്തില്‍ നി-
ന്നൂര്‍ന്നു വീണിടും ഓരോ ദളത്തിലും
ആര്‍ത്തിരമ്പുന്നതറിവിന്‍റെ സാഗരം….” എന്ന വരിയിൽ എത്തിയപ്പോൾ സദസ്സ് കയ്യടി തുടങ്ങി.

കീർത്തി മുദ്രകൾക്കങ്ങൊരു കീർത്തിയായ്, 
ശക്തി നൽകുവോർക്കങ്ങൊരു ശക്തിയായ്
ദേശകാല പ്രയാണത്തിനപ്പുറം
കത്തി നിൽക്കട്ടെ ഉജ്വല സൂര്യനായ്” എന്ന് സുനിൽ ചൊല്ലി അവസാനിപ്പിച്ചപ്പോൾ വേദിയും സദസ്സും എഴുന്നേറ്റു നിന്നു.

ഐജി അന്ന് ഹൃദയപൂര്‍വ്വം അഭിനന്ദിച്ച് അതിന്‍റെ ഒരു പകര്‍പ്പ് സുനില്‍കുമാറില്‍ നിന്ന് വാങ്ങി. ഡിവൈഎസ് പി എബ്രഹാം ചേർത്ത് നിർത്തി അഭിനന്ദിച്ചു..

കവിതയുടെ തീരാത്ത കടല്‍ത്തിരകള്‍ മനസ്സില്‍ ഇപ്പോഴുമുള്ള അന്നത്തെ സുനില്‍ ഇപ്പോള്‍ തിരുവനന്തപുരം കാട്ടാക്കടയിലെ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറാണ്. 16 വര്‍ഷത്തെ സര്‍വ്വീസിനിടയില്‍ വിവിധ സിനിമകള്‍ക്കും മറ്റുമായി മുപ്പതോളം ഗാനങ്ങളെഴുതി. വിജയ് യേശുദാസ്, മധു ബാലകൃഷ്ണന്‍, ബിജു നാരായണന്‍, സുദീപ്, രാജലക്ഷ്മി, ഡോ.പന്തളം ബാലന്‍ തുടങ്ങിയ പ്രഗത്ഭരും പ്രമുഖരുമായ പ്രതിഭകള്‍ ഈ പോലീസുകാരന്‍റെ കവിത തുളുമ്പുന്ന വരികള്‍ക്ക് സ്വരം പകര്‍ന്നു. സംഗീത പ്രതിഭകളായ ജയ വിജയന്മാരില്‍ ജയന്‍ സുനിലിന്‍റെ രണ്ടു ഗാനങ്ങൾക്ക് ഈണം പകരുകയും ചെയ്തു.

കവിതയും ഗാനങ്ങളും അനുനിമിഷം മനസ്സില്‍ തിരയടിക്കുന്ന ഒരു പോലീസുകാരന്റെ സര്‍ഗ്ഗാത്മക മനസ്സിന്റെ ഒരു വശം മാത്രമാണിത്. ആ വശത്തിരുന്നുകൊണ്ട്
പീലി വാതിൽ ഞാൻ ചാരിയില്ല
എൻ മിഴി പാതിയോളം തുറന്നേ കിടക്കവേ…
മരണമേ നീ കവർന്നെടുത്തെന്നെ നിൻ
ചിറകിലേറ്റി പറക്കുന്നതെവിടേയ്‌ക്ക്‌ ” എന്ന് എഴുതുമ്പോഴും
മറുവശത്ത് മറ്റൊരു കാഴ്ച്ചയുണ്ട്. ജോലിയിലെ കൃത്യനിഷ്ഠയും ചടുലതയും ആത്മസമര്‍പ്പണവും കൊണ്ട് തെളിയിച്ചെടുത്ത കേസുകളുടെയും പിടിച്ച കുറ്റവാളികളുടെയും ചരിത്രമാണത്. റെയ്ഡുകള്‍ക്കും പോലീസ് ഓപ്പറേഷനുകള്‍ക്കും എന്നും മുന്നില്‍ നിന്ന് നയിക്കുന്ന സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍. പ്രതികളോട് കണിശമായ പരുക്കന്‍ ഭാവത്തില്‍ പെരുമാറുമ്പോഴും മനശ്ശാസ്ത്രപരമായി അവരെ കീഴടക്കി പ്രശ്‌നപരിഹാരത്തിന് ശ്രമിക്കുന്ന മനുഷ്യസ്‌നേഹി. ഇങ്ങനെ വിവിധ മുഖങ്ങളുണ്ട് ജി. സുനില്‍കുമാര്‍ എന്ന ഈ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറിന്.

പുനലൂരിലെ ചെറുകടവ് ഗ്രാമത്തിലായിരുന്നു സുനില്‍കുമാര്‍ ജനിച്ചുവളര്‍ന്നത്. അമ്മ ശാന്തമ്മ പഴയകാല നാടന്‍പാട്ടുകളും കവിതകളും ചൊല്ലിക്കൊടുക്കുമായിരുന്നു. ഒമ്പതാംക്ലാസ്സില്‍ പഠിക്കുമ്പോള്‍ മുതല്‍ കൂട്ടുകാരൊക്കെ പാടുന്ന സിനിമാപ്പാട്ടുകള്‍ കേട്ട് അപ്പോള്‍തന്നെ അവയ്ക്ക് പാരഡി ചമച്ച് മറുപാട്ട് പാടുന്ന സ്വഭാവമുണ്ടായിരുന്നു. പ്രിഡിഗ്രി കാലം മുതല്‍ക്കാണ് സാഹിത്യത്തോടും കലകളോടും സംഗീതത്തോട് പ്രത്യേകിച്ചുമുള്ള താല്പര്യം തോന്നിത്തുടങ്ങിയത്. പ്രൈവറ്റായി പഠനം നടത്തിയിരുന്ന അക്കാലത്ത് ചെറിയ തോതില്‍ കവിതകൾ എഴുതിത്തുടങ്ങി

ഡിഗ്രി പഠനകാലമായപ്പോഴേക്കും കവിയരങ്ങുകളിലൊക്കെ പങ്കെടുക്കാന്‍ തുടങ്ങി. പഠനം കഴിഞ്ഞ് അധികം വൈകാതെയാണ് എസ്‌ഐ സെലക്ഷന്‍ കിട്ടിയത്. പോലീസ് പരിശീലനകാലത്തെ രാത്രികളില്‍ തുരുതുരാ കവിതകളും ഗാനങ്ങളും എഴുതി. പക്ഷേ അവയൊന്നും സൂക്ഷിച്ചുവയ്ക്കുന്ന ശീലമില്ലായിരുന്നു.സൗഹൃദ സദസ്സുകളിൽ സാഹചര്യമനുസരിച്ചു നിമിഷ കവിതകൾ സൃഷ്ടിച്ചു ചൊല്ലി.

അഞ്ചലിലായിരുന്നു ആദ്യ നിയമനം. അവിടെയും ലാത്തിയ്ക്കും ബൂട്ടിനും തോക്കിനുമൊപ്പം കവിതയും സുനില്‍കുമാറില്‍ സദാ അറ്റന്‍ഷനായി നിന്നു. പോലീസുകാരുടെ സ്ഥിരം ഭാഷാപ്രയോഗങ്ങളും സംസാരശൈലികളും പ്രമേയമാക്കിക്കൊണ്ട് അക്കാലത്ത് എഴുതിയ ഒരു കവിത സഹപോലീസുകാരില്‍ പലരും ഇപ്പോഴും ഓര്‍ത്തുചൊല്ലാറുണ്ടെന്ന് സുനില്‍കുമാര്‍ പറഞ്ഞു:

സ്ലോ പാമിലെന്‍ തോളി
ലമരുന്ന തോക്കിനോ
ടൊരു കൊച്ചു കിന്നാരമോതി…’ എന്നിങ്ങനെയായിരുന്നു ആ കവിതയുടെ തുടക്കം. കവിതയുടെ വരവിന് പ്രത്യേക സമയം എന്നൊന്നില്ല. ഡ്യൂട്ടി സമയത്തും മനസ്സില്‍ കവിത വരും. പക്ഷേ അപ്പോള്‍ തന്നെ എഴുതില്ല. രാത്രി വീട്ടിലെത്തിയിട്ടേ എഴുതൂ. എങ്കിലൂം ഡ്യൂട്ടി സമയത്ത് കവിത മനസ്സില്‍ തോന്നിയാല്‍ അതിന്‍റെ ഗുണം ജോലിയില്‍ കാണാന്‍ കഴിയുമെന്ന് സുനില്‍കുമാര്‍ പറയുന്നു. ശീലം കൊണ്ട് എല്ലാറ്റിനെയും പരുക്കന്‍ ഭാവത്തില്‍ കാണുന്നതിന് പകരം മനസ്സില്‍ കവിതയുണ്ടെങ്കില്‍ മനുഷ്യരെ വെറും കുറ്റവാളികള്‍ മാത്രമായി കാണാന്‍ തോന്നിപ്പിക്കുന്നതിനു പകരം അവരെയും മനുഷ്യരായി സമീപിക്കാന്‍ തോന്നുമെന്നതാണ് അതിന്‍റെ ഗുണം.

44 വയസ്സുള്ള ഈ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ മുൻപ് ഫെയ്‌സ് ബുക്കില്‍ കവിതകൾ കുറിച്ചിരുന്നു. എഴുത്തിനെ ഗൗരവമായി കണ്ട് തുടങ്ങിയതോടെ ഫേസ്ബുക്കിൽ എഴുത്തു നിർത്തി. കൂടുതല്‍ രചനകള്‍ക്കായി ജോലി സമയം കഴിഞ്ഞുള്ള നേരങ്ങള്‍ മാറ്റിവയ്ക്കുന്നുണ്ട് സുനില്‍കുമാര്‍.

കവിത-ഗാന രചനകള്‍ക്ക് പുറമേ, അഭിനയത്തിലും താല്പര്യമുള്ള സുനില്‍കുമാര്‍ പോലീസ് വേഷത്തില്‍ തന്നെ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ആറ്റിങ്ങല്‍ സിഐ ആയിരുന്നപ്പോള്‍ സ്റ്റുഡന്‍റ് പോലീസ് കേഡറ്റ്സിന്‍റെ ട്രെയിനിങ്ങിൽ സജീവ സാന്നിധ്യമായിരുന്നു. അന്ന് നാലു Spc സ്‌കൂളുകള്‍ സുനിലിന്റെ കീഴിലായിരുന്നു. അവയില്‍ മൂന്നു സ്‌കൂളുകള്‍ക്ക് വേണ്ടി നിർമിച്ച മൂന്ന് ഷോര്‍ട്ട് ഫിലിമുകളിലും ചെറുതല്ലാത്ത വേഷങ്ങൾ ചെയ്ത സുനില്‍കുമാറിലെ അഭിനേതാവിനെ പലരും തിരിച്ചറിഞ്ഞു. അവയില്‍ ഒരു ചിത്രത്തിന് രണ്ടു ഗാനങ്ങളുടെ രചനയും നിർവഹിച്ചു.

തിരുവനന്തപുരത്തെയും പത്തനംതിട്ടയിലെയുമൊക്കെ ചില ക്ഷേത്രങ്ങളില്‍ നാം കേള്‍ക്കുന്ന ഭക്തിഗാനങ്ങളില്‍ ചിലത് എഴുതിയിട്ടുള്ളത് ഈ പോലീസുകാരന്റെ അനുഗ്രഹീതമായ വിരലുകളാണ്.

ആറ്റിങ്ങല്‍ അയിലം മഹാദേവ ക്ഷേത്രം, വെഞ്ഞാറമൂട് പണിമൂല ക്ഷേത്രം,
പത്തനംതിട്ട മലയാലപ്പുഴ ക്ഷേത്രം എന്നിവയ്‌ക്കൊക്കെ വേണ്ടി ഭക്തിഗാനരചന നടത്തിയിട്ടുമുണ്ട് തോക്കും ലാത്തിയും പിടിക്കുന്ന തയമ്പുള്ള ഈ കൈകള്‍. മഹാദേവര്‍ മണ്‍ ക്ഷേത്രത്തിന് വേണ്ടി 9 പാട്ടുകളാണ് സുനില്‍കുമാര്‍ എഴുതിയിട്ടുള്ളത്. ഇതിനെല്ലാം പുറമേ വിവിധ സിനിമകള്‍ക്കുവേണ്ടിയും പാട്ടുകളെഴുതി.

സംസ്ഥാന വിജിലന്‍സ് വകുപ്പിന്‍റെ ഓണാഘോഷത്തിന് വേണ്ടി ജി. സുനില്‍കുമാര്‍ എഴുതിയ ഓണപ്പാട്ട് ഹിറ്റായിരുന്നു:

പൂ .. പ്പൂവിളി അത്തപ്പൂക്കളമാര്‍പ്പോവിളി ചിങ്ങനിലാവ്
ഓലക്കുടയമ്പിളിവട്ടം ആമോദത്തെന്നലിലാട്ടി
തിരുവോണക്കോടിയുടുത്ത് വരവായി നാടിന്‍ തമ്പ്രാന്‍
പുന്നെല്ലിന്‍ സദ്യയൊരുക്ക് ഊഞ്ഞാലില്‍ ചില്ലയിൽ മുട്ട് ….
കളളപ്പറനാഴികള്‍ കണ്ടാല്‍ വിജിലന്‍സില്‍ ഉടനെ വിളിക്ക്”… ആറ്റിങ്ങൽ പാർത്ഥസാരഥിയുടെ സംഗീതത്തിലുള്ള രസകരമായ ഈ ഗാനം ആ വര്‍ഷത്തെ ടൂറിസം വാരാഘോഷത്തിന്റെ ഭാഗമായുള്ള ഘോഷയാത്രയിലെ വിജിലൻസ് ഡിപ്പാർട്മെന്റിന്റെ പ്ലോട്ടിലെ പശ്ചാത്തല ഗാനമായി മാറി.

ഇപ്പോള്‍ പരുമല പള്ളിയ്ക്ക് വേണ്ടിയാണ് ഈ പോലീസ് ഇന്‍സ്‌പെക്ടര്‍ ഇടവേളകളുടെ സര്‍ഗ്ഗാത്മക നിമിഷങ്ങളില്‍ എഴുതുന്നത്. രതീഷ് വേഗയാണ് സംഗീത സംവിധായകന്‍. ഇതുവരെ എഴുതിയ കവിതകളെല്ലാം ചേര്‍ത്ത് സമാഹാരമായി പ്രസിദ്ധീകരിക്കണമെന്നതാണ് സുനില്‍കുമാറിന്റെ ആഗ്രഹം.

സര്‍വീസില്‍ 16 വര്‍ഷവും ജീവിതത്തില്‍ 44 വര്‍ഷവും പൂര്‍ത്തിയാക്കിയ കവിയും ഗാനരചയിതാവും അഭിനേതാവുമായ ഈ നിയമപാലകന് അടൂരിലെ ‘ഭാവയാമി’യെന്ന് പേരുള്ള വീട്ടിലെത്തിയാല്‍ മമത കൃഷിയോടാണ്. രാത്രി പതിനൊന്ന് മണിക്കാണ് വീട്ടിലെത്തുന്നതെങ്കില്‍ പോലും വീടിന് ചുറ്റുമുള്ള കൃഷിയിടങ്ങള്‍ക്ക് വെള്ളം പാകിയിട്ട് മാത്രമേ സുനില്‍ ഉറങ്ങാറുളളൂ. ഭാര്യ ജാസ്മിനും മക്കളായ നിയയും ദിയയും അച്ഛനിലെ കൃഷിക്കാരനെയും കവിയെയും ഗാനരചയിതാവിനെയും വിട്ടുവീഴ്ചകളില്ലാത്ത നിയമപാലകനെയും ഒരേ പോലേ സ്‌നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നു.

പോലീസ് സേനയുടെ ഭാഗമായി സേവനമനുഷ്ഠിക്കാന്‍ കഴിഞ്ഞതുകൊണ്ടുമാത്രമാണ് സര്‍ഗ്ഗാത്മകതയുടെയും സാഹിത്യത്തിന്‍റെയും മേഖലയിലും തനിക്ക് ശോഭിക്കാന്‍ കഴിയുന്നുണ്ടെങ്കില്‍ അതിന് കാരണമെന്ന് ജി. സുനില്‍കുമാര്‍ പറഞ്ഞു: ”നീതി തേടി വരുന്ന സാധാരണക്കാരായ മനുഷ്യരുടെ വൈകാരിക പ്രശ്‌നങ്ങളുമായാണ് ഞാന്‍ നിത്യവും ഇടപഴകുന്നത്. പരാതികൾക്കപ്പുറം വികാരങ്ങൾ തോൽക്കാൻ മടിക്കുന്ന ഓരോ വ്യക്തിയുടെയും മനസ്സ് കാണുമ്പോൾ ഉള്ളിലെ അഹന്തയുടെ മുനകളിൽ മെഴുക്കു പുരളാറുണ്ടെന്നും ആർദ്രത നിറയാറുണ്ടെന്നും” ഈ കവി പറയുമ്പോൾ വിശ്വസി ക്കാതിരിക്കാൻ നിർവാഹമില്ല. ഒരര്‍ത്ഥതത്തിൽ നിർവികാരമല്ലാത്ത ഒരു കവി മനസ്സിന്‍റെ വികാരത്തള്ളിച്ചയാവാം ഈ കവിതകൾ…

Like
Like Love Haha Wow Sad Angry
21
Tags
Show More

Related Articles

Close
Close