EnviromentKeralaLatestLifeNewsNews in Brief

സങ്കടപ്രളയത്തിന്‍റെ നൂറു ദിനങ്ങള്‍

കേരളം ഒരിക്കല്‍ക്കൂടി ഓര്‍ക്കാന്‍ പോലും ഇഷ്ടപ്പെടാത്ത പ്രളയദുരന്തം സംഭവിച്ചിട്ട് 100 ദിവസം പൂര്‍ണ്ണമാവുന്നു. ടിവി സംസ്‌കാര കേരളത്തിന്റെ വിവിധ ഭാഗങ്ങളിലൂടെ യാത്ര ചെയ്ത് നടത്തിയ അന്വേഷണ പരമ്പരയ്ക്ക് ഇന്ന് തുടക്കമാവകുയാണ്. എറണാകുളം പറവൂരിലെ സിജുവെന്ന യുവാവിന്റെ കുടുംബത്തെ പ്രളയവും കടലും ചേര്‍ന്ന് ഇല്ലാതാക്കിയതിന്റെ അനുഭവവും നീതിക്കും സഹായത്തിനുമായുള്ള കാത്തിരിപ്പുമാണ് ഇന്ന് ആദ്യം.

കടലും പ്രളയവും കവര്‍ന്നെടുത്ത ജീവിതം

റിപ്പോര്‍ട്ട്: ധ്യാന്‍ ശ്യാം

പ്രളയകാലത്ത് കേരളത്തില്‍ ഏറ്റവുമധികം കണ്ണീരൊഴുകിയ വീടുകളിലൊന്ന് ഒരുപക്ഷേ എറണാകുളം പറവൂര്‍ മാല്യങ്കരയിലെ തറയില്‍ പ്രകാശന്റെ വീടായിരിക്കും. കടലില്‍ അപകടത്തില്‍ മരിച്ച യുവാവായ കുടുംബനാഥന്റെ സഞ്ചയനദിവസം അസ്ഥിപെറുക്കല്‍ കര്‍മ്മം കഴിഞ്ഞയുടന്‍ കുഴിമാടത്തിന് മുകളിലൂടെ പ്രളയജലം കയറി വീട്ടിലേക്ക് പാഞ്ഞെത്തുകയും ഭാര്യയും കുഞ്ഞുമക്കളുമടങ്ങുന്ന കുടുംബത്തിന് പ്രാണരക്ഷാര്‍തഥം അതേദിവസം തന്നെ തോളറ്റം വെള്ളത്തില്‍ കുഞ്ഞുങ്ങളെ ഉയര്‍ത്തിപ്പിടിച്ച് നീന്തി ദുരിതാശ്വാസ ക്യാമ്പില്‍ പോകേണ്ടിയും വന്ന ദുര്‍വിധിയുടെ സങ്കടക്കഥയാണ് ഈ കുടുംബത്തിന്റേത്.

പ്രളയത്തിന് ദിവസങ്ങള്‍ക്ക് മുമ്പ് ഈ കുടുംബത്തിലെ ഗൃഹനാഥനായിരുന്ന സിജു ടിപി എന്ന നാല്പത്തിരണ്ടുകാരന്‍ മത്സ്യബന്ധനത്തിനിടെ മുനമ്പം കടലില്‍ വച്ച് കപ്പലിടിച്ച് മരിക്കുകയായിരുന്നു. സിജു ഡ്രൈവറായിരുന്ന ഓഷ്യാനസ് എന്ന മത്സ്യബന്ധനബോട്ടില്‍ എംവി ദേശഭക്തി എന്ന കപ്പലിടിച്ചുണ്ടായ അപകടത്തിലായിരുന്നു സിജുവിന്റെ ജീവന്‍ കടലെടുത്തത്.

തകര്‍ന്ന് മുങ്ങിയ ബോട്ടിലെ മത്സ്യത്തൊഴിലാളികള്‍ പ്രാണരക്ഷാര്‍ത്ഥം പുറംകടലില്‍ ക്കിടനന്ന് നിലവിളിച്ചത് കണ്ടിട്ടും കപ്പലിലെ ജീവനക്കാര്‍ കാണാത്ത ഭാവത്തില്‍ പോയി എന്ന ആരോപണം സജീവമായിരുന്നു. സിജുവിന്റെ ഭാര്യ സാജിതയ്ക്കും പറക്കമുറ്റാത്ത രണ്ടു കുട്ടികള്‍ക്കും നീതി ലഭിക്കണം എന്ന ആവശ്യം ഒറ്റയ്ക്കും തെറ്റയ്ക്കും മാധ്യമങ്ങള്‍ ചര്‍ച്ച ചെയ്യുകയും ചെയ്തിരുന്നു. അതിനിടയിലാണ് അസ്ഥിസഞ്ചയനദിവസം തന്നെ സിജുവിന്റെ കുഴിമാടത്തെപ്പോലും തുടച്ചുനീക്കിക്കൊണ്ട് പ്രളയം ഇവരുടെ വീട്ടിലേക്ക് കുതിച്ചെത്തിയത്.

സിജു മാത്രമായിരുന്നു കുടുംബത്തിന്റെ ഏക ആശ്രയം. അച്ഛന്‍ തറയില്‍ പ്രകാശന് വര്‍ഷങ്ങള്‍ക്കുമുമ്പ് തൊഴിലിനിടെ കൈപ്പത്തികള്‍ നഷ്ടമായിരുന്നു.

കേരളമമെങ്ങും പ്രളയം പടര്‍ന്നപ്പോള്‍, പ്രളയാനുഭവത്തിന്റെയും അതിജീവനത്തിന്റെയും കഥകള്‍ നിറഞ്ഞപ്പോള്‍ ഭര്‍ത്താവിനെ കടലെടുത്ത തീരാസങ്കടത്തിലിരുന്ന ഈ കുടുംബത്തെ പ്രളയവും തീരാക്കയത്തിലാക്കിയ വാര്‍ത്ത ചര്‍ച്ച ചെയ്യപ്പെടാതെ പോയി.

ജോലി ചെയ്യാന്‍ കഴിയാത്ത ഭര്‍തൃപിതാവായ പ്രകാശനും ഹൃദ്രോഗിയായ ഭര്‍തൃമാതാവ് ബേബിയും പിന്നെ ഈ കുരുന്നുകളും. ഇടിച്ചിട്ടും നിര്‍ത്താതെ പോയെന്ന് ആരോപിക്കപ്പെടുന്ന കപ്പല്‍ അധികൃതരില്‍ നിന്നുള്ള നഷ്ടപരിഹാരവും സ്വന്തമായൊരു ജോലിയുമാണ് സജിതയുടെ അതിജീവനത്തിനുള്ള ആഗ്രഹങ്ങള്‍. മക്കളെ മടിയിലിരുത്തിക്കൊണ്ട് സാജിത ആ ആഗ്രഹം നിറകണ്ണുകളോടെ പറഞ്ഞു.

ഗൗതംകൃഷ്ണയെന്നും കൃഷ്ണവേണിയെന്നും പേരുള്ള സിജുവിന്റെ കുട്ടികള്‍ ഇന്ന് അച്ഛന്റെ വേര്‍പാടിന്റെ യാഥാര്‍ത്ഥ്യം മനസ്സിലാക്കിയിരിക്കുന്നു. അമ്മയെ ആശ്വസിപ്പിക്കാന്‍ പോലുമുള്ള പക്വതയിലേക്ക് ഈ കുട്ടികളുടെ മനസ്സ് ഉയര്‍ന്നിരിക്കുന്നു. കപ്പല്‍ ദുരന്തവും പ്രളയദുരന്തവും കുഞ്ഞുപ്രായത്തില്‍ കണ്ട കുരുന്നുകള്‍ക്ക് മനസ്സില്‍ അതിജീവനത്തിന്റെ ചൈതന്യമുണ്ടാകട്ടെ എന്നാണ് ആഗ്രഹം.

സിജുവിന്റെ കുഴിമാടത്തിന് മുകളില്‍ പ്രളയാനന്തരം ഇപ്പോള്‍ ചെറുപുല്‍നാമ്പുകള്‍ മുളച്ചുതുടങ്ങിയിരിക്കുന്നു. കാര്യമൊന്നുമറിയാത്ത ഒരു കുഞ്ഞുപൂച്ച അതിനുമുകളിലൂടെ കുസൃതിക്കളികള്‍ കളിച്ചുകൊണ്ടിരുന്നു. ജീവിതത്തിന്‍െ കൊടിപ്പടം താഴ്ത്താന്‍ മൃത്യവിനും പ്രളയത്തിനും കഴിയില്ല എന്ന് ഈ കുട്ടികള്‍ക്ക് മനസ്സിലാവണം. അതിന് അവരെ പ്രാപ്തരാക്കേണ്ടത് സര്‍ക്കാരും സന്നദ്ധസംഘടനകളുമാണ്. ഒപ്പം പത്താംക്ലാസ് വിദ്യാഭ്യാസയോഗ്യതയുള്ള സാജിതയ്ക്ക് ഒരു ജോലി എന്ന ആവശ്യം നിറവേറ്റാന്‍ കഴിയുന്ന കാരുണ്യമുള്ള ഒരു സര്‍ക്കാരും ഉണ്ടാവണം. പ്രളയത്തിന് നൂറു ദിവസം പൂര്‍ണ്ണമാവുമ്പോള്‍ ഇതേ പോലുള്ള ആവശ്യങ്ങളുടെ കണ്ണീര്‍ പ്രളയത്തിന് കേരളത്തില്‍ ഇപ്പോഴും അറുതിയായിട്ടില്ല.

Like
Like Love Haha Wow Sad Angry
3
Tags
Show More

Related Articles

Close
Close