EnviromentKeralaLatestLife

പ്രളയകാലത്തെ അണ്ണാറക്കണ്ണന്മാര്‍

സിഗ്നേച്ചര്‍ മീഡിയ പ്രൈവറ്റ് ലിമിറ്റഡ് ചെയര്‍ പേഴ്സണ്‍ സന്ധ്യ ആനന്ദ് എഴുതുന്നു

രൊറ്റ പ്രളയം കൊണ്ട് അതിജീവനത്തിന്‍റെ സകലപാഠാവലിയും പഠിച്ചുതീര്‍ത്തുവെന്ന് അഭിമാനിച്ചിരുന്ന മലയാളിയുടെ നിറുകയിലേയ്ക്ക് ആകാശം പിളര്‍ന്നെത്തിയ പ്രളയമഴ അതിന്‍റെ മുഴുവന്‍ പ്രഹരശേഷിയും ഉപയോഗിച്ച് കേരളത്തെ നിലംപരിശാക്കിയിരിക്കുന്നു. ഒന്നും നാം പഠിച്ചിരുന്നില്ല എന്ന് തെളിയിച്ചുകൊണ്ട് മനുഷ്യര്‍ പ്രാണരക്ഷാര്‍ത്ഥം ഇത്തവണയും എങ്ങോട്ടെന്നില്ലാതെ പാഞ്ഞു.ആരെയാണ് രക്ഷിക്കേണ്ടത്, എങ്ങനെയാണ് രക്ഷിക്കേണ്ടത് എന്നറിയാതെ അസ്തപ്രജ്‍ഞരായി മനുഷ്യര്‍ നിലവിളിച്ചുകൊണ്ടിരുന്നു.

എങ്കിലും ആദ്യപ്രളയകാലത്തെന്ന പോലെ ഇത്തവണയും മനുഷ്യര്‍ സ്വാര്‍ത്ഥതയില്ലാത്ത മഹാസ്നേഹത്തിന്‍റെ പ്രതിരൂപങ്ങളായി ആദ്യത്തെ സ്തബ്ധതയില്‍ നിന്ന് വിമുക്തരായി കര്‍മ്മോന്മുഖരായി. ഭരണ, പ്രതിപക്ഷ, കക്ഷിരാഷ്ട്രീയ, ജാതി, മത, വര്‍ണ്ണ ഭേദങ്ങളില്ലാതെ ഇത്തവണയും മനുഷ്യര്‍ കേരളത്തെ ഭൂപടത്തില്‍ നിന്ന് പ്രകൃതിക്ക് മായ്ചുകളയുവാന്‍ കഴിയാത്ത ഈശ്വരന്‍റെ തനത് നാടായി നിലനിര്‍ത്തി.

മണ്ണടിഞ്ഞ മനുഷ്യരുടെ ഓര്‍മ്മകളാണ് ഇനി നമ്മുടെ അതിജീവനത്തിന്‍റെ അടിസ്ഥാന ശില. അംഗഭംഗം വന്നും മുറിവേറ്റും, ബന്ധുക്കളെയും മക്കളെയും അച്ഛനമ്മമാരെയും ഉറ്റവരെയും ഉടയവരെയും നഷ്ടപ്പെട്ട് ജീവിതത്തിലേയ്ക്ക് കഷ്ടിച്ച് തിരികെ വന്നവരുടെ പുനരുജ്ജീവനമാണ് ഇനി നമ്മുടെ മുന്നിലുള്ളത്. ആവാസസ്ഥലവും വീടുകളും നഷ്ടപ്പെട്ടവരുടെ പുനരധിവാസമാണ് ഇനിയും നമ്മുടെ ബൃഹദ് ദൗത്യം.

ഒപ്പം, ഇപ്പോഴും മഴക്കെടുതി തുടരുന്നയിടങ്ങളില്‍ ഇടതടവില്ലാതെ രക്ഷാപ്രവര്‍ത്തനവും ദുരിതാശ്വാസ പ്രവര്‍ത്തനവും നടത്തിക്കൊണ്ടിരിക്കുന്ന നിഷ്കാമകര്‍മ്മികളെയും ഈ നിമിഷങ്ങളില്‍ നാം മനുഷ്യത്വത്തിന്‍റെ മഹോന്നതിയില്‍ പ്രതിഷ്ഠിച്ചുകൊണ്ട് പ്രോത്സാഹിപ്പിക്കേണ്ടിയിരിക്കുന്നു.

പക്ഷേ, അക്ഷരങ്ങള്‍ കൊണ്ടുള്ള ഈ പ്രോത്സാഹനമര്‍പ്പിക്കലും കൃതജ്ഞത പ്രകടിപ്പിക്കലും കൊണ്ട് തീര്‍ന്നു എന്ന് കരുതാവുന്നതാണോ നമ്മളില്‍ പലരുടെയും കടമകള്‍. തീര്‍ച്ചയായും അല്ല. പ്രശസ്ത ചിന്തകനും പ്രഭാഷകനുമായിരുന്ന പ്രൊഫ. എം. എന്‍. വിജയന്‍മാഷ് പറഞ്ഞ വാക്കുകള്‍ ഓര്‍മ്മ വരികയാണ്.

”വ്യക്തിത്വത്തെ, അഹങ്കാരത്തെ അസ്തമിപ്പിക്കുന്നു എന്നതാണ് വലിയ വിപത്തിന്‍റെ ഔഷധവീര്യം. സഹാനുഭൂതി കൊണ്ട് അത് ഒറ്റയാന്മാരെ ഒരുമയില്‍ ലയിപ്പിക്കുന്നു. സ്വാര്‍ത്ഥത്തിന്‍റെ വരമ്പുകള്‍ പ്രളയം പുഴക്കിയെറിയുന്നു. സ്വയം രക്ഷിക്കാന്‍ കഴിയാത്തവര്‍ മറ്റുള്ളവരെ രക്ഷിക്കാന്‍ തിടുക്കം കൂട്ടുന്നു. ഇപ്പോഴെല്ലാം കൊടുക്കുവാനുള്ളതാണ്. നിങ്ങളുടെ ഭക്ഷണം, വസ്ത്രം, പണം, ഒന്നും നിങ്ങളുടേതല്ല. ഇപ്പോള്‍ നിങ്ങളുടെ വീട് നിങ്ങള്‍ക്കു മാത്രം പാര്‍ക്കുവാനുള്ളതല്ല. ഈ ഭൂമി നിങ്ങള്‍ക്കു മാത്രം ജീവിക്കുവാനുള്ളതല്ല”

അതുകൊണ്ട്, പ്രളയത്തിന്‍റെ പ്രഹരമേറ്റ ഈ കേരള മണ്ണിലെ മനുഷ്യരെ നമ്മള്‍ക്കും സഹായിക്കാം. രക്ഷാപ്രവര്‍ത്തനം നടത്താനോ വലിയ തുക സംഭാവന നല്‍കാനോ കഴിഞ്ഞില്ലെങ്കിലും മറ്റു രീതിയില്‍ ചെയ്യാന്‍ കഴിയുന്ന വലിയ സംഭാവനകളുണ്ട്. തന്നാലാവുന്ന വിധം സഹായിക്കാന്‍ കഴിയുന്ന അണ്ണാറക്കണ്ണന്മാരാവുക നമ്മള്‍.

വിനോദയാത്രകള്‍ക്ക് വേണ്ടി മാറ്റിവച്ച ഒരു ദിവസത്തെ നമ്മള്‍ക്ക് സഹായ യാത്ര എന്ന് പുനര്‍നാമകരണം ചെയ്യാം. ഏതെങ്കിലും ദുരിതാശ്വാസ ക്യാമ്പിലോ, കെടുതി അനുഭവിച്ചവരുടെ വീട്ടിലോ പോകാം. അവര്‍ക്കൊപ്പം അവരുടെ സങ്കടത്തിനൊപ്പം അല്പനേരം ഇരിക്കാം. നാം വീട്ടില്‍ നിന്ന് ഉണ്ടാക്കിക്കൊണ്ടുപോയ ഒരു നേരത്തെ ആഹാരം അവര്‍ക്ക് കൊടുക്കാം. അല്ലെങ്കില്‍, പോകുന്ന വഴി കടയില്‍ നിന്ന് വില കൊടുത്തു വാങ്ങിയ പുതിയൊരു കമ്പിളിപ്പുതപ്പ് അവര്‍ക്ക് നല്‍കാം. അതുപോലെ എന്തും. അവരുടെ കഷ്ടജീവിതത്തിന്‍റെ തോരാത്തണുപ്പിനെ കുറച്ചെങ്കിലും പ്രതിരോധിക്കാന്‍ അതിനു സാധിക്കട്ടെ.

കൂടുതല്‍ കൂടുതല്‍ മനുഷ്യരാവാനുള്ള അവസരമാകട്ടെ പ്രകൃതി ശിക്ഷയായി നല്‍കുന്ന ഓരോ ദുരന്തവും.

Like
Like Love Haha Wow Sad Angry
109
Tags
Show More

Related Articles

Close
Close