EnviromentKeralaLifeSamskara

പിറക്കാനുള്ള പുതിയ കേരളം

പരിസ്ഥിതി ചലച്ചിത്ര സംവിധായകനും എഴുത്തുകാരനുമായ അലിഫ് ഷാഹ് എഴുതുന്നു

കേരളപ്പിറവി എന്ന വാക്കിനും നവ കേരള സൃഷ്ടി എന്ന സങ്കൽപത്തിനുമെല്ലാം സവിശേഷമായ അർത്ഥതലങ്ങൾ രൂപപ്പെട്ടു കൊണ്ടിരിക്കുന്ന സമയത്താണ് മറ്റൊരു നവംബർ ഒന്ന് കൂടി നമ്മുടെ മുന്നിലൂടെ ഇപ്പോള്‍ കടന്നുപോകുന്നത്. നാനാത്വത്തിൽ ഏകത്വം എന്ന് തിലകക്കുറി അണിഞ്ഞു നിൽക്കുന്ന ഒരു രാജ്യം എങ്ങിനെയെല്ലാം പൗരന്മാരെ ‘ഞങ്ങൾ നിങ്ങൾ’ എന്ന് വിഭജിക്കാൻ കഴിയുമോ എന്ന കാരണങ്ങൾ നോക്കി നടക്കുമ്പോൾ; വിഭാഗീയതയുടെ ഭൂപടങ്ങൾ മാറ്റി വരക്കാൻ പഴുതു തിരയുമ്പോൾ ഭാഷാ അടിസ്ഥാനത്തിൽ രൂപപ്പെട്ട ഒരു വൃത്തത്തിനകത്തിരുന്നു നമുക്കെന്തൊക്കെ പറയാനാകും, ചെയ്യാനാകും എന്നുള്ളതിന് പ്രസക്തിയുണ്ട്.

ഭാഷാപരമായ മിഥ്യാഭിമാനമാണ് നമ്മളെ ‘നാം കേരളീയർ’ എന്ന ചേർത്തുപിടിക്കൽ കൊണ്ട് ഉദ്ദേശിക്കുന്നതെങ്കിൽ അത്തരം മേന്മാ വാദങ്ങൾക്ക് മത വംശീയ ഭാഷാ മൗലിക വാദങ്ങളെക്കാൾ അത്ര പ്രസക്തിയൊന്നുമില്ല. ഞങ്ങൾ ശ്രേഷ്ഠർ ഞങ്ങളുടെ വരേണ്യർ എന്നിങ്ങനെയുള്ള ഗർവുകളിൽ പടുത്തുണ്ടാക്കേണ്ടതല്ല ഒരു ദേശഭക്തിയും. ഭരണ സൗകര്യത്തിനു വേണ്ടി ഒരു ജനാധിപത്യ വ്യവസ്ഥിതിയിൽ അതിന്റെ ഫെഡറൽ സംവിധാനത്തിനകത്ത് രാജ്യത്തെ വിവിധ സംസ്ഥാനങ്ങളായി രൂപീകരിക്കുന്നതിന് ഭാഷയും ഒരു കാരണമാകുന്നു എന്നതിലപ്പുറം രണ്ടു ദേശങ്ങൾക്കിടയിൽ വ്യത്യസ്ത വിഭാഗങ്ങൾക്കിടയിൽ ഭിന്നിപ്പിന്റെ കളങ്ങളായി വേറിട്ട് വരക്കാനുള്ള ഒരു അടയാളമായി ഭാഷയെ ഉപയോഗിക്കുന്നതും ഭാഷ ഒരു അപര വൽക്കരണ ഇമേജായി മാറുന്നതും അത്യന്തം അപകടകരമാണ്.

സമൂഹത്തിനിടയിൽ “നീ മാറി നിൽക്കൂ” എന്ന ആജ്ഞകളുടെ ഒളി അജണ്ടകൾ പലരൂപത്തിൽ പല വിഭാഗങ്ങൾ പ്രസരിപ്പിച്ചുകൊണ്ടേ ഇരിക്കുന്ന കാലത്ത് അവയയോട് കലഹിക്കുന്ന പുതിയൊരു കേരളത്തിന്റെ പിറവിയെ നാം കാത്തിരിക്കേണ്ടതുണ്ട്. മഴുവെറിഞ്ഞുണ്ടായ കേരളമെന്ന സങ്കൽപ്പവും പാതാളത്തിലേക്ക് ചവിട്ടി ത്താഴ്ത്തപ്പെട്ട നന്മയുടെ ഉടൽരൂപത്തിന്റെ ഓർമ്മയാഘോഷങ്ങളും ഒരു മിത്തായി തന്നെ സ്വീകരിച്ചുകൊണ്ട് അതിന്റെ വിശ്വാസ പരിസരങ്ങളെ നോവിക്കാതെ നമ്മൾ കേരളത്തിന്റെ ചരിത്രത്തെ കുറിച്ച് ചർച്ച ചെയ്യേണ്ടതുണ്ട്. അതിന്റെ ഭാവിയെ കുറിച്ച് ആശങ്കപ്പെടുകയും സ്വപ്നം കാണുകയും ചെയ്യേണ്ടതുണ്ട്.

അലിഫ് ഷാ ഒരു കാനന യാത്രയ്ക്കിടയില്‍

ഒരു പ്രളയം കൊണ്ട് തകർന്നത് കുറച്ച് ഭൂവിഭാഗങ്ങൾ മാത്രമല്ല നമ്മുടെ ഗർവ്വഗോപുരങ്ങൾ കൂടിയായിരുന്നു. നമ്മൾ ഉയർത്തിക്കെട്ടിയ മതിലുകൾ കൂടിയായിരുന്നു. അഹിന്ദുക്കൾക്ക് പ്രവേശനമില്ലാതിരുന്ന, അമുസ്ലിം വിശ്വാസികൾ കയറാൻ പാടില്ലാതിരുന്ന ആലയങ്ങളൊക്കെ അഭയ കേന്ദ്രങ്ങളായി. അയിത്തം കൽപ്പിച്ച് മാറ്റി നിർത്തിയ മനുഷ്യരുടെ കൈകൾ പിടിച്ച് കുനിഞ്ഞ മുഖങ്ങളുമായി കിട്ടിയ തോണികളിൽ കയറി മനുഷ്യർ കരപറ്റി. അപരര്‍ക്ക് മുകളിലേക്ക് കയറാൻ സ്വന്തം മുതുകു താഴ്ത്തിക്കൊടുക്കുന്ന മനുഷ്യരെ നമ്മൾ കണ്ടു. മണൽ കോരി ഭീകര ഗർത്തങ്ങളാക്കിയ പുഴകളൊക്കെ മണൽക്കൂനകൾ കൊണ്ട് നിറഞ്ഞു. പുഴയിൽ കയറി നമ്മൾ അധികാരം സ്ഥാപിച്ചിരുന്നതൊക്കെ ഒരു അടയാളക്കുറ്റി പോലും ബാക്കി വെക്കാതെ പുഴകൊണ്ടുപോയി കടലിൽ തള്ളി.

നഷ്ടങ്ങളെ വിലകുറച്ച് കാണാൻ കഴിയില്ല. കിടപ്പാടം നഷ്ടപ്പെട്ടവർ, വിളവുകൾ മണ്ണിനടിയിലായവർ, ജീവിതത്തിന്റെ മുഴുവൻ സമ്പാദ്യവും പൊയ്പ്പോയവർ… അവരുടെ വിലാപങ്ങൾ, അവരുടെ അതിജീവന ശ്രമങ്ങൾ അവരെ പുനരധിവസിപ്പിക്കാനും പുതിയൊരു ജീവിതത്തിലേക്ക് കൈപിടിച്ച് നടത്താനുമുള്ള ആത്മാർത്ഥമായ ശ്രമങ്ങൾ… അവകൂടി ചേർത്ത് വായിക്കുമ്പോഴേ കേരളപ്പിറവി ആഘോഷങ്ങളും കേരളപുനഃസൃഷ്ടി സ്വപ്നങ്ങളും പൂർണ്ണമാകൂ.

തങ്ങളുടെ ഇംഗിതങ്ങൾക്കു വഴങ്ങാത്തവർക്കൊക്കെ പിഴച്ചവർ എന്ന മുദ്രയടിക്കുന്ന ഒരു അധമ പൊതുബോധം കേരള പുനഃസൃഷ്ടിയെയും പിറകിലേക്ക് വലിക്കുന്നുണ്ട് എന്നതൊരു യാഥാർഥ്യമാണ്. എന്റെ ഭാരതം എന്റെ സംസ്കാരം എന്നൊക്കെ അഭിമാന മുദ്രാവാക്യങ്ങൾ മുഴക്കുന്നവർ പോലും തകർന്നു കിടക്കുന്ന തങ്ങളുടെ ദേശത്തിന്റെ പുനഃ സൃഷ്ടിക്ക് തുരങ്കം വെക്കുന്നു എന്നതൊരു വൈരുധ്യമാണ്. കക്ഷി രാഷ്ട്രീയവും അവക്ക് പിന്നിൽ കുടിയിരിക്കുന്ന സങ്കുചിതബോധവും മൂലം പരസ്പരം പഴിചാരി കേരളത്തിന്റെ ഉയിർത്തെഴുന്നേൽപ്പിനെ പിറകോട്ടടിപ്പിക്കുകയാണ് അവർ.

പുതിയകാലത്ത് അയിത്തം കൽപ്പിക്കുന്നത് വർഗത്തിന്റെയും വർണ്ണത്തിന്റെയും പേരിൽ മാത്രമല്ല. അത് രാഷ്ട്രീയ സമവാക്യങ്ങളുടെ വോട്ടു രാഷ്ട്രീയത്തിന്റെ പേരിൽ കൂടിയാകുന്നു. കേരളം ഒരു ഭ്രാന്താലയം ആവുകയല്ല ചിലർ ചേർന്ന് ആക്കാൻ ശ്രമിക്കുകയാണ്. കേരളം ഭ്രാന്താലയമാവുക എന്നത് ചിലരുടെ സ്വപ്നമാണ്. മതവും ജാതിയും വർഗ്ഗവും വർണ്ണവും ഞങ്ങൾ നിങ്ങൾ എന്ന് വേർതിരിച്ച് ആയുധമണിഞ്ഞ് പൊരുതേണ്ടത് ചിലരുടെ ആവശ്യമാണ്. നമ്മൾ എന്ന സങ്കൽപ്പത്തെ തന്നെ പൂർണ്ണമായി തുടച്ചു നീക്കിയാലേ ഫാസിസത്തിന് നമുക്കിടയിലേക്ക് വഴിയൊരുക്കാൻ കഴിയൂ. അതിനു അവർ ഏതു മാർഗവും സ്വീകരിക്കും. അവർ നായയാകും, നരിയാകും, പുലിപ്പുറത്ത് വരും. സിംഹമായി അലറും. നീലത്തിൽ വീണ കുറുക്കന്മാരായി നമുക്കിടയിൽ പതിയിരിക്കും.

അവർ നമുക്ക് അപ്പം തരും, അപ്പത്തിന്റെ കൂടെ നമ്മൾ അരക്ഷിതരാണെന്ന് ഓതിത്തരും അതിനാൽ ആയുധമണിയേണ്ട ആവശ്യകതകൾ പറഞ്ഞു തരും. അവൻ നിന്റെ ശത്രുവാണെന്ന് അയൽക്കാരനെ പരിചയപ്പെടുത്തും. നമ്മൾ ഒന്നിച്ച് പാടുന്ന പാട്ടുകളെ അവർ കാട്ടിലെറിയും. നമ്മൾ ഒന്നിച്ച് നൃത്തം വെക്കുന്ന ഇടങ്ങളെ പൊളിച്ച് കളയും. നമ്മുടെ ആഘോഷങ്ങൾക്ക് മതമേലങ്കികൾ ചാർത്തും. നമ്മെ പ്രലോഭനങ്ങൾ കൊണ്ട് വശീകരിക്കും. ഭീഷണികൾ കൊണ്ട് ആജ്ഞാനുവർത്തികളാക്കും.

ഒന്നുമാത്രമേ നമുക്ക് ചെയ്യാനുള്ളൂ നമ്മൾ ഒന്നാണെന്ന് ഉറക്കെ വിളിച്ച് പറയുക. സാധ്യമായ എല്ലാ ഇടങ്ങളിലും ചേർന്ന് നിൽക്കുക. നമുക്കിടയിലുള്ള അടയാള വരകൾ ഭിന്നിപ്പിന്‍റേതല്ല, വൈവിധ്യങ്ങളുടെ സംഗമത്തിന്റേതാണെന്ന് തിരിച്ചറിയുക . പുതിയൊരു കേരളത്തിന്റെ പിറവിക്കായി കാത്തിരിക്കുക. അതിനായി പ്രവർത്തിക്കുക. അത് സാധ്യമാണ് എന്ന് തിരിച്ചറിയുക

നമ്മൾ ഒന്നാണെന്ന് സ്വയം തിരിച്ചറിയുന്ന ഒരു സമൂഹത്തെയും ഭിന്നിപ്പിക്കാൻ ഒരു ദുഷ്ടശക്തികൾക്കും കഴിയില്ല. കേരളപ്പിറവി ആശംസകൾ.

വിദേശരാജ്യങ്ങളിലടക്കം പരിസ്ഥിതി സ്നേഹികളുടെ പ്രശംസ പിടിച്ചുപറ്റിയ ‘ഓരോ പുഴയും പറയുന്നത് ‘എന്ന ചലച്ചിത്രത്തിന്‍റെ സംവിധായകനാണ് അലിഫ് ഷാഹ്

Like
Like Love Haha Wow Sad Angry
8
Tags
Show More

Related Articles

Close
Close