EntertainmentLifeOtherSamskaraUncategorized

കവിതയുടെ ശ്രീഹരിചന്ദനം; അഭിനയത്തിന്റെയും

ഈയാഴ്ച റിലീസ് ചെയ്ത ആഷിഖ് വന്ന ദിവസം എന്ന ചിത്രത്തിൽ ഗ്രാമീണ കവിയുടെ വേഷം മനോഹരമായി ചെയ്ത ശ്രീഹരി തളിരോട് എന്ന കവിയുടെ ജീവിതവും കലയും. By Web Desk

ലയാള സിനിമയില്‍ ഇതുവരെയും അഭിനേതാക്കള്‍ പകര്‍ന്നാടിയ കവിവേഷങ്ങളില്‍ നിന്ന്‌ തികച്ചും വ്യത്യസ്‌തമായി നാട്ടിന്‍പുറത്തിന്റെ നന്മയുള്ള കവിയായി പകര്‍ന്നാടുകയാണ്‌ ബാലസാഹിത്യകാരനും സാമൂഹ്യപ്രവര്‍ത്തകനുമായ ശ്രീഹരി തളിരോട്‌. പ്രശസ്‌ത ഛായാഗ്രാഹകന്‍ ക്രിഷ്‌ കൈമള്‍ തിരക്കഥയും സംഭാഷണവും ഛായാഗ്രഹണവും സംവിധാനവും നിര്‍വ്വഹിച്ച്‌ ദേശീയ അന്തര്‍ദ്ദേശീയ പുരസ്‌കാരങ്ങള്‍ നേടിയ ‘ആഷിഖ്‌ വന്ന ദിവസം’ എന്ന സിനിമയിലാണ്‌ ശ്രീഹരി തളിരോട്‌ ഗ്രാമീണനായ ഒരു കവിയുടെ ശ്രദ്ധേയവേഷം സരസമായും ഹൃദയാവര്‍ജ്ജകമായും ചെയ്‌തിരിക്കുന്നത്‌.

അഫ്‌ഗാനിസ്ഥാനില്‍ വച്ച്‌ തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയ മകന്റെ വരവും കാത്തിരിക്കുന്ന പിതാവിന്റെ കഥയിലൂടെ മനുഷ്യബന്ധങ്ങളിലെ നന്മതിന്മകളെ ആവിഷ്‌കരിക്കുന്ന സിനിമയാണ്‌ ആഷിഖ്‌ വന്ന ദിവസം. ഈ ചിത്രത്തില്‍ 1990 കാലഘട്ടങ്ങളില്‍ ജീവിക്കുന്ന മധ്യവയസ്സു കടന്ന കവിയുടെ വേഷമാണ്‌ കൊല്ലം കടയ്‌ക്കല്‍ സ്വദേശിയായ ശ്രീഹരി തളിരോട്‌ ചെയ്‌തിരിക്കുന്നത്‌. സ്വയം ഒരു കവി തന്നെയായ ശ്രീഹരി തളിരോടിന്‌ ചിത്രത്തിലെ കവിവേഷത്തോട്‌ താദാത്മ്യം പ്രാപിക്കാന്‍ അല്‌പം പോലും യ്‌ത്‌നിക്കേണ്ടിവന്നിട്ടില്ല.

നരച്ച താടിയും മീശയും കക്ഷത്തിലെ സന്തതസഹചാരിയായ ഡയറിയും കുറിക്കുകൊള്ളുന്ന കാവ്യാത്മകമായ സംഭാഷണങ്ങളും കണ്ണുകളില്‍ നിന്നുതന്നെ വായിച്ചറിയാവുന്ന കവിത്വത്തിന്റെ പ്രസരണവുമെല്ലാം ചേര്‍ന്ന്‌ ഈ കഥാപാത്രം ഈ സിനിമയുടെ കാലഘട്ടത്തിന്റെ സൂചകമുദ്രയാവുന്നു. അമേരിക്കയുടെ ഇറാഖ്‌ അധിനിവേശവും സദ്ദാംഹുസൈന്റെ രക്തസാക്ഷിത്വത്തോളം തിളക്കമുള്ള തൂക്കിക്കൊലയുമെല്ലാം കേരളത്തെ ഉലച്ച കാലത്തിലാണ്‌ ഈ സിനിമ അതിന്റെ പ്രമേയത്തെ പ്രതിഷ്‌ഠിച്ചിരിക്കുന്നത്‌. സിനിമയുടെ ഒരു ഘട്ടത്തില്‍ ശ്രീഹരിയുടെ കഥാപാത്രം നാട്ടിന്‍പുറത്തെ ചായക്കടയിലിരുന്ന്‌
ഇങ്ങനെ പറയുന്നുണ്ട്‌:

“ഒന്നു വിശകലനം ചെയ്‌താല്‍ അമേരിക്കന്‍ ധാര്‍ഷ്ട്യത്തിനെതിരെയുളള മസ്‌തകപ്രഹരണം തന്നെയായിരുന്നില്ലേ സദ്ദാമിന്റെ പ്രതിരോധ നയങ്ങള്‍. ഞാനെഴുതിയിട്ടുള്ള ഊഷ്‌മാവിന്റെ പ്രചണ്ഡ വ്യതിയാനങ്ങള്‍ എന്ന പ്രബന്ധത്തില്‍ ഇതിനെപ്പറ്റി അഗാധമായി പ്രതിപാദിച്ചിട്ടുണ്ട്‌.”

പച്ചമലയാളത്തിന്റെ തെളിച്ചത്തില്‍ സാധാരണക്കാരുടെ ഭാഷയില്‍ കവിതയ്‌ക്ക്‌ സംസാരിക്കാന്‍ കഴിയാതെ പോകുന്ന ഒരു കാലത്തെയും കവികള്‍ കോമാളികളാവുന്ന കാലത്തെയും മുന്‍കൂട്ടി കാണിച്ചുതരുന്നതാണ്‌ ആഗോളതാപനത്തെ ‘ഊഷ്‌മാവിന്റെ പ്രചണ്ഡ വ്യതിയാനങ്ങള്‍’ എന്നും തലയ്‌ക്കടിക്കുക എന്നതിനെ ‘മസ്‌തകപ്രഹരണം’ എന്നും ആലങ്കാരികതയുടെ കഠിനപദങ്ങളിലൂടെ ആവിഷ്‌കരിക്കുന്ന ഈ കഥാപാത്രം. ശ്രീഹരി തളിരോട്‌ ആ കഥാപാത്രത്തെ നമ്മുടെ നാട്ടിന്‍പുറങ്ങളില്‍ നിന്നുള്ള തനത്‌ കവികളുടെ ശരീരഭാഷയോടെയും ഭാവഹാവാദികളോടെയും ആവിഷ്‌കരിച്ചിരിക്കുന്നു.

ഏറെ ശ്രദ്ധിക്കപ്പെട്ട, സംസ്ഥാന അവാര്‍ഡ്‌ അടക്കം ലഭിച്ച ‘ഓലപ്പീപ്പി’ എന്ന സിനിമയുടെ സംവിധാനത്തിന്‌ ശേഷം ആഷിഖ്‌ വന്ന ദിവസം എന്ന സിനിമയുടെ സ്‌ക്രിപ്‌റ്റ്‌ എഴുതിക്കൊണ്ടിരിക്കുന്നതിനിടയിലാണ്‌ സംവിധായകന്‍ കൂടിയായ ക്രിഷ്‌ കൈമള്‍, ചിത്രത്തിലെ കവിയുടെ വേഷം ആരെക്കൊണ്ട്‌ ചെയ്യിക്കും എന്ന അന്വേഷണം ആരംഭിച്ചത്‌. അപ്പോളാണ്‌, കടയ്‌ക്കല്‍ ക്ഷേത്രത്തിനടുത്ത്‌ വടക്കേവയലില്‍ എല്ലാവര്‍ക്കും സുപരിചിതനും ജനപ്രിയനും കവി തന്നെയുമായ ശ്രീഹരി തളിരോടിനെ ഒരാള്‍ പരിചയപ്പെടുത്തിക്കൊടുത്തത്‌. ആ പരിചയപ്പെടുത്തലാണ്‌ മനോഹരമായ ഒരു വേഷമായി സ്വയം പരിവര്‍ത്തിക്കാന്‍ ശ്രീഹരിക്ക്‌ ഭാഗ്യം നല്‍കിയത്‌.

ശ്രീഹരി തളിരോട് ജന്മഗ്രാമത്തിൽ

കടയ്‌ക്കല്‍ കുറ്റിക്കാട്‌ യുപി സ്‌കൂള്‍ ജീവനക്കാരനായി ഔദ്യോഗിക ജീവിതം ആരംഭിച്ച ശ്രീഹരി തളിരോട്‌ ബാല്യകാലത്തില്‍ തന്നെ കവിതാരചനയിലും ഗാനരചനയിലും താല്‌പര്യം കാണിച്ചിരുന്നു. കൊല്ലം ജില്ലയിലെ, സംസ്‌കാര പൈതൃകവും ഭാഷാജ്ഞാനവുമുളള ഒരു നായര്‍ കുടുംബത്തിലെ എട്ടു സഹോദരങ്ങളില്‍ നാലാമത്തെ അംഗമായാണ്‌ ജനിച്ചത്‌. വേണുഗോപാലന്‍ നായര്‍ എന്നതാണ്‌ യഥാര്‍ത്ഥപേര്‌. സ്‌കൂള്‍ വിദ്യാഭ്യാസകാലത്തുതന്നെ വിവേകാനന്ദന്റെ കൃതികളും വാത്സ്യായനന്റെ കാമശാസ്‌ത്രവും ഭരതമുനിയുടെ നാട്യശാസ്‌ത്രവുമടക്കമുള്ള ഗഹനഗ്രന്ഥളുടെ വായനയില്‍ മുഴുകി. അതിന്‌ സമാന്തരമായിത്തന്നെ ഇടതുപക്ഷ പ്രത്യയശാസ്‌ത്രങ്ങള്‍ പ്രതിപാദിക്കുന്ന പുസ്‌തകങ്ങളിലും താല്‌പര്യം കാണിച്ചു.

ഇടമുളയ്‌ക്കല്‍ പഞ്ചായത്തിലെ തടിക്കാട്‌ ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥിയായിരിക്കുമ്പോള്‍ സോഷ്യലിസ്‌റ്റ്‌ ചിന്താഗതിയുള്ള എസ്‌എഫ്‌ഐ പ്രവര്‍ത്തകനും നേതാവുമായിരുന്നു. സ്‌കൂളില്‍ എസ്‌എഫ്‌ഐ യൂണിറ്റ്‌ തുടങ്ങിയ വേണുഗോപാലന്‍ പിന്നീട്‌ എസ്‌എഫ്‌ഐ ചെയര്‍മാനും സെക്രട്ടറിയുമായി. സാഹിത്യരചന തുടങ്ങിയപ്പോള്‍ ശ്രീഹരി തളിരോട്‌ എന്ന തൂലികാനാമം സ്വീകരിക്കുകയായിരുന്നു. അകാലത്തില്‍ മരിച്ചുപോയ മൂത്ത ജ്യേഷ്‌ഠന്റെ പേരാണ്‌ ഹരി. വേണുഗോപാലിനെ എഴുത്തിനിരുത്തിയ ഗുരുസ്ഥാനീയന്‍. അദ്ധേഹത്തിന്‌ പതിനാറാം വയസ്സില്‍ ദേഹവിയോഗമുണ്ടായപ്പോള്‍, ആ നാമം തന്നിലൂടെയെങ്കിലും നിലനില്‍ക്കണം എന്ന്‌ കുട്ടിയായിരുന്ന വേണുഗോപാല്‍ തീരുമാനിച്ചു. അങ്ങനെ ജ്യേഷ്‌ഠന്റെ പേരായ ഹരിക്ക്‌ മുന്നില്‍ ശ്രീ എന്നു ചേര്‍ത്തു. ഒപ്പം തറവാട്ടുപേരായ തളിരോട്‌ എന്നതുകൂടി ഉള്‍പ്പെടുത്തി തൂലികാനാമം സ്വീകരിച്ചു.

ഔദ്യോഗിക ജീവിതത്തില്‍ നിന്ന്‌ വിരമിച്ച ശേഷം ഇപ്പോള്‍ ബാലസാഹിത്യരചനയിലാണ്‌ കൂടുതല്‍ മുഴുകിയിരിക്കുന്നത്‌. ഗാനങ്ങളും കവിതകളും നാടകങ്ങളും കഥകളുമാണ്‌ എഴുതുന്നത്‌. മണ്‍തോറ്റങ്ങള്‍ എന്ന പേരില്‍ കവിതാസമാഹാരം പ്രസിദ്ധീകരിച്ചിട്ടുണ്ട്‌.

സാഹിത്യപ്രവര്‍ത്തനത്തിനൊപ്പം സാമൂഹ്യസേവനത്തിനും തുല്യപ്രാധാന്യം നല്‍കിക്കൊണ്ടാണ്‌ ശ്രീഹരി തളിരോടിന്റെ ദിനചര്യ തന്നെ. തിരുവനന്തപുരം കടയ്‌ക്കല്‍ ആസ്ഥാനമായുള്ള അമ്മ ചാരിറ്റബിള്‍ ട്രസ്‌റ്റിന്റെ പ്രധാന സാരഥിയാണ്‌ ഇദ്ധേഹം. നിത്യവും കടയ്‌ക്കല്‍ താലൂക്ക്‌ ആശുപത്രിയിലെ രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും ഉച്ചഭക്ഷണം എത്തിച്ചുകൊടുക്കുന്നത്‌ നിഷ്‌കാമകര്‍മ്മമായി ഇക്കാലമത്രയും ചെയ്‌തുവരുന്നു. കടയ്‌ക്കല്‍ പഞ്ചായത്തുകാര്‍ക്ക്‌ വേണുവേട്ടനാണ്‌ ശ്രീഹരി. കുട്ടികളുടെ നഷ്ടപ്പെടുന്ന ഗ്രാമജീവിതാനുഭൂതികളും തനത്‌ നാട്ടറിവുസംസ്‌കാരവും തിരിച്ചുപിടിക്കാനുള്ള ശ്രമങ്ങളിലാണ്‌ ഇപ്പോള്‍ ഇദ്ധേഹം. ഇതിനായി കുഞ്ഞുങ്ങളെ അണിനിരത്തിക്കൊണ്ട്‌ നിരവധി പരിശീലനക്കളരികളും സംഘടിപ്പിക്കുന്നുണ്ട്‌.

മതത്തിനും ജാതിക്കും സമുദായത്തിനും വേര്‍തിരിക്കാനാവാത്ത മഹത്തായൊരു ലോകത്തെയാണ്‌ ശ്രീഹരി തളിരോട്‌ കവിയായി ജീവിച്ച ആഷിഖ്‌ വന്ന ദിവസം എന്ന സിനിമ മുന്നോട്ടുവയ്‌ക്കുന്നത്‌. ആ സിനിമയിലെന്നതുപോലെ ജാതി-മത-സമുദായ-വര്‍ണ്ണ അതിരുകളില്ലാത്ത ഒരു ലോകത്തെ ശ്രീഹരി തളിരോടും സ്വപ്‌നം കാണുന്നു. ശ്രീഹരി ഇപ്പോള്‍ എഴുതിയിരിക്കുന്ന പ്രാര്‍ത്ഥാനഗാനവും അങ്ങനെതന്നെയൊരു സമത്വസുന്ദരലോകത്തിനായുളള അര്‍ത്ഥനയാണ്‌:

“സകലലോകജീവജാല, മാലകന്നുവന്നിടാന്‍
ഭൂമിയമ്മ മാര്‍ഗ്ഗസിദ്ധമര്‍ത്ത്യബുദ്ധിയേകണേ…
സകലനന്മദുജനശക്തി കാര്‍ന്നുതിന്നിടാതെയും
സഹനശേഷി ശോഷിയാതെ ശാസനങ്ങളേകണേ…
വികലചിന്ത കൈവെടിഞ്ഞു വിശ്വശിഷ്യരാകുവാന്‍
വിദ്യയാണു മൊത്തവിത്തസൂക്തമെന്നറിഞ്ഞിടാം.

വിമലഹൃദയസകലസുകൃതസാര്‍ത്ഥകത്തിലെത്തിടാന്‍
വിശ്വകോശസംഗ്രഹങ്ങള്‍ വിഗ്രഹിച്ചറിഞ്ഞിടാം.
അര്‍ക്കനും ശശാങ്കതാരവായുവാരിധങ്ങളും
അകാരജ്യോതിതേജസ്സും സകാരസാരഭാവവും
സനാതനാശയങ്ങളും സദാ ചൊരിഞ്ഞിടേണമേ
സത്യമുക്തിസംഭവാ നമിച്ചിടുന്നു നിത്യതേ.”

Like
Like Love Haha Wow Sad Angry
2
Tags
Show More

Related Articles

Close
Close