
ക്വലാലംപൂര്‍: ഏഷ്യാകപ്പ് ടി-20 ക്രിക്കറ്റില്‍ ഇന്ത്യന്‍ വനിതാടീമിന് സ്വപ്നതുല്യമായ വിജയത്തുടക്കം. മലേഷ്യയെ വെറും 27 റണ്‍സിന് എല്ലാവരെയും പുറത്താക്കിക്കൊണ്ട് 142 റണ്‍സിനാണ് ഇന്ത്യ ജയിച്ചത്.
ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ഇന്ത്യന്‍ ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗറിന്റെ തീരുമാനം ശരിയാണെന്ന് തെളിയിച്ചുകൊണ്ട് ഓപ്പണര്‍ മിഥാലി രാജ് വെടിക്കെട്ട് ബാറ്റിംഗോടെ പുറത്താകാതെ നേടിയ 97 റണ്‍സാണ് ഇന്ത്യയുടെ വിജയത്തിന് അടിത്തറ പാകിയത്. 69 പന്തില്‍ നിന്ന് ഒരു സിക്സറിന്റെയും 13 ഫോറുകളുടെയും അകമ്പടിയോടെയായിരുന്നു മിഥാലിയുടെ മിന്നുംപ്രകടനം. മിഥാലിയുടെ മികവില്‍ ഇന്ത്യ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 169 റണ്‍സെടുത്തു. ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍ 23 പന്തില്‍ നിന്ന് 32 റണ്‍സെടുത്ത് മിഥാലിക്ക് ആവേശകരമായ പിന്തുണ നല്കി.
മറുപടി ബാറ്റിങ്ങിനിറങ്ങിയ മലേഷ്യയെ കാത്തിരുന്നത് ദയനീയ പരാജയമായിരുന്നു. മലേഷ്യയുടെ ഇന്നിംഗ്സ് 13.4 ഓവറില്‍ 27 റണ്‍സിന് അവസാനിച്ചു. ഒരാള്‍ക്കുപോലും രണ്ടക്കം കടക്കാനായില്ല. 9 റണ്‍സെടുത്ത സാഷ ആസ്മിയാണ് ടോപ് സ്കോറര്‍. മലേഷ്യന്‍ ബാറ്റിംഗ് നിരയെ ഇന്ത്യ തല്ലിക്കൊഴിച്ചത് പൂജ വസ്ത്രാര്ക്കറുടെ നേതൃത്വത്തിലായിരുന്നു. പൂജ 3 വിക്കറ്റുകള്‍ നേടി. അനുജ പാട്ടീലും പൂനം യാദവും രണ്ടുവീതവും ശിഖ പാണ്ഡെ ഒരു വിക്കറ്റും കൈക്കലാക്കി.