FootballLatestNewsSports

പനാമയെ കണ്ടംവഴി ഓടിച്ച് ബെല്‍ജിയം

ദുര്‍ബ്ബലരായ പനാമയെ ഏകപക്ഷീയമായ മൂന്ന് ഗോളുകള്‍ക്ക് ബെല്‍ജിയം ഓടിച്ചുവിട്ടതിന്റെ കളിയെഴുത്ത്. പനാമയെപ്പോലുള്ള ടീമുകള്‍ ലോകകപ്പിന്റെ ശക്തിസൗന്ദര്യങ്ങളുടെ ശോഭ കെടുത്തുന്നുവെന്ന നിരീക്ഷണവും. പ്രശസ്ത അഭിഭാഷകനും എഴുത്തുകാരനുമായ എം.എസ്. ലാല്‍ എഴുതുന്ന ഫുട്‌ബോള്‍ പരമ്പര

 

ചെറു ടീമുകൾ അത്ഭുതപ്പെടുത്തുന്ന ഈ ലോകകപ്പിൽ പക്ഷെ ബെൽജിയത്തെ അത്ഭുതപ്പെടുത്തുന്ന ഒന്നും പനാമ കരുതി വെച്ചില്ല. രണ്ടാം പകുതിയിൽ മാത്രം നേടിയ എതിരില്ലാത്ത മൂന്നു ഗോളുകൾക്കാണ് ബെൽജിയം മൂന്ന് പോയിന്റ് കരസ്ഥമാക്കിയത്. ആദ്യ പകുതിയിൽ ബെൽജിയത്തെ ഗോൾ നേടുന്നതിൽ നിന്നും അകറ്റി നിർത്തിയെന്നത് മാത്രമായിരുന്നു പനാമയുടെ ആശ്വാസം .

ആദ്യ പകുതിയിൽ പാടേ നിറം മങ്ങിയ സ്ട്രൈക്കർ റൊമേല ലുക്കോക്കുവിനെ കൊണ്ട് രണ്ടാം പകുതിയിൽ രണ്ട് ഗോളടിപ്പിച്ച് വിജയവഴിയിൽ എത്തിച്ചതിന്റെ ക്രെഡിറ്റ് എഡൻ ഹസ്സാർഡെന്ന ബെൽജിയം ക്യാപ്റ്റന്റേതാണ്. വേൾഡ് കപ്പിന് ഏറ്റവും നന്നായി ഒരുങ്ങി വന്ന ചുവന്ന ചെകുത്താന്മാരെ ഒട്ടും ഭയപ്പെടാതെയായിരുന്നു പനാമ ആദ്യ പകുതിയിൽ പ്രതിരോധിച്ചത്. ഗോൾ പോസ്റ്റിന് മുന്നിൽ ഗോളിയുടെ മികച്ച ചില സേവുകൾ ഉണ്ടായി. അല്ലായിരുന്നെങ്കിൽ അരഡസൻ ഗോളിനെങ്കിലും ബെൽജിയം ജയിക്കുമായിരുന്നു.

ഫൗളുകൾ നിരവധിയായ മത്സരത്തിൽ ഇരു ഭാഗത്തു നിന്നുമായി ഏഴ് മഞ്ഞക്കാർഡുകൾ റഫറിയ്ക്ക് പുറത്തെടുക്കേണ്ടി വന്നു. ക്യാപ്റ്റൻ എഡൻ ഹസ്സാർഡും കെവിൻ ഡിബ്രുയനും അടങ്ങുന്ന മദ്ധ്യനിരയും ഡ്രീസ് മെർട്ടനസും ലുക്കാക്കുവുമടങ്ങുന്ന മുന്നേറ്റനിരയും രണ്ടാം പകുതിയിൽ ഇണക്കത്തോടെ കളിക്കാൻ തുടങ്ങിയതോടെ പനാമ ഗോൾ പോസ്റ്റിൽ ഗോളി പെനേഡയ്ക്ക് വിശ്രമമില്ലാതെയായി. ബെൽജിയം ആക്രമണത്തിന്റെ സൂത്രധാരനും നിയന്താവും ഹസാർഡ് തന്നെയായിരുന്നു. രണ്ടാം പകുതിയുടെ രണ്ടാമത്തെ മിനുറ്റിൽ ഡ്രീസ് മെർട്ടനസിന്റെ തകർപ്പൻ ഗോൾ പനാമ കളിക്കാരുടെ ആത്മവീര്യം തകർത്തു കളയുകയായിരുന്നു.

തുടർന്ന് നിരന്തരം ആക്രമണ കെട്ടഴിച്ചുവിട്ട ഹസാർഡ് -ഡിബ്രു യൻ കൂട്ടുകെട്ട് കൃത്യമായി എത്തിച്ചു കൊടുത്ത പന്തിനെ അനായാസം വലയിലെത്തിച്ച് അറുപത്തൊൻപതാം മിനിറ്റിൽ ലുക്കാക്കു രണ്ടാം ഗോൾ നേടി. ഇടയ്ക്ക് പനാമയുടെ ചില കൗണ്ടർ അറ്റാക്കുകളിലൂടെ ബാർസെനസ് ബെൽജിയം ഗോളിയെ പരീക്ഷിക്കാൻ മടിച്ചില്ല.

കളിയുടെ എഴുപത്തിയഞ്ചാം മിനിറ്റിൽ സ്വന്തം പാതിയിൽ നിന്നും നാലും അഞ്ചും കളിക്കാരെ വേഗം കൊണ്ട് കീഴടക്കി പനാമ പോസ്റ്റിനു സമീപം നില്ക്കുകയായിരുന്ന ലുക്കാക്കുവിന് ഹസാർഡ് പന്ത് കൈമാറുമ്പോൾ ഗോളിയുടെ മുകളിലൂടെ ലോഫ്റ്റ് ചെയ്ത് ഗോളാക്കുകയെന്ന ഉത്തരവാദിത്തം മാത്രമേ ലുക്കാക്കുവിനുണ്ടായിരുന്നുള്ളൂ.

വേൾഡ് കപ്പിലെ ഏറ്റവും ദുർബ്ബലരായ ടീമുകളിലൊന്നാണെങ്കിലും അന്തിമഫലം സൂചിപ്പിക്കും പോലെ തികച്ചും ഏകപക്ഷീയമായിരുന്നില്ല ബെൽജിയം പനാമ പോരാട്ടം. ബെൽജിയത്തിന് വേണ്ടി എൺപത്തിമൂന്നാം മിനിറ്റിൽ ക്യാപ്റ്റൻ എഡൻ ഹസ്സാർഡിന്റെ സഹോദരൻ തോർഗൻ ഹസ്സാർഡിനെ മെർട്ടെനസിന് പകരം ക്യാപ് നല്കി ഇരു സഹോദരന്മാരെയും റോബർട്ടോ മാർട്ടിനെസ് ഒന്നിച്ചു കളിപ്പിക്കാനും സമയം കണ്ടെത്തി.

ലോകകപ്പ് പോലുള്ള വലിയ മത്സരങ്ങളിൽ പ്രത്യേകിച്ച് ഓർമയിൽ നിൽക്കുന്ന കളിയൊന്നും കാഴ്ചവെക്കാൻ ശേഷിയും നിലവാരവുമില്ലാത്ത പനാമ പോലുള്ള ടീമുകൾ വേൾഡ് കപ്പിന്റെ ശോഭ ഇല്ലാതാക്കുമെന്നതിലും ആവേശം കെടുത്തുമെന്നതിലും തർക്കമുണ്ടാകാൻ വഴിയില്ല.

Like
Like Love Haha Wow Sad Angry
Tags
Show More

Related Articles

Close
Close