FootballLatestNewsNews in BriefSports

റഷ്യയെ വീണ്ടും ചുവപ്പിച്ച് ബെൽജിയം റെഡ് ഡെവിൾസ്

മോസ്‌കോയിലെ സ്പാര്‍ട്ടക് സ്റ്റേഡിയം സാക്ഷ്യം വഹിച്ചത് സപ്തസ്വരങ്ങളെപ്പോലെ സപ്തഗോളുകള്‍. അഞ്ചുഗോളുകള്‍ തുരുതുരാ നേടി അപരാജിതരായ ബെല്‍ജിയവും രണ്ട് ഗോളുകള്‍ തിരിച്ചടിച്ച് പോരാട്ടവീര്യം കാത്ത ടുണീഷ്യയും. എം.എസ് ലാല്‍ എഴുതുന്നു

തീയിൽ കുരുത്തവർ വെയിലത്ത് വാടില്ലെന്നറിയാത്തവരില്ല. പക്ഷെ ആരും അത് കണ്ടവരില്ല. റഷ്യയിലെ എരിവെയിൽ സമയത്ത് ടുണീഷ്യയോട് കളിക്കാനിറങ്ങുമ്പോൾ ബെൽജിയം അത് തെളിയിക്കണം എന്നുറപ്പിച്ചിരിക്കണം.

ലോകകപ്പ് പോലുള്ള മഹാമത്സരത്തിൽ അഞ്ച് ഗോൾ കൊണ്ട് എതിർവല നിറയ്ക്കുമ്പോൾ ജൂലായ് 15 ലെ കലാശപ്പോരിന് ലുഷ്നിക്കിയിലേക്ക് മറ്റാരേക്കാളും മുൻപേ ഞങ്ങളിതാ തയ്യാർ എന്ന് നിസ്സംശയം പ്രഖ്യാപിക്കുന്നു യൂറോപ്പിന്റെ പോർവിളികളുടെയും യുദ്ധവീറിൻെറയും ചോര മണക്കുന്ന പഴയ ബാറ്റിൽ ഫീൽഡ് ബെൽജിയം.

ഹസ്സാർഡിന്റെ പെനാൽട്ടി കിക്ക് ഗോൾ, ലുക്കാക്കുവിന്റെ ഡബിൾ പ്രഹരം, ഉയർന്നു വന്ന പന്ത് സ്വീകരിച്ച് നിയന്ത്രിച്ച് രണ്ട് ഡിഫൻഡർമാരെ മറികടന്ന ഹസാർഡിന്റെ രണ്ടാം ഗോൾ, പിന്നെ പകരക്കാരൻ ബാറ്റ്ഷു വക അഞ്ചാം ഗോളും.

സുന്ദരമായ പാസ്സുകൾ വഴി തെറ്റാതെ മുന്നേറ്റത്തിലേക്കെത്തിക്കുന്ന മധ്യനിരയെ നയിച്ച് ഡിബ്രുയനും സംഘവും മുന്നേറ്റത്തിൽ ഇരുവിംഗുകളിലും മെർട്ടെൻസും ഹസാർഡും, നടുവിൽ ഷാർപ്പ് ഷൂട്ടർ ലുക്കാക്കുവും. പന്ത് മിഡ്ഫീൽഡിൽ നിന്ന് ഒഴുകി തുടങ്ങുമ്പോഴേയ്ക്കും സ്റ്റേഡിയം ഒരു ഗോൾ മണക്കും. പിന്നെ ആരവം ഒരു പൊട്ടിത്തെറിക്കലാകും. ആരും ഒറ്റയ്ക്ക് ഗോളടിക്കുവാൻ ശ്രമിക്കുന്നില്ല. ഹസാർഡും മെർക്കെൻസും പെനാൽറ്റി ബോക്സിലേക്ക് നിരന്തരം പന്ത് കൈമാറുകയും ലുക്കാക്കു അത് പിഴവില്ലാതെ ഗോളാക്കി മാറ്റുകയും ചെയ്യുന്നു.

ഒരു ടീം എന്ന നിലയിൽ എണ്ണയിട്ട യന്ത്രം പോലെ പരസ്പരം ബഹുമാനിച്ചും പ്രോത്സാഹിപ്പിച്ചും കളിക്കുന്നത് ബെൽജിയ മാണ്. അവർ അനാവശ്യമായി മഞ്ഞക്കാർഡുകൾ വാങ്ങിക്കുന്നില്ല. ടീമിന് ആവശ്യമുള്ളത് കളിക്കാരനിൽ നിന്നും കിട്ടിയാൽ പിന്നെ ചെയ്യേണ്ടത് എന്തെന്ന് റോബർട്ടോ മെർക്കെൻ സിനറിയാം. രണ്ടു ഗോൾ നേടിയ ലുക്കാക്കുവിനെ തിരിച്ച് വിളിയ്ക്കുമ്പോൾ വ്യക്തിപരമായി ആ കളിക്കാരന് ഹാട്രിക് നേടാനവസരം കൊടുക്കുന്നതിനേക്കാൾ തന്റെ ഏറ്റവും മൂർച്ചയുള്ള ഫിനിഷറെ അടുത്ത മത്സരത്തിലേക്ക് സൂക്ഷിച്ചു സംരക്ഷിക്കുകയാണ് ടീം ആവശ്യപ്പെടുന്നതെന്ന്കോച്ച് പ്രഖ്യാപിക്കുകയാണ്.


ബെൽജിയത്തിന്റെ കനത്ത ആക്രമണത്തെ ഒട്ടും ഭയക്കാതെ തന്നെ ടുണീഷ്യയും അറ്റാക്കിംഗ് ഗെയിം തന്നെ കളിച്ചതുകൊണ്ടായിരുന്നു കളി അത്രമേൽ ആവേശം പടർത്തിയത്. സെറ്റ്പീസ് ലോകകപ്പെന്ന് ഒരു പക്ഷെ അറിയപ്പെടാവുന്ന ഈ വട്ടം അതിസുന്ദരമായി അത്തരം ഒരു ഗോൾ ബ്രോൺ ടുണീഷ്യയ്ക്ക് വേണ്ടി പതിനെട്ടാം മിനുറ്റിൽ നേടുമ്പോൾ അതിന്റെ സൂത്രധാരൻ ഖാ സ്റിയായിരുന്നു. ബെൽജിയത്തിന്റെ അഞ്ചെണ്ണത്തിന് മുൻപിലും മുട്ടുമടക്കാതെ സ്റ്റോപ്പേജ് ടൈമിൽ ഖാസ്റിയിലൂടെ രണ്ടാം ഗോൾ എണ്ണം വെച്ച് പോരാട്ട വീറിൽ തങ്ങളും പിന്നിലല്ലെന്ന് തെളിയിച്ചു ടുണീഷ്യ.

ജർമനിക്കും ബ്രസീലിനും അർജന്റീനയ്ക്കും ഒക്കെ വേണ്ടി പന്തയക്കളത്തിലിറങ്ങിയവർ പകച്ചു നില്ക്കുമ്പോൾ റഷ്യയെ വീണ്ടും ചുവപ്പണിയിച്ചു കൊണ്ട് ബെൽജിയൻ റെഡ് ഡെവിൾസ് ഈ പത്താം നാൾ ലോകകപ്പ് ഫേവറിറ്റുകളായിരിക്കുന്നു.

Like
Like Love Haha Wow Sad Angry
Tags
Show More

Related Articles

Close
Close