KeralaLatestNewsNews in Brief
ശബരിമല യുവതീപ്രവേശനം; ബിന്ദു അമ്മിണിക്ക് പുറമെ ദര്‍ശനത്തിന് അനുമതി തേടി രഹ്ന ഫാത്തിമയും സുപ്രീംകോടതിയില്‍
By web desk

ബിന്ദു അമ്മിണിക്ക് പിന്നാലെ ശബരിമല ദര്‍ശനത്തിന് അനുവാദം ആവശ്യപ്പെട്ട് ആക്ടിവിസ്റ്റ് രഹ്ന ഫാത്തിമയും സുപ്രീംകോടതിയില്‍ ഹര്‍ജി നല്കി. ശബരിമലയില്‍ യുവതീപ്രവേശനം അനുവദിക്കണം എന്നാവശ്യപ്പെട്ടാണ് നേരത്തെ ബിന്ദു അമ്മിണി കോടതിയെ സമീപിച്ചത്. ഹര്‍ജി കോടതി അടുത്ത ആഴ്ച പരിഗണിക്കും. യുവതികള്‍ക്ക് ശബരിമലയില്‍ പ്രവേശനം അനുവദിക്കുന്ന സുപ്രീംകോടതി വിധി നടപ്പാക്കണം, പ്രായപരിശോധന തടയണം, ദര്‍ശനം നടത്താന്‍ ഉദ്ദേശിക്കുന്ന യുവതികള്‍ക്ക് സര്‍ക്കാര്‍ സംരക്ഷണം നല്‍കണം എന്നിവയാണ് ബിന്ദു അമ്മിണിയുടെ ഹര്‍ജിയിലെ ആവശ്യങ്ങള്‍. സ്ത്രീപ്രവേശന വിധിക്ക് സംസ്ഥാന സര്‍ക്കാര്‍ പ്രചാരണം നല്‍കണമെന്നും അപേക്ഷയിലുണ്ട്.
തൃപ്തി ദേശായിക്കും സംഘത്തിനുമൊപ്പം ശബരിമലയ്ക്ക് പോകാനായി കഴിഞ്ഞ ചൊവ്വാഴ്ച കൊച്ചിയിലെത്തിയ ബിന്ദു അമ്മിണി പ്രതിഷേധത്തെ തുടര്‍ന്ന് മടങ്ങി പോയിരുന്നു. ചൊവ്വാഴ്ച രാവിലെ എട്ടുമണിയോടെയാണ് സംഘര്‍ഷഭരിതമായ സംഭവങ്ങള്‍ ഉണ്ടായത്. കമ്മീഷണര്‍ ഓഫീസിലെത്തിയത് ബിന്ദു അമ്മിണി ആണെന്നറിഞ്ഞതോടെ പ്രതിഷേധവുമായി ശബരിമല കര്‍മസമിതി പ്രവര്‍ത്തകരും ബിജെപി നേതാക്കളും ഹിന്ദു ഹെല്പ് ലൈന്‍ പ്രവര്‍ത്തകരുമെത്തി. തുടര്‍ന്ന് വാക്കേറ്റമുണ്ടാവുകയും ബിന്ദു അമ്മിണിയെ തടയുകയും ചെയ്യുകയായിരുന്നു.
സുരക്ഷ തേടി കൊച്ചി കമ്മീഷണര്‍ ഓഫീസില്‍ എത്തിയെങ്കിലും ബിജെപി, ആര്‍എസ്എസ് പ്രതിഷേധം മൂലം ബിന്ദു അമ്മിണിക്ക് പുറത്തിറങ്ങാനായില്ല. ഇതിനിടെ ബിന്ദുവിന് നേരെ മുളക് സ്പ്രേ ആക്രമണവും നടന്നിരുന്നു. ഹിന്ദു ഹെല്‍പ്പ് ലൈന്‍ നേതാവ് ശ്രീനാഥാണ് ബിന്ദുവിന് നേരെ ആക്രമണം നടത്തിത്. സ്ത്രീത്വത്തെ അപമാനിച്ചതിന് ഇയാള്‍ക്കെതിരെ കേസെടുത്തിരുന്നു. എന്നാല്‍ തിരികെപ്പോകില്ലെന്നും ശബരിമല ദര്‍ശനത്തിനാണ് വന്നതെന്നും ബിന്ദു പറഞ്ഞെങ്കിലും സുരക്ഷ നല്‍കില്ലെന്നായിരുന്നു പൊലീസിന്റെ നിലപാട്.
കഴിഞ്ഞവര്‍ഷവും ദര്ശനത്തിനെത്തിനായി രഹ്ന ഫാത്തിമ ശബരിമലയില്‍ എത്തിയത് വന്‍ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. പോലീസ് സംരക്ഷണത്തില്‍ എത്തിയിട്ടും പ്രതിഷേധം നിയന്ത്രണാതീതമായതോടെ ദര്‍ശനം നടത്താതെ തിരിച്ചുപോവുകയായിരുന്നു.