FootballLatestNewsNews in BriefSportsWorld

ബ്രസീല്‍-ബല്‍ജിയം ക്വാര്‍ട്ടര്‍ ഫൈനലായിരിക്കും യഥാര്‍ത്ഥ ഫൈനല്‍

By എം.എസ് ലാല്‍

മാറയിൽ പ്രീ ക്വാർട്ടർ പോരിന് ബ്രസീൽ ഇറങ്ങുമ്പോൾ ഭീതിയുടെ കനൽ ആരാധകരിൽ എരിയുന്നുണ്ടായിരുന്നു. അകാലത്തിൽ ഒട്ടും വീരമല്ലാത്ത മൃത്യു നേരിട്ട മൂന്നു മുൻലോക ചാമ്പ്യന്മാരും ഒരു യൂറോ ചാമ്പ്യനും ഗതികിട്ടാ പ്രേതങ്ങളായി അലയുന്ന റഷ്യയിൽ മെക്സിക്കോയുടെ ആക്രമണ ഫുട്ബോളിനു മുൻപിൽ ബ്രസീൽ ഉലയുമോയെന്നതായിരുന്നു ആകാംക്ഷ.

കളിയുടെ തുടക്കത്തിൽ മെക്സിക്കൻ തിരമാലകൾ ബ്രസീലിയൻ ഗോൾ മുഖത്തേക്ക് നിരന്തരം കയറിയിറങ്ങിയ നിമിഷങ്ങൾ. മെക്സിക്കോയുടെ ഗോളെന്നുറച്ച നീക്കങ്ങൾ കാനറികളുടെ നെഞ്ചിൽ തീ കോരിയിട്ടു . പക്ഷെ തുടക്കം നിരീക്ഷിച്ച് പതുക്കെ താളം കണ്ടെത്തിയ ബ്രസീലിനെ വില്യൻ ടോപ് ഗിയറിലെത്തിച്ചു. ഇരു ടീമുകളും ആക്രമണാത്മക ഫുട്ബോൾ പുറത്തെടുത്തതോടെ ആവേശം അലയടിച്ചു.

രണ്ടാം പകുതി ബ്രസീലും മെക്സിക്കൻ ഗോളി ഒച്ചാവയും തമ്മിലുള്ള യുദ്ധമായിരുന്നു. ഗോളെന്നുറച്ച നിരവധി ഷോട്ടുകൾ ഒച്ചാവയുടെ കണ്ണുകൾ കണ്ടെടുത്ത് പുറത്തേക്കിട്ടില്ലായിരുന്നെങ്കിൽ മെക്സിക്കൻ തോൽവി ദയനീയമാക്കുമായിരുന്നു.

അൻപത്തിയൊന്നാം മിനിറ്റിൽ നെയ്മർ നേടിയ ഗോൾ എൺപത്തിയെട്ടാം മിനിട്ടിൽ ഫിർമിഞ്ഞോ നേടിയ ഗോളിന് സമാനമായിരുന്നു. ഇടതു വിംഗിൽ നിന്നും പന്തുമായി മുന്നേറിയ വില്യൻ ഗോളിയെ കീഴടക്കി പോസ്റ്റിലേക്ക് നീട്ടി നല്കിയ ക്രോസിൽ കാൽവെയ്ക്കുക മാത്രം മതിയായിരുന്നു നെയ്മർക്ക്.

നെയ്മർ നിരന്തരം ഫൗൾ ചെയ്തു വീഴ്ത്തപ്പെട്ടു. പലവട്ടം വീണ നെയ്മർ കളിക്കുന്നതിനാലാകണം ഈ ലോകകപ്പിൽ ബ്രസീൽ മത്സരങ്ങളിൽ മാത്രം എക്സ്ട്രാ ടൈം ഏറ്റവും കൂടുതൽ അനുവദിക്കപ്പെട്ടത്!

കളിയവസാനിക്കുമ്പോൾ സമാറയിലെ പുൽത്തകിടിയിൽ നിന്നും ക്വാർട്ടറിലേക്ക് അനായാസേന ഒരു യാത്ര. അത്ര മാത്രം.
ഇനി ആർക്കും എളുപ്പമാവില്ല. അത്രയ്ക്ക് ഈ ബ്രസീൽ ഒരു ടീമെന്ന നിലയിൽ ഇഴുകി ചേർന്നിരിയ്ക്കുന്നു. ടീമിലെ നെയ്മർ മുതൽ പകരക്കാരൻ ഫിർമീഞ്ഞോ വരെ തങ്ങളുടെ ജോലി അറിഞ്ഞു നിർവ്വഹിയ്ക്കുന്നു. മഞ്ഞക്കുപ്പായത്തിൽ കുട്ടീഞ്ഞോയും വില്യനും അനിർവ്വചനീയമായ ലഹരിയിൽ തന്നെയാണ് പന്ത് തട്ടുന്നത്. നെയ്മർ പോലും സ്വന്തം പേരിനപ്പുറത്ത് ബ്രസീൽ ടീമിന്റെ പേരിൽ ഗോൾ ചേർത്തുവെയ്ക്കുന്നു. അതുകൊണ്ടാണല്ലോ തന്റെ പേരിൽ ചേർക്കാവുന്ന എൺപത്തിയെട്ടാം മിനിറ്റിലെ മെക്സിക്കൻ ഗോൾ പോസ്റ്റിലേയ്ക്കുള്ള മുന്നേറ്റം ഒച്ചാവയെയും കടന്നിട്ടും ഫിർമീഞ്ഞോയുടെ കാലളവിലേയ്ക്ക് നെയ്മർ നീട്ടിക്കൊടുക്കുന്നതും ബ്രസീൽ രണ്ടാം ഗോൾ നേടുന്നതും!

ലോകഫുട്ബോളിലെ അഞ്ച് വൻശക്തികളിൽ നാലെണ്ണം റഷ്യ വിട്ടിരിക്കുന്നു; അവരുടെ ആരാധകരും. റഷ്യയെ ജൂലായ് 15 വരെ കാല്‍പ്പന്തിന്റെ മായക്കാഴ്ചയിൽ, അതിന്റെ ഉന്മാദം പെയ്യിച്ച് നില നിർത്താൻ ഇനി പേമാരി പോലെ അലച്ചു വരുന്ന ആരാധകർ അവശേഷിക്കുന്നത് കാനറികൾക്ക് മാത്രം. ലുഷ് നിക്കിയിലെ കിരീട രാവിലേക്ക് ഇനി ദൂരം ഒട്ടും വലുതല്ലായെന്ന് ബ്രസീൽ തിരിച്ചറിഞ്ഞിരിക്കുന്നു. പക്ഷെ, ക്വാർട്ടറിൽ കാത്തിരിക്കുന്നത് ബെൽജിയമാണ്. പ്രതിരോധവും ആക്രമണവും സമന്വയിപ്പിച്ച രണ്ടു ടീമുകൾ. നെയ്മറും ലുക്കാക്കുവും. ഹസ്സാർഡും കുട്ടീഞ്ഞോയും. യഥാർത്ഥ ഫൈനൽ ക്വാർട്ടറിൽ കാത്തിരിയ്ക്കുന്നു.

Like
Like Love Haha Wow Sad Angry
Tags
Show More

Related Articles

Close
Close