FootballLatestNewsNews in BriefSports

ജർമനി കൊല്ലപ്പെട്ട രാത്രിയിൽ ബ്രസീൽ വസന്തം പ്രീ ക്വാർട്ടറിൽ

ഗ്രൂപ്പ് ഇയിലെ അവസാനമത്സരത്തില്‍ സെര്‍ബിയയെ അനായാസം നിഷ്പ്രഭരാക്കി ഏകപക്ഷീയമായ രണ്ട് ഗോളുകള്‍ക്ക് ബ്രസീല്‍ ഗ്രൂപ്പ് ചാമ്പ്യന്മാരായി. മെക്‌സിക്കോയുമായി പ്രീക്വാര്‍ട്ടറില്‍ ബ്രസീല്‍ ഏറ്റുമുട്ടുന്ന നിമിഷത്തിലേയ്ക്ക് ഇപ്പോള്‍തന്നെ ആരാധകര്‍ കണ്ണുകളും കാതുകളും തുറന്നുവച്ചുകഴിഞ്ഞു. ജര്‍മ്മനിയെപ്പോലുള്ള ടീമുകളുടെ അകാലമൃത്യുവിനിടയില്‍ അതിജീവനങ്ങളും പുനര്‍ജന്മങ്ങളുമായി ബ്രസീലും അര്‍ജന്റീനയും ഈ ലോകകപ്പിനെ പ്രതീക്ഷാനിര്‍ഭരമാക്കുന്നു. പ്രശസ്ത അഭിഭാഷകനും എഴുത്തുകാരനുമായ എം.എസ് ലാല്‍ എഴുതുന്ന ഫുട്‌ബോള്‍ പരമ്പര തുടരുന്നു.

കൊറിയയാൽ കൊല്ലപ്പെട്ട ജർമനിയുടെ പതനം കൃത്യമായ പദ്ധതികളുമായി കളിക്കിറങ്ങുവാൻ ബ്രസീലിന് താക്കീതായിരുന്നു. മോസ്കോയിലെ സ്പാർട്ടക് സ്റ്റേഡിയത്തിൽ ക്യാപ്റ്റൻ മിറാൻഡയുടെ നേതൃത്വത്തിൽ സെർബിയയെ ബ്രസീൽ നേരിടുമ്പോൾ ജയത്തിൽ കുറഞ്ഞ മറ്റൊന്നും അവർ ലഷ്യം വെച്ചില്ല. പ്രീ ക്വാർട്ടറിലേക്ക് ഒരു സമനില മാത്രം മതിയായിരിക്കേ പ്രതിരോധ കോട്ട കെട്ടി അവർ കളിയെ വിരസമാക്കിയില്ല. മൈതാനത്ത് കാൽപന്ത് കൊണ്ട് കവിത മെനഞ്ഞ കുട്ടീഞ്ഞോയും കൂട്ടുകാരും ബ്രസീലിന്റ പ്രതാപകാലത്തെ കുറച്ചെങ്കിലും ഓർമ്മിപ്പിച്ചു.

നെയ്മറും കുട്ടീഞ്ഞോയും സെർബിയൻ ഡിഫൻസിനും ഗോളിക്കും ഒട്ടും വിശ്രമമനുവദിച്ചില്ല. മുപ്പത്തിയാറാം മിനിട്ടിൽ പൗളീഞ്ഞോ ഗോളിയുടെ മുകളിലൂടെ ചിപ് ചെയ്ത് നേടിയ ഗോളിന് കുട്ടിഞ്ഞോയുടെ പിന്തുണയായിരുന്നെങ്കിൽ അറുപത്തെട്ടാം മിനിറ്റിൽ തിയാഗോ സിൽവ കനത്ത ഹെഡറിലൂടെ വല തുളച്ച രണ്ടാം ഗോളിന്റെ സൂത്രധാരൻ നെയ്മറായിരുന്നു. പക്ഷെ, സെർബിയൻ ബോക്സിൽ നെയ്മർ സ്വന്തമായി ഗോൾ കണ്ടെത്തുന്നതിൽ മാത്രം പരാജയപ്പെട്ടുവെങ്കിലും സുന്ദരമായ നീക്കങ്ങളിലൂടെ സ്റ്റേഡിയത്തിൽ ആവേശം നിറച്ചു വെച്ചു.

സില്‍വ ബ്രസീലിന്റെ രണ്ടാംഗോള്‍ നേടുന്നു

മറുഭാഗത്ത് സെർബിയക്ക് വേണ്ടി കൊളറോവും സംഘവും പ്രത്യാക്രമണങ്ങളിലൂടെ ഗോൾ മടക്കാൻ ശ്രമിക്കുന്നുണ്ടായെങ്കിലും ആലിസൺ തന്റെ ഗോൾ പോസ്റ്റിലേക്ക് സെർബിയൻ പന്തുകളെ കടത്തിവിട്ടില്ല. അറുപതിനും അറുപത്തയഞ്ചിനും മിനുറ്റുകൾക്കിടയിൽ സെർബിയൻ ആക്രമണം അതിന്റെ പാരമ്യതയിൽ എത്തി. ആ അഞ്ചു നിമിഷം സെർബിയ മാത്രം കളത്തിൽ ഉണ്ടായിരുന്നുള്ളൂ. പക്ഷെ തുടർന്ന് നിയന്ത്രണം തിരികെ ഏറ്റെടുത്ത ബ്രസീൽ അവസാന വിസിൽ മുഴങ്ങുമ്പോൾ പ്രീ ക്വാർട്ടർ ഉറപ്പിച്ചിരുന്നു.

ബ്രസീലിന്റെ ഗോള്‍ പുളകിത നിമിഷം

പക്ഷെ, ലോകം കാത്തിരുന്ന ആ പ്രതികാരത്തിന്, ചരിത്രത്തിന്റ പൊളിച്ചെഴുത്തിന് ബ്രസീലിന്റെ കളിക്കാരെ കാത്ത് പ്രീ ക്വാർട്ടറിൽ ജർമനിയിനിയില്ലായെന്ന സത്യം മാത്രം ഫുട്ബോൾ സ്നേഹികളെ വിഷമിപ്പിയ്ക്കുന്നു. ലോക റാങ്കിങ്ങിൽ അൻപത്തിയേഴാം സ്ഥാനം മാത്രമുള്ള കൊറിയയോട് തോറ്റ് ലോക ചാമ്പ്യന്മാർ പുറത്തായ ദിവസം എക്കാലത്തെയും ലോകജേതാക്കളായ ബ്രസീലിന്റെ ഇന്നത്തെ കളിക്കളത്തിലെ കളിയഴകും ഒത്തിണക്കവും ആരാധകരെ ആവേശത്തിലാക്കിയിരിക്കുന്നു.

Like
Like Love Haha Wow Sad Angry
Tags
Show More

Related Articles

Close
Close