FootballLatestNewsSports

വമ്പൻമാർ വിറയ്ക്കുന്ന ലോകകപ്പ്

ബ്രസീലിനെ സ്വിറ്റ്‌സര്‍ലന്‍ഡ് സമനിലയില്‍ (1-1) തളച്ച മത്സരനിമിഷങ്ങള്‍. ജര്‍മ്മനിയെ അട്ടിമറിച്ച (1-0) മെക്‌സിക്കന്‍ അത്യപാരത. പ്രശസ്ത അഭിഭാഷകനും എഴുത്തുകാരനുമായ എം.എസ് ലാല്‍ എഴുതുന്ന ഫുട്‌ബോള്‍ പരമ്പര

 

ർമനിയുടെ തോൽവിയ്ക്ക് പിന്നാലെ ബ്രസീലിന് സ്വിസ്സിന്റെ സമനിലപ്പൂട്ട്.
ലോകഫുട്ബോളിന്റെ നെറുകയിൽ നിന്ന് ജർമനിയുടെയും ബ്രസീലിന്റെയും പെരുമയുടെ പൊൻകിരീടങ്ങൾ വീണുടയുന്നതിന് ലുഷ്നിക്കിയും റുസ്തോവ് അരേണയും സാക്ഷ്യം വഹിച്ചു.

മെക്സിക്കോയുടെ ആക്രമണ ശേഷിയും രണ്ടാം പകുതിയിലെ പ്രതിരോധമികവും സർവ്വോപരി തുറക്കാനാകാത്ത ഉരുക്ക് പൂട്ടിട്ടു പൂട്ടി ഗോൾ പോസ്റ്റിന് കാവൽ നിന്ന ഗില്ലർമോ ഒച്ചാമയുടെ മിടുക്കും ജർമനിയെ തളർത്തിയപ്പോൾ മെക്സിക്കോ ജയിച്ചത് ലൊസാനോയുടെ മികച്ച ഒരു ഗോളിലായിരുന്നു.

ബുദ്ധി കൊണ്ട് കളിക്കുന്നവർ എന്ന് വാഴ്ത്തപ്പെട്ട ജർമ്മൻ പട കാൽ കൊണ്ട് കളിക്കാൻ മറന്നു പോയപ്പോൾ അത് ഈ ലോകകപ്പിലെ ഏറ്റവും വലിയ അട്ടിമറിയായി. മിന്നുന്ന ഫോമിൽ ഇംഗ്ലീഷ് ലീഗിൽ മാഞ്ചസ്റ്റർ സിറ്റിയ്ക്ക് വേണ്ടി കളിയ്ക്കുന്ന ലെറോയ് സെയിനെ ഒഴിവാക്കി ജൂലിയൻ ബ്രാന്റിറ്റിനെ ലോകകപ്പ് സ്ക്വാഡിൽ ഉൾപ്പെടുത്തിയ ജോക്വിം ലോയുടെ തിരുമാനം ന്യായീകരിക്കുന്നതായില്ല പകരക്കാരനായിറങ്ങിയ ബ്രാൻറിറ്റിന്റെ പ്രകടനം.

മെക്‌സിക്കോയുടെ ലോസാനേ ആദ്യഗോള്‍ നേടുന്നു

അർജൻറീനയെയും മെസ്സിയെയും തളച്ച ഐസ് ലൻറ് വീരകഥ ഇന്നലെ മുതൽ പാടി നടന്ന ബ്രസീൽ ആരാധകർക്ക് സ്വിറ്റ്സർലന്റിനെതിരെ  വിജയത്തിൽ കുറഞ്ഞ മറ്റൊന്നും ആഗ്രഹിക്കാനാകുമായിരുന്നില്ല. മെസ്സി തോറ്റിടത്ത് നെയ്മർ ജയിക്കുന്നത് കാണുവാൻ, അർജൻറീനിയൻ ഫാൻസിന് കാണിച്ചു കൊടുക്കുവാൻ വന്ന മഞ്ഞക്കുപ്പായക്കാരെ കൊണ്ട് റുസ്താവ് അരേണ സ്റ്റേഡിയം നിറഞ്ഞ് കവിഞ്ഞിരുന്നു.

കളിയുടെ ആദ്യ പാദം കാനറികളുടേതായിരുന്നു. ജീസസിന് പുറകിൽ വില്യൻ, കുട്ടീന്യോ, നെയ്മർ എന്നിവർ അണിനിരന്നു. വില്യനും കുട്ടീന്യോയും നിരന്തരം സ്വിസ്സ് ഗോൾ മുഖം ആക്രമിച്ചു. ഇടയ്ക്ക് കൗണ്ടർ അറ്റാക്ക് എന്നതായിരുന്നു സ്വിസ്സ് തന്ത്രം. ഒടുവിൽ ഇരുപതാം മിനുറ്റിൽ അതി മനോഹരമായ ഒരു ലോംഗ് റേഞ്ചറിലൂടെ കുട്ടീന്വോ സ്വിസ്സ് വല കുലുക്കുമ്പോൾ ഗോളി സോമ്മർ നിസ്സഹായനായിരുന്നു.

ഗോൾ വീണതിനെ തുടർന്ന് സ്വിസ്സ് ടീം ഉണർന്നു കളിക്കുകയും ബ്രസീൽ ഗോൾ മുഖം നിരന്തരം പരീക്ഷിക്കപ്പെടുകയും ചെയ്തു. നെയ്മറിനെ മാർക്ക് ചെയ്ത് പിടിച്ചു കെട്ടുന്നതിനുള്ള വ്ലാഡിമിർ പെറ്റ്ക്കോവിക്കിന്റെ നിർദ്ദേശം ബേഹ്രാമി കൃത്യമായി ആസ്വദിച്ച് നടപ്പാക്കിയതോടെ നെയ്മറിന് തന്റെ സ്വതസിദ്ധമായ താളം നഷ്ടപ്പെട്ടു. നെയ്മർക്കെതിരായ ഫൗളുകൾ തുടർന്നതോടെ മഞ്ഞക്കാർഡുകളുടെ എണ്ണവും കൂടി . പക്ഷെ അപ്പോഴേയ്ക്കും ബ്രസീലിയൻ കളിയൊഴുക്ക് തടസ്സപ്പെട്ടിരുന്നു.

ഒന്നാം പകുതിയിൽ കിട്ടിയ മികച്ച അവസ്സരങ്ങൾ ഗോളാക്കാൻ ബ്രസീൽ നിരയ്ക്കായില്ല. രണ്ടാം പകുതിയുടെ തുടക്കം മുതൽ സ്വിസ്സ് ടീം ആക്രമിച്ചു കളിച്ചു. അമ്പതാം മിറ്റിൽ അതിന് ഫലവുമുണ്ടായി. ഷെക്കീരിയെടുത്ത കോർണർ ഗോൾ പോസ്റ്റിന് മുന്നിൽ വന്നിറങ്ങുമ്പോൾ മിറാൻഡ മിഴിച്ചു നില്ക്കുകയായിരുന്നു. അഞ്ച് പ്രതിരോധക്കാർ കാഴ്ചക്കാരായി നില്ക്കേ അവർക്കിടയിൽ മാർക്ക് ചെയ്യപ്പെടാതെ നിന്നിരുന്ന സ്റ്റീവൻ സ്യൂബർ കനത്ത ഒരു ഹെഢറിലൂടെ പന്ത് വലയിലെത്തിച്ചു.

സമനിലയാഗ്രഹിച്ച് കളി തുടർന്ന സ്വിസ്സ് കളിക്കാരുടെ പ്രതിരോധത്തെ കീറി മുറിക്കാനുള്ള ശേഷി നെയ്മറിനും സംഘത്തിനുമില്ലായിരുന്നു. നെയ്മറിനെ വീഴ്ത്തിയതിന് മഞ്ഞക്കാർഡ് കണ്ടതോടെ ബേഹ്രാമിയെ കോച്ച് പിൻവലിച്ച് സക്കറിയയെ ചുമതലയേൽപ്പിച്ചു. ഇതിനിടയിൽ പൗളീഞ്ഞോയ്ക്ക് പകരം റെനേറ്റോയെയും ജീസസിനു പകരം ഫേമിനോയെയും കാസെ മിറോയ്ക്ക് പകരം ഫെർണാണ്ടീഞ്ഞോയെയും ഒക്കെ ടിറ്റെ പരീക്ഷിച്ചെങ്കിലും ഗോൾ മാത്രമൊഴിഞ്ഞു നിന്നു.

തൊണ്ണൂറ്റിയൊന്നാം മിനിറ്റിൽ മറ്റൊരു സുവർണാവസരം പോസ്റ്റിന് പുറത്തേക്ക് അടിച്ച് മിറാൻഡ തുലച്ച് കളഞ്ഞു. ഇഞ്ചുറി ടൈമിന്റെ ഒടുവിൽ ലഭിച്ച ഫ്രീ കിക്ക് എടുക്കാൻ ബ്രസീലിന്റെ രാജകുമാരൻ നെയ്മർ വരുമ്പോൾ സ്റ്റേഡിയത്തിലെ മഞ്ഞക്കുപ്പായക്കാർ ഒന്നടങ്കം നെഞ്ചിൽ കൈകൂട്ടിപ്പിടിച്ച് ഉദ്വേഗത്തോടെ എഴുന്നേറ്റ് നിന്നു. നെയ്മറിന്റെ ഷോട്ട് ഒടുവിൽ കോർണർ ആയി മാറിയെങ്കിലും പക്ഷെ ഒരു ഗോളിനുള്ള അവസരമുണ്ടായില്ല. വിജയത്തിനേക്കാൾ കനമുള്ള സമനിലയുമായി സ്വിറ്റ്സർലാണ്ടുകാർ ആഘോഷം തീർക്കുമ്പോൾ ബ്രസീൽ ആശ്വസിച്ചു കാണും; ദുരന്തം ജർമനിയോളം വന്നില്ലല്ലോയെന്ന്!

Like
Like Love Haha Wow Sad Angry
Tags
Show More

Related Articles

Close
Close