KeralaNewsNewsNews in Brief

വല്ലപ്പുഴ ഗ്രാമപഞ്ചായത്ത് 9 വർഷമായി കെട്ടിട നമ്പർ നൽകിയില്ല; പ്രവാസി സഹോദരങ്ങൾ ആത്മസംഘര്‍ഷത്തില്‍

By Web Desk

യു ഡി എഫ് ഭരണസമിതി കെട്ടിടത്തിന് അനുമതി നൽകാത്തതുമൂലം പ്രവാസി സഹോദരങ്ങൾ കടം കയറി ജീവിതമാര്‍ഗ്ഗമില്ലാത്ത അവസ്ഥയിലായി. പാലക്കാട്ടെ വല്ലപ്പുഴ ഗ്രാമപഞ്ചായത്താണ് അനുമതി നൽകാത്തത്. വല്ലപ്പുഴ റെയിൽവേ സ്‌റ്റേഷൻ റോഡിൽ നിർമ്മിച്ച ഇരു നില കെട്ടിടത്തിനാണ് ഒമ്പതു വർഷമായി കെട്ടിട നമ്പർ ലഭിക്കാത്തത്. ഇതോടെ സഹോദരങ്ങൾ ദുരിതത്തിലായി .

വിദേശത്ത് മൂന്നര പതിറ്റാണ്ട് കഷ്ടപ്പെട് ജോലി ചെയ്തുണ്ടാക്കിയ സമ്പത്ത് ഉപയോഗിച്ച് 2009ൽ വല്ലപ്പുഴ തിരുണ്ടിക്കൽ ഹംസയും സഹോദരൻ യുസഫും വല്ലപ്പുഴയിൽ സ്ഥലം വാങ്ങി കെട്ടിടം നിർമ്മാണം ആരംഭിക്കുകയായിരുന്നു. ഇതിനായി ബാങ്കിൽ നിന്ന് 50 ലക്ഷം രൂപ വായ്പയും എടുത്തു. കെട്ടിടത്തിലെ മുറികൾ വാടകക്ക് നൽകി ശേഷിച്ച കാലം നാട്ടിൽ ജീവിക്കാം എന്നു കരുതിയായിരുന്നു പണം മുടക്കിയത്.

കടം വാങ്ങിയ തുകക്ക് പലിശ നൽകി. കയ്യിലുണ്ടായിരുന്ന മറ്റു സമ്പാദ്യവും നഷ്ടമായി. ഇതിനകം കെട്ടിടത്തിനായി രണ്ടു കോടിയോളം രൂപ ചെലവായി കഴിഞ്ഞു. ഇനി എന്തു ചെയ്യാനാണെന്ന ചിന്തയിലാണ് ഇരുവരും. യുഡിഎഫ് നേതൃത്വം നൽകുന്ന വല്ലപ്പുഴ ഗ്രാമ പഞ്ചായത്ത് ഇവർക്ക് കെട്ടിടത്തിന് നമ്പർ നൽകാതിരിക്കാൻ ഉന്നയിച്ച വാദങ്ങൾ നിരവധിയാണ്. ആദ്യഘട്ടത്തിൽ മൂന്ന് നില കെട്ടിടം പണിയാനായിരുന്നു ഹംസയും, യൂസഫും പദ്ധതി ഇട്ടിരുന്നത്.

എന്നാൽ ഫയർ ആന്റ് സേഫ്റ്റി അനുമതി ആവശ്യമായതിനാൽ കെട്ടിടം രണ്ടു നിലയാക്കാം എന്ന് ഇരുവരും തിരുമാനിക്കുകയായിരുന്നു. നമ്പറിന് അപേക്ഷിച്ചപ്പോൾ ആദ്യം റോഡിൽ നിന്നും കെട്ടിടത്തിലേക്ക് വേണ്ട ദൂരം പാലിച്ചിട്ടില്ല എന്നതായിരുന്നു വാദം. ഇത് അളന്ന് തിട്ടപ്പെടുത്തിയപ്പോൾ റോഡിന് അപ്പുറത്തുള്ള റെയില്‍വേയുടെ അനുമതി വേണമെന്ന് പറഞ്ഞു. ഇത് ഹാജരാക്കിയപ്പോൾ പി ഡബ്ലിയു ഡി യുടെ അനുമതിയും തുടർന്ന് സമീപവാസികളുടെ അനുമതിയും ആവശ്യപ്പെട്ടു. ഇവയെല്ലാം ഹാജരാക്കിയിട്ടും ഫലമുണ്ടായില്ല.

പിന്നീട് ഓംബുഡ്സ്മാനിൽ പരാതി എത്തി. തുടർന്ന് സ്ഥലം താലൂക്ക് സർവ്വേയറെ കൊണ്ടുവന്ന് അളന്ന് കെട്ടിടത്തിന് റോഡില്‍ നിന്നും മൂന്ന് മീറ്റര്‍ ദൂരമുണ്ടെന്ന് റിപ്പോർട്ട് നൽകുകയും ചെയ്തു. എന്നാൽ ഇപ്പോൾ ടൗൺ പ്ലാനറുടെ റിപ്പോർട്ടുകൂടി കിട്ടട്ടെ എന്ന വാശിയിലാണ് ഗ്രാമപഞ്ചായത്ത് അധികൃതർ.

സെക്രട്ടറിയുടെ അധികാര പരിധിയിൽ തീർപ്പാക്കാൻ കഴിയുന്ന വിഷയം ഇപ്പോൾ ഗ്രാമ പഞ്ചായത്ത് ടൗൺ പ്ലാനറുടെ റിപ്പോർട്ടിനായി അയച്ചിരിക്കുകയാണ്.കെട്ടിടത്തിന് നമ്പർ ലഭിക്കാനുള്ള കാത്തിരിപ്പിന് ഉടൻ പരിഹാരമുണ്ടായില്ലെങ്കിൽ രണ്ടു കുടുംബങ്ങളുടെ ജീവിതം ഗതിമുട്ടുന്ന അവസ്ഥയിലാകും.

Like
Like Love Haha Wow Sad Angry
Tags
Show More

Related Articles

Close
Close