LatestNationalNewsNews in Brief

‘ഇവിടെ രാഷ്ട്രീയമില്ല’; ബേലൂര്‍ മഠത്തിലെ മോദിയുടെ രാഷ്ട്രീയ പ്രസംഗത്തില്‍ രാമകൃഷ്ണ മിഷന് അതൃപ്തി

By web desk

സ്വാമി വിവേകാനന്ദന്‍ സ്ഥാപിച്ച പശ്ചിമബംഗാളിലെ രാമകൃഷ്ണ മിഷന്‍ ആസ്ഥാനത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി രാഷ്ട്രീയ പ്രസംഗം നടത്തിയതില്‍ അതൃപ്തിയറിച്ച് മിഷന്‍ അംഗങ്ങള്‍. മോദിയുടെ പ്രസംഗത്തിനെതിരെ പ്രതിപക്ഷ പാര്‍ട്ടികള്‍ ഉള്‍പ്പെടെ രംഗത്തെത്തിയതിന് പിന്നാലെയാണ് രാമകൃഷ്ണ മിഷനും അതൃപ്തിയറിക്കുന്നത്. ബേലൂര്‍ മഠത്തിന്റെ വേദിയെ രാഷ്ട്രീയമായി ഉപയോഗിക്കരുതായിരുന്നു എന്ന് കാട്ടി, രാമകൃഷ്ണാ മിഷനിലെ ഒരു വിഭാഗം സന്യാസിമാര്‍ മഠത്തിന്റെ മേധാവിമാര്‍ക്ക് കത്ത് നല്‍കുകയും ചെയ്തു.

രണ്ട് ദിവസത്തെ പശ്ചിമബംഗാള്‍ സന്ദര്‍ശനത്തിന് എത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി ശനിയാഴ്ചയാണ് ബേലൂര്‍ മഠത്തിലെത്തിയത്. ശ്രീരാമകൃഷ്ണ പരമഹംസര്‍ക്ക് ആദരമര്‍പ്പിച്ച ശേഷം, വിവേകാനന്ദസ്വാമി ഉപയോഗിച്ചിരുന്ന മുറിയിലും മോദി സന്ദര്‍ശനം നടത്തി. ഞായറാഴ്ച ഈ ചിത്രങ്ങള്‍ മോദിയുടെ ഔദ്യോഗിക ഹാന്‍ഡിലില്‍ നിന്ന് ട്വീറ്റ് ചെയ്യുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ നടത്തിയ പല മറ്റ് പരിപാടികളിലും മോദി പൗരത്വ നിയമഭേദഗതിയെക്കുറിച്ച് നിരവധി പരാമര്‍ശങ്ങളാണ് നടത്തിയത്. പൗരത്വ നിയമഭേദഗതിയെച്ചൊല്ലി പശ്ചിമബംഗാളില്‍ പ്രതിഷേധം കടുക്കുകയാണ്. മോദിക്കെതിരെ തന്നെ വലിയ പ്രതിഷേധങ്ങളാണ് നടന്നത്. ‘പൗരത്വം എടുത്ത് കളയാനല്ല, പൗരത്വം നല്‍കാനാണ് നിയമഭേദഗതി കൊണ്ടുവന്നത്’ എന്ന് പറഞ്ഞ മോദി ഇതിനെതിരെ രാജ്യത്തെ യുവാക്കളെ പ്രതിപക്ഷം വഴി തിരിച്ചുവിടുകയാണെന്നും ആരോപിച്ചിരുന്നു.

പൗരത്വ നിയമഭേദഗതി വലിയ രാഷ്ട്രീയവിവാദമായ പശ്ചിമബംഗാളില്‍, സംസ്ഥാനത്തിന്റെ സാംസ്‌കാരികചിഹ്നമായി കണക്കാക്കപ്പെടുന്ന ബേലൂര്‍ മഠത്തില്‍ മോദിയെ ഈ സന്ദര്‍ശനവേളയില്‍ തന്നെ വരാന്‍ അനുവദിക്കുകയും അതിന്റെ ചിത്രങ്ങള്‍ ട്വീറ്റ് ചെയ്യാന്‍ അനുവദിക്കുകയും ചെയ്തത് തെറ്റായ രാഷ്ട്രീയസന്ദേശം നല്‍കുമെന്നാണ് ഇതിനെതിരായി നിലപാടെടുത്ത സന്യാസിമാര്‍ വ്യക്തമാക്കുന്നത്.

രാഷ്ട്രീയ പ്രസ്ഥാനമല്ലാത്ത, അതുമായി ബന്ധമില്ലാത്ത രാമകൃഷ്ണ മിഷന്‍ ആസ്ഥാനത്തുവച്ചു മോദി രാഷ്ട്രീയ സന്ദേശങ്ങള്‍ നല്‍കിയത് വേദനിപ്പിച്ചെന്ന് മിഷന്‍ അംഗം ഗൗതം റോയി പറഞ്ഞു. രാമകൃഷ്ണ മിഷന്‍ അടുത്തിടെ രാഷ്ട്രീയവത്കരിക്കപ്പെടുകയാണെന്നും ആര്‍എസ്എസുമായി ബന്ധമുള്ളവര്‍ക്ക് ഇവിടെ പ്രത്യേക പരിഗണന ലഭിക്കുന്നുണ്ടെന്നും മോദിയുടെ സന്ദര്‍ശനം ഇതിന്റെ ഭാഗമാണെന്നു സംശയിക്കുന്നെന്നും റോയി കുറ്റപ്പെടുത്തി.

മോദിയുടെ രാഷ്ട്രീയ പ്രസംഗത്തില്‍ അഭിപ്രായം പറയാനില്ലെന്ന് രാമകൃഷ്ണമിഷന്‍ ജനറല്‍ സെക്രട്ടറി സ്വാമി സുവിരാനന്ദ പറഞ്ഞു. രാമകൃഷ്ണമിഷന്‍ ഒരു രാഷ്ട്രീയ പ്രസ്ഥാനമല്ല. തങ്ങള്‍ വീടുവിട്ട് ഇവിടെ വന്നിരിക്കുന്നത് ആത്മീയ ജീവിതം നയിക്കാനാണ്. ഇത്തരം നൈമിഷികമായ കാര്യങ്ങള്‍ക്കൊന്നും തങ്ങള്‍ മറുപടി പറയില്ലെന്നും സുവിരാനന്ദ വ്യക്തമാക്കി. തങ്ങള്‍ എല്ലാവരെയും ഉള്‍ക്കൊള്ളുന്ന ഒരു സംവിധാനമാണ്. ഹിന്ദുക്കളും മുസ്ലിംകളും ക്രിസ്ത്യാനികളും ഒക്കെ ഇവിടെയുണ്ടാവും. ഇവിടെ ഞങ്ങളെല്ലാവരും ഒരമ്മപെറ്റ സഹോദരങ്ങളെപോലെയാണു കഴിയുന്നത്. തങ്ങളെ സംബന്ധിച്ചിടത്തോളം നരേന്ദ്ര മോദി രാജ്യത്തിന്റെ നേതാവും മമത ബാനര്‍ജി പശ്ചിമ ബംഗാളിന്റെ നേതാവുമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മോദിയുടെ പരിപാടിയില്‍ മറ്റു ചില മുതിര്‍ന്ന സന്യാസികള്‍ പങ്കെടുത്തിരുന്നില്ല. രാമകൃഷ്ണമിഷനെ രാഷ്ട്രീയ വേദിയാക്കുന്നതിലുള്ള അതൃപ്തിയാണ് ഇത്തരത്തില്‍ മുതിര്‍ന്ന അംഗങ്ങള്‍ വിട്ടുനില്‍ക്കാന്‍ കാരണമായതെന്നാണ് സൂചന.

Like
Like Love Haha Wow Sad Angry
Tags
Show More

Related Articles

Close
Close