CrimeKeralaLatestNews

അമ്മയെ അസഭ്യം പറഞ്ഞ്‌ മകനെ തല്ലി: കെബി ഗണേഷ്‌കുമാറിനെതിരെ കേസ്‌

എംഎല്‍എയ്‌ക്ക്‌ സൈഡ്‌ കൊടുക്കാതിരുന്നാല്‍ സ്വന്തം മണ്ഡലത്തിലെ വോട്ടറായാലും മറ്റു മണ്ഡലത്തിലെ വോട്ടറായാലും ശരി ഇടി കിട്ടും, അസഭ്യവര്‍ഷവും കിട്ടും. അത്‌ സിനിമാനടന്‍ കൂടിയായ എംഎല്‍എ വകയാണെങ്കില്‍ അസഭ്യവര്‍ഷത്തിന്‌ സിനിമാഡയലോഗുകളുടെ ഊക്കും ഇടിക്ക്‌ മാഫിയാശശിയുടെ കരുത്തും ഉണ്ടായിരിക്കും. പത്തനാപുരം എംഎല്‍എ കെ.ബി ഗണേഷ്‌കുമാറും ഡ്രൈവറും കൂടി ഒരു വീട്ടമ്മയെയും അവരുടെ മകനെയും അസഭ്യം പറഞ്ഞ്‌ മര്‍ദ്ദിച്ചുവെന്നാണ്‌ പരാതി. പരാതിയില്‍ അഞ്ചല്‍ പോലീസ്‌ കേസ്‌ രജിസ്‌റ്റര്‍ ചെയ്‌തു.

കൊല്ലം അഞ്ചലില്‍ ശബരിഗിരിക്ക്‌ സമീപത്താണ്‌ സംഭവം. ഒരു മരണവീട്ടിലേയ്‌ക്ക്‌ പോവുകയായിരുന്നു ഗണേഷ്‌കുമാര്‍. അതേ സമയം മരണവീട്ടില്‍ നിന്ന്‌ അമ്മ ഷീനയ്‌ക്കൊപ്പം കാറില്‍ മടങ്ങുകയായിരുന്നു അഞ്ചല്‍ സ്വദേശി അനന്തകൃഷ്‌ണന്‍. ഇരുവരുടെയും വാഹനങ്ങള്‍ മുഖാമുഖം വന്നു. ഗണേഷ്‌കുമാറിന്റെ വാഹനം അല്‌പം പുറകോട്ടെടുത്താല്‍ ഇരുവര്‍ക്കും സുഖകരമായി മുന്നോട്ടുപോകാമായിരുന്നുവെന്ന്‌ അനന്തകൃഷ്‌ണന്‍ പറഞ്ഞു. പക്ഷേ എംഎല്‍എയുടെ വാഹനം പുറകോട്ടെടുത്തില്ല. തുടര്‍ന്ന്‌ ഏറെ നേരത്തെ ശ്രമത്തിന്‌ ശേഷം അനന്തകൃഷ്‌ണന്‍ തന്റെ വാഹനം പുറകോട്ടെടുത്തു. യാത്ര പുറപ്പെടുംമുമ്പ്‌ അമ്മ ഗണേഷ്‌കുമാറിനോട്‌ ‘സാറിന്‌ ഒന്ന്‌ റിവേഴ്‌സ്‌ എടുത്താല്‍ പോരായിരുന്നോ’ എന്ന്‌ ചോദിച്ചതായി അനന്തകൃഷ്‌ണന്‍ പറയുന്നു. അതുകേട്ടതും ‘നീയാരാടീ ചോദിക്കാന്‍’ എന്ന്‌ പറഞ്ഞുകൊണ്ട്‌ കൈവിരല്‍ കൊണ്ട്‌ അസഭ്യആംഗ്യം കാണിച്ച്‌ എംഎല്‍എ പുറത്തുവന്ന്‌ തന്റെ കരണത്തടിച്ചുവെന്നാണ്‌ അനന്തകൃഷ്‌ണന്‍ പരാതിയില്‍ പറയുന്നത്‌.

തൊട്ടുപിറകെ ഇറകിവന്ന ഡ്രൈവറും മര്‍ദ്ദനം തുടര്‍ന്നുവെന്ന്‌ അനന്തകൃഷ്‌ണന്‍ പറയുന്നു. എംഎല്‍എയുടെ വാഹനം പുറകോട്ടെടുത്താല്‍ ഗതാഗത തടസ്സം നീങ്ങുമായിരുന്നു. തന്നെ അടിച്ചത്‌ ചോദ്യം ചെയ്‌തപ്പോള്‍ പരാതിയുണ്ടെങ്കില്‍ കൊണ്ടുപോയി കേസ്‌ കൊടുത്തോളൂ എന്ന്‌ ഗണേഷ്‌കുമാര്‍ വെല്ലുവിളിച്ചതായും അനന്തകൃഷ്‌ണനും പറഞ്ഞു.

അനന്തകൃഷ്‌ണന്റെ ശരീരത്തില്‍ മര്‍ദ്ദനമേറ്റ പാടുകളുണ്ട്‌. അഞ്ചല്‍ ഗവണ്‍മെന്റ്‌ ആശുപത്രിയില്‍ പ്രാഥമിക ചികിത്സ തേടിയ ശേഷം സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്‌ അനന്തകൃഷ്‌ണന്‍.

 

Like
Like Love Haha Wow Sad Angry
Tags
Show More

Related Articles

Close
Close