HealthKeralaLatestNationalNewsNews in Brief

മോര്‍ച്ചറിയിലെ മൃതദേഹങ്ങളെപ്പോലെ മീനുകള്‍; കേരളത്തിലേക്ക്‌ ഒഴുകുന്നത്‌ ഫോര്‍മാലിന്‍ മുക്കിയ വിഷമത്സ്യങ്ങള്‍, കൊല്ലത്ത്‌ 9,500 കിലോ വിഷമീന്‍ പിടിച്ചെടുത്തു

By Web Desk

കൊല്ലം ആര്യങ്കാവില്‍ ഫോര്‍മാലിന്‍ കലര്‍ന്ന 9,500 കിലോ മീന്‍ പിടിച്ചെടുത്തതോടെ സംസ്ഥാനത്തേക്ക്‌ അയല്‍സംസ്ഥാനങ്ങളില്‍ നിന്ന്‌ വിഷം കലര്‍ന്ന മീന്‍ വന്‍തോതില്‍ ഇറക്കുമതി ചെയ്യുകയാണെന്ന വസ്‌തുതയ്‌ക്ക്‌ സ്ഥിരീകരണമായി. മൃതദേഹം കേടുവരാതെ സൂക്ഷിക്കാന്‍ ഉപയോഗിക്കുന്ന ഫോര്‍മാലിന്‍ നാം കഴിക്കുന്ന മത്സ്യത്തിനൊപ്പം ശരീരത്തിലെത്തിയാല്‍ ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളാണ്‌ ഉണ്ടാവുക. ഓപ്പറേഷന്‍ സാഗര്‍റാണി എന്ന്‌ പേരിട്ട്‌ സുരക്ഷാഉദ്യോഗസ്ഥര്‍ സംയുക്തമായി നടത്തിയ റെയ്‌ഡിലാണ്‌ മീന്‍ പിടിച്ചെടുത്തത്‌. തമിഴ്‌നാട്ടില്‍ നിന്നുള്ള മീനാണ്‌ ആര്യങ്കാവില്‍ പിടിച്ചെടുത്തത്‌.

സംസ്ഥാനത്തിന്റെ വിവിധ ജില്ലകളിലേയ്‌ക്ക്‌ എത്തിക്കാനായി കൊണ്ടുവന്ന മീനാണ്‌ ഇന്നലെ രാത്രിയില്‍ നടത്തിയ പരിശോധനയില്‍ പിടിച്ചെടുത്തത്‌. ഇതില്‍ ഏഴായിരം കിലോ ചെമ്മീനും മറ്റുള്ളവ വിവിധയിനം മത്സ്യങ്ങളുമാണ്‌. പരിശോധനയില്‍ ഇവയിലെല്ലാം വലിയ തോതില്‍ ഫോര്‍മാലിന്‍ കലര്‍ന്നതായി തെളിഞ്ഞു.

ട്രോളിംഗ്‌ നിരോധനകാലമായതിനാല്‍ ഇവിടെ ആഴക്കടലില്‍ നിന്നുള്ള മത്സ്യങ്ങള്‍ കിട്ടാത്തതിനാല്‍ വിവിധ സംസ്ഥാനങ്ങളില്‍ നിന്ന്‌ കേരളത്തിലേക്ക്‌ വരുന്ന മത്സ്യങ്ങളില്‍ ഭൂരിപക്ഷത്തിലും വന്‍ തോതില്‍ ഫോര്‍മാലിന്‍ കലര്‍ന്നിട്ടുണ്ടെന്നാണ്‌ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്‌. ചെക്ക്‌ പോസ്‌റ്റുകളില്‍ പരിശോധന കര്‍ശനമാക്കിയശേഷവും ഫോര്‍മാലിന്‍ കലര്‍ന്ന മത്സ്യം വീണ്ടും കണ്ടെത്തുന്നത്‌ ആശങ്കാജനകമാണ്‌. അതേസമയം ചെക്ക്‌ പോസ്‌റ്റുകളില്‍ ഉദ്യോഗസ്ഥരില്‍ ചിലര്‍ നടത്തുന്ന പരിശോധന കാര്യക്ഷമമല്ലെന്നും അനാസ്ഥ കാണിക്കുകയാണെന്നും പരാതിയുണ്ട്‌.

ആന്ധ്രയില്‍ നിന്ന്‌ കൊണ്ടുവരികയായിരുന്ന നാല്‌ ടണ്‍ ചെമ്മീന്‍ കഴിഞ്ഞ ദിവസം പാലക്കാട്‌ വാളയാറില്‍ തടഞ്ഞ്‌ പരിശോധിച്ചപ്പോള്‍ അവയിലും ഫോര്‍മാലിന്‍ കലര്‍ത്തിയതായി കണ്ടെത്തിയിരുന്നു. എറണാകുളത്തേക്ക്‌ കൊണ്ടുവന്നതായിരുന്നു ചെമ്മീന്‍. ഇത്‌ ഭക്ഷ്യയോഗ്യമല്ലാത്തതിനാല്‍ തിരിച്ചയച്ചിരുന്നു. തിരുവനന്തപുരം അമരവിള ചെ്‌ക്ക്‌പോസ്‌റ്റില്‍ ഭക്ഷ്യസുരക്ഷാവിഭാഗം നടത്തിയ പരിശോധനയില്‍ വിവിധ സംസ്ഥാനങ്ങളില്‍ നിന്ന്‌ എത്തിയ 6,000 കിലോഗ്രാം മത്സ്യത്തില്‍ ഫോര്‍മാലിന്‍ വന്‍തോതില്‍ അടങ്ങിയതായി കണ്ടെത്തിയിരുന്നു. ഈ മത്സ്യം കൂടുതല്‍ പരിശോധന നടത്തിയ ശേഷം നശിപ്പിച്ചുകളഞ്ഞു

Like
Like Love Haha Wow Sad Angry
Tags
Show More

Related Articles

Close
Close