LatestNewsNews in BriefWorld

ചൈന ലോകത്തിന് ഭീഷണിയെന്ന് ട്രംപ്

By International Desk

ചൈന ലോകത്തിന് ഭീഷണിയെന്ന് അമേരിക്കൻ പ്രസിഡന്റ്‌ ഡൊണാൾഡ് ട്രംപ്. മറ്റേത് രാജ്യത്തെക്കാളും വേഗത്തിൽ സൈനിക ശക്തി വർധിപ്പിക്കുന്ന സാഹചര്യത്തിലാണ് ട്രംപ് ചൈനയെ വിമർശിച്ചത്.

അമേരിക്കയുടെ ബൗദ്ധിക സ്വത്തുക്കൾ ചോർത്തി അതുപയോഗിച്ച് സൈനിക ശേഷി വർധിപ്പിക്കുന്നതിൽ നിന്ന് ചൈനയെ തടയാൻ കഴിയാത്തതിൽ ട്രംപ് തന്റെ മുൻഗാമികളെ കുറ്റപ്പെടുത്തി.

ഓസ്ട്രേലിയൻ പ്രധാനമന്ത്രി സ്കോട്ട് മോറിസണിന്റെ അമേരിക്കൻ സന്ദർശനത്തിനിടെയായിരുന്നു ട്രംപ് ചൈനക്കെതിരായ പരാമർശം നടത്തിയത്.

ചൈന തങ്ങളുടെ പ്രതിരോധ ബജറ്റ് ഏഴ് ശതമാനം വർധിപ്പിച്ച് 152 ബില്യൺ ഡോളറായി ഉയർത്തിയിരുന്നു. ദക്ഷിണ ചൈന കടലിലെ ഇടപെടലുകളുമായി ബന്ധപ്പെട്ട് അമേരിക്കയുമായുള്ള തർക്കം രൂക്ഷമായ സാഹചര്യത്തിൽ കൂടിയാണിത്.

തനിക്ക് മുൻപുണ്ടായിരുന്ന അമേരിക്കൻ പ്രസിഡന്റുമാർ ഒരു വർഷം 500 ബില്യണിൽ കൂടുതൽ അമേരിക്കൻ ഡോളർ ചൈനയിലേക്ക് കടത്താൻ അനുവദിച്ചിരുന്നു.

അമേരിക്കയുടെ സ്വത്തുക്കൾ മോഷ്ടിക്കാൻ മുൻ പ്രസിഡന്റുമാർ അനുവദിച്ചിരുന്നുവെന്നും താൻ അത് അനുവദിക്കില്ലെന്നും ട്രംപ് പറഞ്ഞു.

അമേരിക്കയും ചൈനയും ഒരു കച്ചവട കരാർ ഒപ്പിടാൻ ഒരുങ്ങുകയായിരുന്നു. എല്ലാ പ്രശ്നങ്ങളും പരിഹരിച്ച് കരാർ ഒപ്പിടാൻ പോകവെ അവസാന നിമിഷം ചൈന പിന്മാറിയെന്നും ട്രംപ് പറഞ്ഞു.

ചൈനീസ് ഉത്പങ്ങൾക്ക് ഇറക്കുമതി തീരുവ വർദ്ധിപ്പിച്ച ട്രംപിന്റെ നടപടിയെത്തുടർന്ന് ചൈനയും അമേരിക്കയും തമ്മിൽ വ്യാപാര യുദ്ധം ആരംഭിച്ചിരുന്നു. ഇതിന് മറുപടിയായി അമേരിക്കൻ ഉത്പന്നങ്ങൾക്ക് ചൈനയും നികുതി വർധിപ്പിച്ചിരുന്നു.

Like
Like Love Haha Wow Sad Angry
Tags
Show More

Related Articles

Close
Close