LatestNationalNewsNews in Brief

ദേശീയ പൗരത്വ ഭേദഗതി ബില്ലിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം; മുസ്‌ലിം ഇതര കുടിയേറ്റക്കാര്‍ക്ക് പൗരത്വം നല്‍കും

By web desk

പൗരത്വഭേദഗതി ബില്ലിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കി. മുസ്‌ലിം ഇതര കുടിയേറ്റക്കാര്‍ക്ക് പൗരത്വം നല്‍കാന്‍ വ്യവസ്ഥ ചെയ്യുന്നതാണ് ഭേദഗതി. ഇതോടെ ബംഗ്ലാദേശ്, പാകിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള കുടിയേറ്റക്കാര്‍ക്ക് രാജ്യം പൗരത്വം നല്‍കുന്നത് പരിഗണിക്കും. ഈ രാജ്യങ്ങള്‍ അടിസ്ഥാനപരമായി ഇസ്‌ലാമിക രാജ്യങ്ങളാണെന്നും മറ്റു മതസ്ഥരാണ് അവിടെ വിവേചനം നേരിടുന്നതെന്നുമാണ് കേന്ദ്രസര്‍ക്കാരിന്റെ വാദം. ബില്‍ അടുത്ത ആഴ്ച പാര്‍ലമെന്റില്‍ അവതരിപ്പിക്കുമെന്നാണ് സൂചന. ഇതിനിടെ ബാലറ്റു പേപ്പറിലേക്ക് മടങ്ങണമെന്ന ചര്‍ച്ചയ്ക്ക് പ്രതിപക്ഷം രാജ്യസഭയില്‍ നോട്ടീസ് നല്‍കി.

ആറുവര്‍ഷമായി ഇന്ത്യയില്‍ താമസിക്കുന്ന ഹിന്ദു, ജൈന, ക്രൈസ്തവ, സിഖ്, ബുദ്ധ, പാഴ്‌സി മതക്കാര്‍ക്ക് പൗരത്വം നല്‍കാമെന്നാണ് ബില്‍ വ്യവസ്ഥ ചെയ്യുന്നത്. രേഖകളില്ലെങ്കിലും ഇവരെ ഇന്ത്യന്‍ പൗരന്‍മാരായി കണക്കാക്കും. പ്രധാനമന്ത്രി തന്നെയാണ് ബില്‍ മുന്നോട്ടുവച്ചതെന്നാണ് പുറത്തുവരുന്ന വിവരം. യോഗത്തില്‍ ബില്ലിനെ കുറിച്ചും, ബില്ലിന്റെ ആവശ്യകതയെ കുറിച്ചും, വ്യവസ്ഥകള്‍ കൂടുതല്‍ കൃത്യമായി നടപ്പാക്കുന്നതിനെ കുറിച്ചും ചര്‍ച്ച ചെയ്തു. തുടര്‍ന്ന് യോഗം ഐക്യകണ്ഠേന ബില്ലിന് അംഗീകാരം നല്‍കുകയായിരുന്നു. മതപരമായ വിവേചനമാണ് ബില്ലെന്ന് ചൂണ്ടിക്കാട്ടി നേരത്തെ പ്രതിപക്ഷം പ്രതിഷേധിച്ചിരുന്നു.

എന്നാല്‍ രാജ്യത്തെ ഒന്നിപ്പിക്കുന്നതാണ് പൗരത്വ ഭേദഗതി ബില്ലെന്നും പ്രതിപക്ഷത്തിന്റെ വാദം ശരിയല്ലെന്നും സര്‍ക്കാര്‍ അവകാശപ്പെടുന്നു. 2016 ലാണ് പൗരത്വ ഭേദഗതി ബില്‍ ലോക്‌സഭയില്‍ അവതരിപ്പിക്കപ്പെട്ടത്. ലോക്‌സഭ പിരിച്ചുവിടപ്പെട്ടതിനെ തുടര്‍ന്ന് ബില്‍ അസാധുവാകുകയായിരുന്നു.

ബില്ലിനെ പ്രതിപക്ഷം എതിര്‍ക്കുമ്പോള്‍ എന്‍ഡിഎ സഖ്യകക്ഷികളായ ജെഡിയു, അകാലിദള്‍, അസം ഗണപരിഷത്ത് എന്നിവയുടെ പിന്തുണ ബിജെപി ഉറപ്പാക്കി. ബിജുജനതാദള്‍, അണ്ണാ ഡിഎംഎം എന്നിവയുടെ നിലപാട് ബില്ല് പാസ്സാക്കുന്നതില്‍ പ്രധാനമാകും. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനു ശേഷുള്ള നിര്‍ണ്ണായക നിയമനിര്‍മ്മാണമായാണ് പൗരത്വനിയമഭേദഗതിയെ
സര്‍ക്കാര്‍ അവതരിപ്പിക്കുന്നത്. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ പൗരത്വം നേടുന്നവര്‍ക്ക് ഭൂമി വാങ്ങാന്‍ ഉള്‍പ്പടെ ചില നിയന്ത്രണങ്ങള്‍ കൊണ്ടുവന്ന് ആസമിലെ പ്രതിഷേധം തണുപ്പിക്കാനാണ് ശ്രമം.

അതേസമയം, ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങള്‍ക്കു പകരം ബാലറ്റു പേപ്പറിലേക്ക് മടങ്ങുക എന്ന ചര്‍ച്ച സജീവമാക്കാന്‍ പ്രതിപക്ഷം നീക്കം തുടങ്ങി. രാജ്യസഭയില്‍ പ്രത്യേക ചര്‍ച്ച ആവശ്യപ്പെട്ട് 15 പാര്‍ട്ടികള്‍ നോട്ടീസ് നല്‍കി. സര്‍ക്കാരിനൊപ്പം നില്‍ക്കുന്ന ടിആര്‍എസും നോട്ടീസില്‍ ഒപ്പുവച്ചു.

ജമ്മു കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന 370-ാം വകുപ്പ് എടുത്ത് കളഞ്ഞത് പോലെ തന്നെ ഏറെ പ്രധാന്യമര്‍ഹിക്കുന്ന ഒന്നാണ് പൗരത്വഭേദഗതി ബില്ലെന്ന് കഴിഞ്ഞ ദിവസം രാജ്നാഥ് സിങ് പറഞ്ഞിരുന്നു. ബില്‍ പാര്‍ലമെന്റിലെത്തുമ്പോള്‍ ബിജെപി എംപിമാരെല്ലാവരും ഹാജരാകണമെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ ആവശ്യപ്പെട്ടിട്ടുണ്ട്.

ലോക്‌സഭയിലും നിയമസഭയിലും പട്ടികജാതി പട്ടികവര്‍ഗ്ഗ സംവരണം പത്തു വര്‍ഷത്തേക്ക് കൂടി നീട്ടാന്‍ കേന്ദ്രമന്ത്രിസഭ തീരുമാനിച്ചു. പൊതുമേഖല സ്ഥാപനങ്ങള്‍ക്ക് ഓഹരി വില്‍പ്പനയ്‌ക്കൊപ്പം കടപ്പത്രമിറക്കിയും നിക്ഷേപം കണ്ടെത്താനുള്ള പദ്ധതിക്ക് മന്ത്രിസഭ അംഗീകാരം നല്‍കി.

Like
Like Love Haha Wow Sad Angry
Show More

Related Articles

Close
Close