KeralaNews

കോണ്‍ഗ്രസ്‌ പുന:സംഘടന; നേതാക്കള്‍ ഡല്‍ഹിക്ക്‌:

രാജ്യസഭാ സ്ഥാനാര്‍ത്ഥിത്വവും പദവികളും ചര്‍ച്ചാവിഷയം

കോണ്‍ഗ്രസ്‌ പുന:സംഘടനയും രാജ്യസഭാ സ്ഥാനാര്‍തഥി നിര്‍ണ്ണയവും ലക്ഷ്യമിട്ട്‌ കേരളത്തിലെ മുതിര്‍ന്ന കോണ്‍ഗ്രസ്‌ നേതാക്കള്‍ ഇന്ന്‌ ഡല്‍ഹിയിലെത്തും. രാജ്യസഭാ സ്ഥാനാര്‍ത്ഥി, യുഡിഎഫ്‌ കണ്‍വീനര്‍, പുതിയ കെ.പി.സി.സി അധ്യക്ഷന്‍ തുടങ്ങിയ കാര്യങ്ങളാണ്‌ പ്രധാന ചര്‍ച്ചാവിഷയം. മൂന്നുനേതാക്കളും നാളെ കോണ്‍ഗ്രസ്‌ അധ്യക്ഷന്‍ രാഹുല്‍ഗാന്ധിയുമായി ചര്‍ച്ച നടത്തും.

 

പദവിയിലിരിക്കേണ്ടവരുടെ പേരുകള്‍ മുന്‍കൂട്ടി തയ്യാറാക്കി എത്തുന്ന പതിവ്‌ മാറ്റി തുറന്ന മനസ്സുമായി ചര്‍ച്ചയ്‌ക്ക്‌ വരണമെന്നാണ്‌ രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടിട്ടുള്ളത്‌. പിസി ചാക്കോ, ഷാനിമോള്‍ ഉസ്‌മാന്‍, ബെന്നി ബെഹനാന്‍, പി.സി വിഷ്‌ണുനാഥ്‌ എന്നിവരുടെ പേരുകളാണ്‌ രാജ്യസഭാ സ്ഥാനാര്‍ത്ഥിത്വത്തിലേയ്‌ക്ക്‌ പരിഗണിക്കുന്നത്‌. എങ്കിലും മുതിര്‍ന്ന നേതാവ്‌ പി.ജെ കുര്യന്‌ ഒരു അവസരം കൂടി നല്‍കണമെന്ന്‌ ഒരു വിഭാഗം കോണ്‍ഗ്രസ്‌ നേതാക്കള്‍ ഹൈക്കമാന്‍ഡിനെ അറിയിച്ചിട്ടുണ്ട്‌.

കെ.പി.സി.സി അധ്യക്ഷ പദവിയില്‍ നിന്ന്‌ നിലവിലെ അധ്യക്ഷന്‍ എംഎം ഹസന്‌ പകരം മുല്ലപ്പള്ളി രാമചന്ദ്രന്‍, കെ. സുധാകരന്‍, കൊടിക്കുന്നില്‍ സുരേഷ്‌, കെ.വി തോമസ്‌ തുടങ്ങിയവരുടെ പേരുകളാണ്‌ പരിഗണനയിലുള്ളത്‌.
കോണ്‍ഗ്രസ്‌ ഹൈക്കമാന്‍ഡുമായി മുല്ലപ്പള്ളി രാമചന്ദ്രന്‌ നല്ല ബന്ധമാണുള്ളത്‌. മലബാറില്‍ നിന്നാവണം പുതിയ കെപിസിസി അധ്യക്ഷന്‍ എന്ന നിലപാടിലേയ്‌ക്ക്‌ രാഹുല്‍ ഗാന്ധി എത്തിയാല്‍ മുല്ലപ്പള്ളിക്കും കെ സുധാകരനും സാധ്യതയുണ്ട്‌.

യുഡിഎഫ്‌ കണ്‍വീനര്‍ സ്ഥാനത്തേയ്‌ക്ക്‌ പരിഗണിക്കുന്നവരില്‍ മുന്‍നിരയിലുള്ളത്‌ കെ. മുരളീധരന്റെ പേരാണ്‌. ഇതിനുപുറമേ, കെഎം മാണിയെ യുഡിഎഫിലേയ്‌ക്ക്‌ മടക്കിക്കൊണ്ടുവരുന്നതു സംബന്ധിച്ച ആലോചനകളും ഡല്‍ഹി ചര്‍ച്ചകളില്‍ ഉണ്ടായേക്കും.

ജൂണ്‍ പതിനൊന്നാണ്‌ രാജ്യസഭാതെരഞ്ഞെടുപ്പില്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തിയ്യതി. അതിനാല്‍ യുഡിഎഫ്‌ സ്ഥാനാര്‍ത്ഥി വിജയിക്കും എന്ന്‌ ഉറപ്പുള്ള സീറ്റിലെ സ്ഥാനാര്‍ത്ഥിയെ നാളെത്തന്നെ പ്രഖ്യാപിക്കാന്‍ സാധ്യതയുണ്ട്‌. ചര്‍ച്ചകളിലെല്ലാം മുസ്ലിംലീഗ്‌ ദേശീയ അധ്യക്ഷന്‍ പി.കെ കുഞ്ഞാലിക്കുട്ടിയും പങ്കെടുക്കും.

Like
Like Love Haha Wow Sad Angry
Show More

Related Articles

Close
Close