KeralaLatestNewsNews in Brief

കൊറോണവൈറസ്: സംസ്ഥാനത്ത് രണ്ട് പേര്‍ നിരീക്ഷണത്തില്‍, ആശങ്കപ്പെടേണ്ടെന്ന് ആരോഗ്യമന്ത്രി

By web desk

കൊറോണവൈറസ് ബാധയുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് രണ്ട് പേര്‍ നിരീക്ഷണത്തിലുണ്ടെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ പറഞ്ഞു. എന്നാല്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി. സംസ്ഥാനത്ത് തിരുവനന്തപുരത്തും എറണാകുളത്തും ഓരോ പേര്‍ വീതമാണ് നിരീക്ഷണത്തിലുള്ളത്. വൈറസ് പ്രതിരോധം ശക്തിപ്പെടുത്തുന്നതിനായി ആരോഗ്യവകുപ്പ് മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി.

ചൈനയിലെ വുഹാനില്‍ നിന്നും കോട്ടയത്തെത്തിയ വിദ്യാര്‍ത്ഥിയാണ് മെഡിക്കല്‍ സംഘത്തിന്റെ നിരീക്ഷണത്തിലുള്ളത്. നിലവില്‍ വിദ്യാര്‍ത്ഥിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.

കൊറോണ വൈറസ് ബാധ സംശയിച്ച് കളമശ്ശേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിലും ഒരാളെ പ്രവേശിപ്പിച്ചു. ചൈനയില്‍നിന്ന് തിരിച്ചെത്തിയ യുവാവ് കടുത്ത പനിയും ചുമയുമായി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ വെള്ളിയാഴ്ച രാവിലെയാണ് ചികിത്സയ്ക്കെത്തിയത്. കൊറോണ ബാധ സംശയിച്ച ഡോക്ടര്‍മാര്‍ ഉടന്‍ തന്നെ കളമശ്ശേരി മെഡിക്കല്‍ കേളേജിലേക്ക് മാറ്റുകയായിരുന്നു.

മെഡിക്കല്‍ കോളേജിലെ ഐസൊലേഷന്‍ വാര്‍ഡില്‍ നിരീക്ഷണത്തിലാണ് രോഗി. കൂടുതല്‍ പരിശോധനകള്‍ക്കായി സ്രവം പൂണെയിലെ ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് അയക്കും. മറ്റ് വിവരങ്ങള്‍ ആശുപത്രി അധികൃതര്‍ പുറത്തുവിട്ടിട്ടില്ല.

അതേസമയം കോറോണവൈറസ് ബാധയെ നേരിടുന്നതിന് സംസ്ഥാനത്ത് എല്ലാ മെഡിക്കല്‍ കോളേജുകളിലും ഐസൊലേഷന്‍ വാര്‍ഡുകള്‍ സജ്ജീകരിച്ചിട്ടുണ്ട്. എല്ലാ ആശുപത്രികളിലും അണുനശീകരണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കേണ്ടതാണെന്ന് മന്ത്രി നിര്‍ദ്ദേശം നല്‍കി. ഈയിടെ ചൈനയില്‍ നിന്നെത്തിയവര്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്ക് മുന്നില്‍ പരിശോധനക്കെത്തണമെന്നും സംസ്ഥാന ആരോഗ്യ വകുപ്പ് അറിയിച്ചു.

കൊറോണവൈറസ് ബാധയെ തുടര്‍ന്ന് സൗദിയില്‍ ചികിത്സയിലുള്ള മലയാളി നഴ്‌സിന്റെ ആരോഗ്യനിലയില്‍ പുരോഗതിയുളളതായി ജിദ്ദ കോണ്‍സുലേറ്റ് അറിയിച്ചു. ഇവരെ രണ്ട് ദിവസത്തിനകം ആശുപത്രിയില്‍ നിന്ന് വിട്ടയക്കുമെന്നാണ് വിവരം. അസീര്‍ ആശുപത്രിയിലെ മലയാളികളടക്കമുള്ള നൂറോളം ഇന്ത്യന്‍ നഴ്‌സുമാര്‍ക്ക് കൊറോണയില്ലെന്നും സ്ഥിരീകരണമായി. ജിദ്ദ കോണ്‍സുലേറ്റ് നോര്‍ക്ക അഡീഷണല്‍ സെക്രട്ടറിയേയാണ് ഇക്കാര്യം അറിയിച്ചത്.

കോട്ടയം ഏറ്റുമാനൂര്‍ സ്വദേശിനിക്കാണ് രോഗ ബാധയേറ്റിട്ടുള്ളത്. സൗദി തലസ്ഥാന നഗരത്തില്‍ നിന്ന് ആയിരം കിലോമീറ്ററകലെ അബഹയിലെ അല്‍ഹയ്യാത്ത് എന്ന സ്വകാര്യ ആശുപത്രിയിലെ സ്റ്റാഫ് നഴ്‌സാണ് ഇവര്‍. സഹപ്രവര്‍ത്തകയായ അല്‍ഹയ്യാത്ത് ആശുപത്രിയിലെ ഫിലിപ്പീനി നഴ്‌സിനാണ് ആദ്യം വൈറസ് ബാധയുണ്ടായത്. ഇവരെ ശുശ്രൂഷിക്കുന്നതിനിടയിലാണ് മലയാളി നഴ്‌സിന് രോഗം പിടിപെട്ടതെന്നാണ് സൂചന.

മലയാളി നഴ്‌സിനെ ബാധിച്ചത് ചൈനയില്‍ നിന്നു പടരുന്ന കൊറോണവൈറസല്ലെന്നു ഇന്നലെ സ്ഥിരീകരണം വന്നിരുന്നു. 2012ല്‍ സൗദിയില്‍ റിപ്പോര്‍ട്ട് ചെയ്തതിനു സമാനമായ കൊറോണവൈറസാണ് ഇതെന്ന് സയന്റിഫിക് റീജണല്‍ ഇന്‍ഫെക്ഷന്‍ കണ്ട്രോള്‍ കമ്മിറ്റി ചെയര്‍മാന്‍ ഡോക്ടര്‍ താരിഖ് അല്‍ അസ്‌റാഖിയാണ് വ്യക്തമാക്കിയത്. യുവതിയെ നാട്ടിലേക്ക് കൊണ്ടുവരുന്നത് പ്രായോഗികമല്ലെന്ന് ആരോഗ്യമന്ത്രി കെ കെ ഷൈലജ വ്യക്തമാക്കിയിരുന്നു.

Like
Like Love Haha Wow Sad Angry
Tags
Show More

Related Articles

Close
Close