KeralaLatestNewsNews in Brief

ആശങ്ക വർധിക്കുന്നു; സംസ്ഥാനത്ത് ഇന്ന് 42 പേര്‍ക്ക് കൊവിഡ്

ഏറ്റവും കൂടുതല്‍ പേര്‍ക്ക് സ്ഥിരീകരിച്ചത് ഇന്ന്‌

സംസ്ഥാനത്ത് ഇന്ന് കൊവിഡ്-19 സ്ഥിരീകരിച്ചത് 42 പേർക്ക്. രണ്ട് പേര്‍ക്ക് മാത്രമാണ് രോഗം ഭേദമായത്.  കൊവിഡ്-19 അവലോകന യോഗത്തിനു ശേഷം മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം അറിയിച്ചത്. ഏറ്റവും അധികം പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ച ദിവസമാണിന്നെന്ന ആമുഖത്തോടെയാണ് മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനം തുടങ്ങിയത്.

കണ്ണൂർ- 12, കാസർകോട്- 7, കോഴിക്കോട്- 5, പാലക്കാട്- 5, തൃശ്ശൂർ- 4, മലപ്പുറം- 4, കോട്ടയം- 2, കൊല്ലം- 1, പത്തനംതിട്ട- 1, വയനാട്- 1 എന്നിങ്ങനെയാണ് ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ കണക്കുകൾ. ഇതാദ്യമായാണ് കേരളത്തിൽ ഇത്രയധികം പോസിറ്റീവ് കേസുകൾ ഒരു ദിവസം സ്ഥിരീകരിക്കുന്നത്.

രണ്ടു പേർ രോഗമുക്തി നേടി. ഇന്ന് പോസിറ്റീവായതിൽ 21 പേർ മഹാരാഷ്ട്രയിൽനിന്ന് വന്നതാണ്. തമിഴ്നാട്, ആന്ധ്ര പ്രദേശ് എന്നിവിടങ്ങളിൽനിന്ന് വന്ന ഒരോരുത്തർക്കും രോഗബാധയുണ്ടായി. വിദേശത്തുനിന്ന് വന്ന 17 പേർക്കും രോഗം സ്ഥിരീകരിച്ചു. കണ്ണൂരിൽ ഒരാൾക്ക് സമ്പർക്കം മൂലമാണ് രോഗം ബാധിച്ചത്. കോഴിക്കോട് ആരോഗ്യപ്രവർത്തകയ്ക്ക് രോഗം പിടിപെട്ടിട്ടുണ്ട്.

ഇതുവരെ 732 പേർക്കാണ് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്. 216 പേർ നിലവിൽ ചികിത്സയിലാണ്. നിരീക്ഷണത്തിലുള്ളവരുടെ എണ്ണം ഗണ്യമായി വർധിച്ചിട്ടുണ്ട്. 84,258 പേരാണ് നിരീക്ഷണത്തിലുള്ളത്. 83,649 പേർ വീടുകളിലോ ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റൈനിലോ ആണ്. 609 പേർ ആശുപത്രികളിൽ നിരീക്ഷണത്തിൽ കഴിയുന്നു. 162 പേരെ ഇന്ന് മാത്രം ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇതുവരെ 91344 പേരാണ് കര, കടൽ, വ്യോമ മാർഗങ്ങളിലൂടെ അതിർത്തിക്ക് പുറത്ത് നിന്നെത്തിയത്. 2961 പേർ ഗർഭിണികളും 1618 വയോജനങ്ങളും 805 കുട്ടികളുമുണ്ട്. ഇതര സംസ്ഥാനങ്ങളിൽ നിന്ന് 82299 പേരെത്തി. 43 വിമാനത്തിൽ 9367 പ്രവാസികളും തിരിച്ചെത്തി. ഇവരിൽ 157 പേർ ആശുപത്രികളിൽ ക്വാറന്റീനിലാണ്. ഇന്ന് വൈറസ് ബാധിതരുടെ എണ്ണത്തിലുണ്ടായ വർധന ഗൗരവമായ മുന്നറിയിപ്പാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

പ്രതിരോധ സന്നാഹങ്ങൾ വർധിപ്പിക്കേണ്ടതുണ്ടെന്ന സന്ദേശം. ഇന്നുള്ളതിനേക്കാൾ കൂടുതൽ പേർ ഇനിയും വരും. ഒരു കേരളീയന് മുന്നിലും വാതിലുകൾ കൊട്ടിയടക്കില്ല. രോഗികളുടെ എണ്ണം വർധിക്കുന്നത് കൊണ്ട് പരിഭ്രമിച്ച് നിസ്സഹായവസ്ഥ പ്രകടിപ്പിക്കാനും തയ്യാറല്ല. എല്ലാവർക്കും പരിശോധനയും ചികിത്സയും പരിചരണവും നൽകുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ഇതുവരെ 51310 സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചു. ഇതിൽ 49535 എണ്ണം രോഗബാധയില്ലെന്ന് ഉറപ്പാക്കി. സെന്റിനൽ സർവൈലൻസിന്റെ ഭാഗമായി മുൻഗണനാവിഭാഗത്തിൽപ്പെട്ട 7,072 സാമ്പിൾ ശേഖരിച്ചതിൽ 6,630 സാമ്പിളുകൾ നെഗറ്റീവായി.

കണ്ണൂർ, കാസർകോട് ജില്ലകളിൽ 36 പേർ വീതമാണ് ചികിത്സയിലുള്ളത്. പാലക്കാട്- 26, കാസർകോട്- 21, കോഴിക്കോട്- 19, തൃശ്ശൂർ- 16 ഇങ്ങനെയാണ് കൂടുതൽ പേർ ചികിത്സയിലുള്ള മറ്റു ജില്ലകൾ. 28 ഹോട്ട്സ്പോട്ടുകളാണ് സംസ്ഥാനത്തുള്ളത്. തൃശ്ശൂരിൽ കൊവിഡ് ബാധയെ തുടർന്ന് മരിച്ച ഖദീജക്കുട്ടിയുടെ നിര്യാണത്തിൽ മുഖ്യമന്ത്രി അനുശോചനം രേഖപ്പെടുത്തി.

തൊഴിലുമായി ബന്ധപ്പെട്ട് വിദേശത്ത് പോകേണ്ടവർക്കായി പ്രത്യേക പോർട്ടൽ ആരംഭിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. വിവിധ രാജ്യങ്ങളിലേക്ക് പോകേണ്ടവർക്ക് ആരോഗ്യ പരിശോധന സർട്ടിഫിക്കറ്റുകൾ ഇതിലൂടെ ലഭ്യമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Like
Like Love Haha Wow Sad Angry
Tags
Show More

Related Articles

Close
Close