KeralaNewsNewsNews in Brief

പീരുമേട് കസ്റ്റഡി മരണം; എസ്പിക്ക് വീഴ്ച പറ്റിയെന്ന് അന്വേഷണ സംഘം; മുഖ്യമന്ത്രിയെ കാണാന്‍ രാജ് കുമാറിന്‍റെ കുടുംബം തിരുവനന്തപുരത്തേയ്ക്ക് തിരിച്ചു

By Web Desk

സാമ്പത്തിക തട്ടിപ്പ് കേസ് പ്രതി രാജ്കുമാർ പീരുമേട് സബ് ജയിലിൽ റിമാൻഡിലിരിക്കെ മരിച്ച സംഭവത്തില്‍ ഇടുക്കി എസ്.പി.ക്ക് വീഴ്ച പറ്റിയതായി അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. എസ്.പിയുടെ നിര്‍ദേശപ്രകാരമാണ് രാജ്കുമാറിനെ കസ്റ്റഡിയിലെടുത്തതെന്ന വിവരമാണ് അന്വേഷണ സംഘത്തിന് ലഭിച്ചിരിക്കുന്നത്. കേസ് അട്ടിമറിക്കാന്‍ പൊലീസ് സംഘടിതമായി ശ്രമിച്ചതിന്‍റെ കൂടുതൽ തെളിവുകള്‍ പുറത്ത് വന്നു.

കേസില്‍ പ്രതിപക്ഷമടക്കം നേരത്തെ തന്നെ എസ്പിക്കെതിരെ ആരോപണമുന്നയിച്ചിരുന്നു. ഈ ആരോപണങ്ങള്‍ സ്ഥിരീകരിക്കുന്ന സൂചനകള്‍ അന്വേഷണ സംഘത്തിന് ലഭിച്ച സാഹചര്യത്തില്‍ എസ്.പി.വേണുഗോപാലിനെ തല്‍സ്ഥാനത്ത് നിന്ന് നീക്കാനാണ് സാധ്യത.

ഇതിനിടെ സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് രാജ്കുമാറിന്റെ കുടുംബം മുഖ്യമന്ത്രിയെ കാണാനായി ഇന്ന് രാവിലെ ഇടുക്കിയില്‍ നിന്ന് തിരുവനന്തപുരത്തേക്ക് തിരിച്ചിട്ടുണ്ട്. സംഭവത്തില്‍ ഉള്‍പ്പെട്ട മുഴുവന്‍ പോലീസുകാര്‍ക്കെതിരെയും ക്രിമിനല്‍ കുറ്റം ചുമത്തണമെന്നതടക്കമുള്ള കാര്യങ്ങളും കുടുംബം മുഖ്യമന്ത്രിയോട് ആവശ്യപ്പെടും.

കുറ്റകൃത്യം മറയ്ക്കാന്‍ നെടുങ്കണ്ടം സ്റ്റേഷനിലെ രേഖകളില്‍ തിരുത്തല്‍ വരുത്തിയെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തി. രാജ്കുമാറിനെ കസ്റ്റഡിയിലെടുത്തത് വനിതാ പൊലീസാണെന്നും ജൂണ്‍ 13ന് ജാമ്യം നല്‍കിയെന്നുമാണ് രേഖകളിൽ പൊലീസ് പറയുന്നത്. രാജ്കുമാറിനെ കസ്റ്റഡിയിലെടുത്ത ദിവസം മുതലുള്ള രേഖകള്‍ തിരുത്തിയെന്നാണ് ക്രൈംബ്രാഞ്ച് കണ്ടെത്തല്‍. രാജ്കുമാറിന്‍റെ കുടുംബത്തിന്‍റെ അടക്കമുള്ള മൊഴികളും സ്റ്റേഷനിലെ രേഖകളും തമ്മില്‍ വൈരുദ്ധ്യമുണ്ടെന്നാണ് അന്വേഷണ സംഘം കണ്ടെത്തിയിരിക്കുന്നത്. രണ്ട് ജീപ്പ് പൊലീസെത്തിയാണ് രാജ്കുമാറിനെ പിടികൂടിയതെന്നായിരുന്നു ദൃക്സാക്ഷി ആലീസിന്‍റെ വെളിപ്പെടുത്തല്‍.

കസ്റ്റഡി കൊലപാതകത്തിനൊപ്പം രാജ്കുമാറിനെതിരെയുള്ള സാമ്പത്തിക തട്ടിപ്പും ക്രൈംബ്രാഞ്ച് സംഘം അന്വേഷിക്കുന്നുണ്ട്. ഇടുക്കി തൂക്കുപാലത്തെ വായ്പ തട്ടിപ്പ് കേസില്‍ പീരുമേട് ജയിലില്‍ റിമാന്‍ഡിലായിരുന്ന ഇടുക്കി കോലാഹലമേട് സ്വദേശി രാജ്‍കുമാര്‍ ജൂണ്‍ 21നാണ് മരിച്ചത്. രാജ്‍കുമാറിന് മര്‍ദ്ദനമേറ്റതായി പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ സ്ഥിരീകരണം ഉണ്ടായിരുന്നു

Like
Like Love Haha Wow Sad Angry
Tags
Show More

Related Articles

Close
Close