
ജമ്മു കശ്മീരിലെ സിയാച്ചിന്‍ മലനിരകളില്‍ മഞ്ഞുമലയിടിഞ്ഞ് വീണ് മലയാളി സൈനികന് മരിച്ചു. തിരുവനന്തപുരം കാട്ടാക്കട പൂവച്ചല്‍ ശ്രീശൈലത്തില്‍ നായിക് അഖില്‍ എസ്.എസ് ആണ് മരിച്ചത്. പത്ത് വര്‍ഷമായി അഖില്‍ കരസേനയില്‍ നഴ്സിംഗ് അസിസ്റ്റന്റായി ജോലി ചെയ്തു വരികയായിരുന്നു.
സുദര്ശന് – സതികുമാരി ദമ്പതികളുടെ മകനായ അഖില്‍, മകന്റെ ജന്മദിനത്തോടനുബന്ധിച്ച് കഴിഞ്ഞ ഒക്ടോബറിലാണ് അവസാനമായി നാട്ടിലെത്തിയത്.
സിയാച്ചിന്‍ അതിര്‍ത്തിക്ക് സമീപം ഡ്യൂട്ടിക്കിടെ മഞ്ഞുമല ഇടിഞ്ഞുവീണാണ് അപകടം. മേഖലയില്‍ കനത്ത കാറ്റ് വീശിയതിനെ തുടര്‍ന്നാണ് മഞ്ഞുപാളിയുടെ വലിയൊരുഭാഗം സൈനികര്‍ക്ക് മേല്‍ പതിച്ചത്. രണ്ടുപേരെ പരിക്കുകളോടെ രക്ഷപെടുത്തി. ഇന്ന് രാവിലെയാണ് അഖിലിന്റെ മരണ വിവരം സൈന്യം കുടുംബത്തെ അറിയിച്ചത്.
മൃതദേഹം വ്യാഴാഴ്ച രാവിലെ തിരുവനന്തപുരത്ത് എത്തിക്കും. ഗീതുവാണ് ഭാര്യ. ദേവനാഥ് മകനാണ്. മൃതദേഹം ഇപ്പോള്‍ ശ്രീനഗര്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. അടൂര്‍പ്രകാശ് എം പി കേന്ദ്ര പ്രതിരോധ മന്ത്രി രാജ് നാഥ് സിംഗിന്റെ ഓഫീസുമായി ബന്ധപ്പെട്ട് തുടര്‍ നടപടികള്‍ സ്വീകരിച്ചു.