LatestNationalNewsNews in Brief

ഇന്ത്യൻ പൗരന്മാരുടെ മുഖം തിരിച്ചറിയൽ; ചൈനിസ് മാതൃകയിലുള്ള സാങ്കേതിക വിദ്യ നടപ്പാക്കാൻ പദ്ധതി

By Web Desk

ന്ത്യയിൽ പൗരൻമാരുടെ മുഖം തിരിച്ചറിയാൻ ചൈനിസ് മാതൃകയിൽ തിരിച്ചറിയാനുള്ള സാങ്കേതിക വിദ്യ പൊതുസ്ഥലങ്ങളിൽ നടപ്പിലാക്കാനുള്ള പദ്ധതി ഒരുങ്ങുന്നതായി റിപ്പോർട്ട്.

കേന്ദ്രീകൃതമായ മുഖം തിരിച്ചറിയൽ സംവിധാനം വികസിപ്പിക്കാനാവശ്യമായ നടപടികൾക്ക് കേന്ദ്രസർക്കാർ അടുത്തമാസം തുടക്കമിടുമെന്ന് അന്താരാഷ്ട്ര മാധ്യമമായ ബ്ലൂംബെർഗ് റിപ്പോർട്ട് ചെയ്യുന്നു.

രാജ്യമെമ്പാടും സ്ഥാപിക്കുന്ന നിരീക്ഷണ ക്യാമറകളിൽ ഈ സാങ്കേതിക വിദ്യയാകും ഉപയോഗിക്കുകയെന്നാണ് റിപ്പോർട്ടിലുള്ളത്

പാസ്പോർട്ട് വിവരങ്ങൾ, കുറ്റവാളികൾ, കാണാതായവർ, അജ്ഞാത മൃതദേഹങ്ങൾ തുടങ്ങിയവയുൾപ്പെടെയുള്ള ഡേറ്റാബാങ്കുമായി പുതിയ സംവിധാനം ബന്ധിപ്പിച്ചേക്കാമെന്നും റിപ്പോർട്ട് പറയുന്നു. രാജ്യത്തെ മുഴുവൻ പൗരന്മാരും സർക്കാരിന്റെ നിരീക്ഷണത്തിൻകീഴിലാകുമെന്നതാണ് ഇതിന്റെ ഗുണം.

അംഗബലം കുറഞ്ഞ ഇന്ത്യയിലെ പോലീസ് സംവിധാനത്തിനെ ശക്തിപ്പെടുത്താനാണ് ഈ നീക്കമെന്നാണ് വിശദീകരണം. 724 പേർക്ക് ഒരു പോലീസ് ഉദ്യോഗസ്ഥൻ എന്ന രീതിയിലാണ് ഇന്ത്യയിലെ പോലീസ് സംവിധാനത്തിന്റെ അംഗബലം. ലോകത്തിലേറ്റവും കുറഞ്ഞ അനുപാത നിരക്കാണ് ഇത്.

ഇന്ത്യയിൽ കാര്യക്ഷമമായ ഡേറ്റാ സംരക്ഷണ നിയമം നിലവിലില്ലാത്ത സാഹചര്യത്തിൽ പുതിയ സംവിധാനം കൊണ്ടുവരുന്നത് ആശങ്കകൾക്കിടയാക്കും.

ചൈനയിലേതുപോലെ ജനങ്ങളെ മുഴുവൻ സാങ്കേതിക വിദ്യകൾ ഉപയോഗിച്ച് നിയന്ത്രിക്കാൻ ഇന്ത്യയ്ക്ക് ഇനിയും പരിമിതികളുണ്ട്.

ഡാറ്റകൾ ദുരുപയോഗം ചെയ്യപ്പെടാതിരിക്കാനുള്ള സുരക്ഷിതത്വം സജ്ജമാക്കുന്നതിൽ ഇന്ത്യ ഇപ്പോഴും വളരെ പിന്നിലാണെന്നതാണ് ഇതിന് കാരണം.

കഴിഞ്ഞ വർഷം ചർച്ചചെയ്ത പുതിയ ഡേറ്റാ സംരക്ഷണ നിയമം ഇതുവരെയും പാർലമെന്റിലോ മന്ത്രിസഭയുടെയോ പരിഗണനയിലോ വന്നിട്ടില്ല.

ലോകത്തിലെതന്നെ ഏറ്റവും വലിയ ബയോമെട്രിക് സംവിധാനമായ ആധാർ നടപ്പിലാക്കിയിട്ടും വിവരങ്ങൾ ചോരുന്നതിനെപ്പറ്റിയുള്ള ആരോപണങ്ങൾ നിരന്തരം ഉയരുന്നുണ്ട്.

എന്തിനും ഏതിനും ആധാർ വേണമെന്ന അവസ്ഥ നിലനിൽക്കെ തന്നെയാണ് ഈ പ്രശ്നങ്ങളും ഉള്ളത്.

ഈ പ്രതിസന്ധികൾക്കിടയിലേക്കാണ് മുഖം തിരിച്ചറിയാനുള്ള വമ്പൻ പദ്ധതി നടപ്പിലാക്കാനുള്ള നീക്കം അണിയറയിൽ ഒരുങ്ങുന്നത്.

പദ്ധതി ഏറ്റെടുത്ത് നടത്താൻ ഏത് കമ്പനി മുന്നോട്ടുവരുമെന്നതാണ് ഇപ്പോൾ ലോകം ഉറ്റുനോക്കുന്നത്. മുഖം പ്ലാസ്റ്റിക് സർജറി നടത്തി മാറ്റിയവരെപ്പോലും തിരിച്ചറിയാൻ സാധിക്കുന്ന തരത്തിലുള്ള സംവിധാനമാണ് ഒരുക്കാൻ ഉദ്ദേശിക്കുന്നതെന്നാണ് വിവരങ്ങൾ.

കുറ്റകൃത്യങ്ങൾ നേരിടാൻ ഇത് സഹായിക്കുമെന്നാണ് സുരക്ഷാ സേനകളുടെ വിലയിരുത്തൽ. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടുകൾക്കിടെ 100ൽ അധികം ഭീകരാക്രമണങ്ങളാണ് ഇന്ത്യയിൽ ഉണ്ടായത്.

അതിനാൽ ആഭ്യന്തര സുരക്ഷയ്ക്കും ലഹരിമരുന്ന് കടത്തുൾപ്പെടെയുള്ള കുറ്റകൃത്യങ്ങൾക്കും നിയന്ത്രണം കൊണ്ടുവരാൻ ഇതിലൂടെ സാധിച്ചേക്കാം

 

Like
Like Love Haha Wow Sad Angry
Tags
Show More

Related Articles

Close
Close