HealthLatestNationalNewsNews in Brief

കൊറോണ; ചൈനയില്‍ മരണം 700 കടന്നു; സാമ്പത്തികസഹായം തേടി ലോകാരോഗ്യസംഘടന

By web desk

കൊറോണ ബാധയെ തുടര്‍ന്ന് ചൈനയില്‍ മരിച്ചവരുടെ എണ്ണം 700 കടന്നു. സാര്‍സ് ബാധിച്ച് ചൈനയിലും ഹോങ്കോങിലും മരിച്ചവരുടെ എണ്ണത്തേക്കാള്‍ കൂടുതലാണിത്. കൊറോണയെ നേരിടാന്‍ ജനകീയയുദ്ധത്തിന് ബെയ്ജിംഗ് നിര്‍ദേശം നല്‍കി. ഒരു പ്രത്യേക കാര്യത്തിനായി ജനങ്ങളുടെ സഹകരണത്തോടെ നടത്തുന്ന ദീര്‍ഘകാല പോരാട്ടത്തെയാണ് ജനകീയ യുദ്ധം എന്നു വിശേഷിപ്പിക്കുന്നത്. ഇതിനിടെ കൊറോണയെ പ്രതിരോധിക്കാന്‍ ലോകരാജ്യങ്ങളില്‍ നിന്ന് 67 കോടി ഡോളര്‍ സഹായം ആവശ്യപ്പെട്ട് ലോകാരോഗ്യ സംഘടന രംഗത്തെത്തി.

രണ്ട് പതിറ്റാണ്ട് മുന്‍പ് ചൈനയേയും ഹോങ്കോങിനേയും ഭീതിയിലാഴ്ത്തിയ സാര്‍സിനേക്കാള്‍ കൂടുതല്‍ പേരെ കൊന്നൊടുക്കിയ റെക്കോര്‍ഡ് ഇനി കൊറോണയ്ക്ക്. ഇപ്പോഴും നിയന്ത്രണാതീതമായി തുടരുന്ന കൊറോണ, ചൈനയില്‍ മാത്രം ഇതുവരെ കൊന്നൊടുക്കിയത് 724 പേരെയാണ്. രോഗബാധ സ്ഥിരീകരിച്ചവരുടെ എണ്ണം മുപ്പത്തിനാലായിരം കടന്നത് മരണസംഖ്യ ഇനിയും ഉയരാന്‍ ഇടയാക്കുമോ എന്ന ആശങ്ക ഉണ്ടാക്കുന്നുണ്ട്. ഹുബേയില്‍ മാത്രം ഇന്നലെ മരിച്ചത് 81 പേരാണ്.

ചൈനയില്‍ വൈറസ് ബാധിച്ച് അമേരിക്കന്‍ സ്വദേശി മരിച്ചതായുള്ള റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്. ബെയ്ജിങ്ങിലെ യുഎസ് എംബസി യാണ് മരണം സ്ഥിരീകരിച്ചത്. വുഹാനില്‍ ചികില്‍സയിലായിരുന്ന അറുപതുകാരനാണ് മരിച്ചത്. ചൈനയില്‍ കൊറോണ ബാധിച്ച് മരിക്കുന്ന ആദ്യ വിദേശിയാണ് ഇദ്ദേഹം. ഇതിന് പുറമെ, ചൈനക്ക് പുറത്ത് ഹോങ്കോങിലും ഫിലിപ്പീന്‍സിലുമായി രണ്ടുപേരും കൊറോണ ബാധിച്ച് മരിച്ചു. ചൈനയില്‍ നിന്നെത്തുന്നവരെ നിരീക്ഷിക്കാന്‍ ഹോങ്കോങ് കൂടുതല്‍ നടപടികള്‍ പ്രഖ്യാപിച്ചു. ഇവരോട് രണ്ടാഴ്ചക്കാലം പൊതുവേദികളില്‍ പ്രത്യക്ഷപ്പെടരുതെന്ന് ആവശ്യപ്പെട്ട ഹോങ്കോങ്, നിയമം ലംഘിച്ചാല്‍ കടുത്ത നടപടി എടുക്കുമെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

അമേരിക്കയില്‍ 12 പേര്‍ക്കും യുഎഇയില്‍ രണ്ട് പേര്‍ക്കും പുതിയ കൊറോണ വൈറസ് ബാധ റിപ്പോട്ട് ചെയ്തു. യുഎഇയില്‍ ഫിലപ്പൈന്‍ – ചൈന സ്വദേശിക്കള്‍ക്കാണ് വൈറസ് ബാധയുള്ളത്. യുഎഇ ആരോഗ്യ പ്രതിരോധ മന്ത്രാലയമാണ് രോഗബാധ വിവരം പുറത്തു വിട്ടത്. ഇവര്‍ ചികിത്സയിലാണെന്നും ആരോഗ്യ നില തൃപ്തികരമായിലാണെന്നും മന്ത്രാലയം അറിയിച്ചു. ഇതോടെ യുഎഇയില്‍ കൊറോണ വൈറസ് ബാധയേറ്റവരുടെ എണ്ണം ഏഴ് ആയി. ചൈനയിലെ വുഹാനില്‍ നിന്നെത്തിയ 5 അംഗ കുടുംബത്തിനായിരുന്നു ആദ്യം വൈറസ് ബാധ സ്ഥിരീകരിച്ചത്. രോഗം തടയാന്‍ എല്ലാ പ്രതിരോധ മാര്‍ഗങ്ങളും സ്വീകരിച്ചിട്ടുണ്ടെന്നും ആരും ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്നും അധികൃതര്‍ അറിയിച്ചു.

ജപ്പാനില്‍ പിടിച്ചിട്ടിരിക്കുന്ന ആഡംബരക്കപ്പലായ ഡയമണ്ട് പ്രിന്‍സസില്‍ നടത്തിയ പരിശോധനയില്‍ 61 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. കപ്പലില്‍ നിരീക്ഷണത്തില്‍ കഴിയുന്നവരില്‍ ഇന്ത്യക്കാരുമുണ്ടെന്ന് വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍ അറിയിച്ചു. ക്രൂ അംഗങ്ങളും യാത്രക്കാരുമുള്‍പ്പെടെ നിരവധി ഇന്ത്യക്കാര്‍ കപ്പലിലുണ്ടെന്നും അവരില്‍ ആര്‍ക്കും കൊറോണ പോസിറ്റീവ് അല്ലെന്നും അദ്ദേഹം ട്വീറ്റിലൂടെ വ്യക്തമാക്കി.

ഇതിനിടെ, കൊറോണയെ ചെറുക്കാന്‍ ലോകരാജ്യങ്ങളുടെ സഹായം അഭ്യര്‍ത്ഥിച്ച് ലോകാരോഗ്യ സംഘടന രംഗത്തെത്തി. 6,750 ലക്ഷം ഡോളറിന്റെ ധനസഹായം വേണമെന്ന് WHO ഡയറക്ടര്‍ ജനറല്‍ അഭ്യര്‍ത്ഥിച്ചു. വൈറസ് ബാധ നേരിടാന്‍ ചൈനയ്ക്ക് 1,000 ലക്ഷം ഡോളര്‍ സഹായം അമേരിക്ക വാഗ്ദാനം ചെയ്തിട്ടുണ്ട്.

Like
Like Love Haha Wow Sad Angry
Tags
Show More

Related Articles

Close
Close