LatestNationalNewsNews in Brief

‘ജുമാ മസ്ജിദ് എന്താ പാകിസ്ഥാനിലാണോ? പ്രതിഷേധിച്ചു കൂടേ?’: ഡല്‍ഹി പൊലീസിനെതിരെ വിമര്‍ശനവുമായി കോടതി

By web desk

ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദിന്റെ ജാമ്യഹര്‍ജി പരിഗണിക്കവേ ഡല്‍ഹി പോലീസിനെ അതിരൂക്ഷമായി വിമര്‍ശിച്ച് തീസ് ഹസാരി കോടതി. പൗരത്വനിയമത്തിനെതിരായ ജുമാമസ്ജിദിലെ പ്രതിഷേധങ്ങളില്‍ ഡല്‍ഹി പൊലീസിന്റെ നടപടികളായിരുന്നു വിമര്‍ശനം. പ്രതിഷേധത്തെ തുടര്‍ന്ന് ഡിസംബര്‍ 21നാണ് ചന്ദ്രശേഖര്‍ ആസാദ് അറസ്റ്റിലാകുന്നത്.

ജുമാ മസ്ജിദില്‍ പ്രതിഷേധിച്ചതില്‍ എന്താണ് തെറ്റ്?. ജമാ മസ്ജിദ് എന്താ പാകിസ്താനിലാണോ അവിടെ പ്രതിഷേധിക്കാതിരിക്കാന്‍? ഡല്‍ഹി പോലീസ് സംസാരിക്കുന്നത് കേട്ടാല്‍ തോന്നും ജമാ മസ്ജിദ് പാകിസ്താനിലാണ് എന്ന്- കോടതി പറഞ്ഞു. ധര്‍ണകളിലും പ്രതിഷേധങ്ങളിലും എന്താണ് തെറ്റെന്നും തീസ് ഹസാരി സെഷന്‍സ് കോടതി ജഡ്ജി കാമിനി ലാവു പബ്ലിക് പ്രോസിക്യൂട്ടറോട് ചോദിച്ചു. പ്രതിഷേധിക്കുക എന്നത് ഒരാളുടെ ഭരണഘടനാപരമായ അവകാശമാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

പ്രതിഷേധിക്കണമെങ്കില്‍ അനുമതി വാങ്ങണമെന്ന പബ്ലിക് പ്രോസിക്യൂട്ടറുടെ വാദത്തെയും കോടതി വിമര്‍ശിച്ചു. എന്ത് അനുമതി? സെക്ഷന്‍ 144 ആവര്‍ത്തിച്ച് ഉപയോഗിക്കുന്നത് ദുര്‍വിനിയോഗമാണെന്ന് സുപ്രീം കോടതി തന്നെ പറഞ്ഞിട്ടുണ്ട്. ഞാന്‍ നിരവധിയാളുകളെ കണ്ടിട്ടുണ്ട്. വിവിധ പ്രതിഷേധങ്ങളും, എന്തിന് പാര്‍ലമെന്റിന് പുറത്തുവരെ പ്രതിഷേധങ്ങള്‍ നടന്നിട്ടുണ്ട്. അവരില്‍ ചിലര്‍ ഇന്ന് മുതിര്‍ന്ന നേതാക്കളും മുഖ്യമന്ത്രിമാരുമാണ്- കോടതി പറഞ്ഞു. വാദത്തിനിടെ ഒരുഘട്ടത്തില്‍, ഭരണഘടന വായിച്ചിട്ടുണ്ടോയെന്ന് പബ്ലിക് പ്രോസിക്യൂട്ടറോട് കോടതി ആരായുകയും ചെയ്തു.

ജാമ്യ ഹര്‍ജിയില്‍ നാളെ വാദം തുടരും. പ്രതിഷേധങ്ങള്‍ക്കിടെ അറസ്റ്റിലായ ആസാദ് കഴിഞ്ഞ മാസം 21 മുതല്‍ ജയിലിലാണ്. ഡല്‍ഹി ജുമാ മസ്ജിദിലെ പ്രതിഷേധത്തിനെ തുടര്‍ന്നാണ് ചന്ദ്രശേഖര്‍ ആസാദിനെ ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തത്. ആസാദിന്റെ ജീവന്‍ അപകടത്തിലാണെന്ന് ചൂണ്ടിക്കാട്ടി അദ്ദേഹത്തെ ചികിത്സിക്കുന്ന ഡോക്ടര്‍ ഹര്‍ജിത് സിംഗ് ഭാട്ടിയ രംഗത്തെത്തിയിരുന്നു.

Like
Like Love Haha Wow Sad Angry
Tags
Show More

Related Articles

Close
Close