LatestNationalNews

വീട്ടില്‍ കയറിയാണോ സമരം? എന്തിന്‌? എന്തുകൊണ്ട്‌? ഡല്‍ഹി മുഖ്യമന്ത്രിക്ക്‌ കോടതിയുടെ ചോദ്യശരങ്ങള്‍

ലഫ്‌റ്റനന്റ്‌ ഗവര്‍ണറുടെ വസതിയില്‍ കുത്തിയിരിപ്പ്‌ സത്യാഗ്രഹം നടത്തുന്ന ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ്‌ കെജ്രിവാളിനും മന്ത്രിമാര്‍ക്കുമെതിരെ ഡല്‍ഹി ഹൈക്കോടതിയുടെ ചോദ്യശരങ്ങള്‍. ഗവര്‍ണറുടെ വസതിയില്‍ സത്യാഗ്രഹം നടത്താന്‍ ഡല്‍ഹി മുഖ്യമന്ത്രിക്ക്‌ ആരാണ്‌ അനുവാദം നല്‍കിയതെന്ന്‌ കോടതി ചോദിച്ചു.

തന്നെ സ്വതന്ത്രമായി ഭരിക്കാന്‍ കഴിയാത്ത രീതിയില്‍ ഐഎഎസ്‌ ഉദ്യോഗസ്ഥര്‍ നിസ്സഹകരിക്കുകയാണെന്നും അതിന്‌ ലഫ്‌റ്റനന്‍്‌ ഗവര്‍ണര്‍ കൂട്ടുനില്‍ക്കുകയാണെന്നും ആരോപിച്ചാണ്‌ അരവിന്ദ്‌ കെജ്രിവാളും മൂന്നുമന്ത്രിമാരും ഗവര്‍ണറുടെ വസതിയില്‍ 8 ദിവസമായി സത്യാഗ്രഹം നടത്തുന്നത്‌. ഇത്തരമൊരു സമരം നടത്താന്‍ ആരാണ്‌ കെജ്രിവാളിന്‌ അനുവാദം നല്‍കിയതെന്ന്‌ ചോദിച്ച കോടതി, ഇതിനെ സമരമെന്ന്‌ വിളിക്കാനാവില്ലെന്ന്‌ പറഞ്ഞു.

നിങ്ങള്‍ക്ക്‌ ഒരാളുടെ വസതിയിലോ ഓഫീസിലോ കയറി സമരം നടത്താനാവില്ല. ഇത്‌ വ്യക്തിപരമായ തീരുമാനമാണോ? അതോ മന്ത്രിസഭാ തീരുമാനമാണോ? തൊഴിലാളി യൂണിയനുകളുടേത്‌ പോലുള്ള സമരമാണോ നിങ്ങള്‍ നടത്തുന്നത്‌? ഒന്നിനുപുറകെ ഒന്നായി കോടതി ചോദ്യങ്ങളുയര്‍ത്തി.

വ്യക്തിപരമായ തീരുമാനത്തിന്റെ ഭാഗമായിട്ടാണ്‌ ഗവര്‍ണറുടെ വസതിയില്‍ സമരം ചെയ്യുന്നത്‌ എന്നായിരുന്നു ചോദ്യങ്ങളിലൊന്നിന്‌ ഡല്‍ഹി സര്‍ക്കാരിന്‌ വേണ്ടി ഹാജരായ അഭിഭാഷകന്‍ അറിയിച്ചത്‌. അപ്പോഴാണ്‌, ഇതിന്‌ ആരാണ്‌ അനുവാദം നല്‍കിയത്‌ എന്ന ചോദ്യം കോടതി ഉയര്‍ത്തിയത്‌.

അതിനിടെ മുഖ്യമന്ത്രിക്കൊപ്പം സമരം ചെയ്യുന്ന മന്ത്രി സത്യേന്ദര്‍ ജെയിനെ ആരോഗ്യനില മോശമായതിനെത്തുടര്‍ന്ന്‌ ആശുപത്രിയിലേക്ക്‌ മാറ്റി.
ഉപമുഖ്യമന്ത്രി മനീഷ്‌ സിസോദിയ, മന്ത്രി ഗോപാല്‍ റായ്‌ എന്നിവരാണ്‌ അരവിന്ദ്‌ കെജ്രിവാളിനൊപ്പം സമരം ചെയ്യുന്നത്‌.

്‌അതേസമയം, സര്‍ക്കാരുമായി തങ്ങള്‍ സഹകരിക്കുന്നില്ലെന്ന ആരോപണം തെറ്റാണെന്ന്‌ ഐഎഎസ്‌ അസോസിയേഷന്‍ പ്രതികരിച്ചു.

Like
Like Love Haha Wow Sad Angry
Tags
Show More

Related Articles

Close
Close