CrimeKeralaLifeNews

ദിലീപിന്‌ വേണ്ടത്‌ സിബിഐ തന്നെ: ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിലെ എട്ടാം പ്രതിയായ നടന്‍ ദിലീപ്‌ സിബിഐ അന്വേഷണം അഭ്യര്‍ത്ഥിച്ച്‌ ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചു. താന്‍ നിരപരാധിയാണെന്നും കേസില്‍ കുടുക്കിയതാണെന്നുമാണ്‌ ഹര്‍ജിയില്‍ പ്രധാനമായും സൂചിപ്പിച്ചിരിക്കുന്നത്‌. കേസില്‍ നീതിയുക്തമായ അന്വേഷണം നടക്കണമെങ്കില്‍ സിബിഐ അന്വേഷണം തന്നെ വേണമെന്നാണ്‌ ആവശ്യം.

കേസിന്റെ വിചാരണ നടപടികള്‍ ആരംഭിക്കാനിരിക്കെയാണ്‌ ദിലീപിന്റെ ഈ നീക്കം എന്നത്‌ ശ്രദ്ധേയമാണ്‌. മുമ്പ്‌, ഇതേ അഭ്യര്‍ത്ഥനയുമായി ആഭ്യന്തരവകുപ്പ്‌ അഡീഷണല്‍ ചീഫ്‌ സെക്രട്ടറിക്ക്‌ ദിലീപ്‌ കത്ത്‌ നല്‍കിയിരുന്നു. കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 18നാണ്‌ ദിലീപ്‌ ഈ അഭ്യര്‍ത്ഥനയടങ്ങുന്ന 12 താളുകളുള്ള കത്ത്‌ ആഭ്യന്തര വകുപ്പ്‌ അഡീഷണല്‍ ചീഫ്‌ സെക്രട്ടറിക്ക്‌ അയച്ചത്‌. ആ കത്ത്‌ കൈപ്പറ്റിയതായി ആഭ്യന്തരവകുപ്പ്‌ അധികൃതര്‍ സ്ഥിരീകരിക്കുകയും ചെയ്‌തിരുന്നു. പക്ഷേ സര്‍ക്കാരില്‍ നിന്ന്‌ അനുകൂലമായ നിലപാടല്ല ഉണ്ടായത്‌. അതുകൊണ്ടാണ്‌ ഇപ്പോള്‍ ഹൈക്കോടതിയെത്തന്നെ സമീപിച്ചിരിക്കുന്നത്‌.

ആഭ്യന്തരവകുപ്പ്‌ അഡീഷണല്‍ ചീഫ്‌ സെക്രട്ടറിക്ക്‌ അയച്ച കത്തില്‍ ദിലീപ്‌ ആവശ്യപ്പെട്ട പ്രധാന കാര്യങ്ങള്‍ ഇവയാണ്‌: കേസ്‌ സിബിഐക്ക്‌ വിടുന്നില്ലെങ്കില്‍ പുതിയ അന്വേഷണസംഘം രൂവപത്‌കരിക്കണം. അന്വേഷണ സംഘത്തെ മാറ്റിയാല്‍ യഥാര്‍ത്ഥ പ്രതികള്‍ കുടുങ്ങും. എന്നാല്‍ ഈ കാര്യങ്ങളെ പോലീസ്‌ വിലയിരുത്തിയത്‌ മറ്റൊരു രീതിയിലായിരുന്നു. അന്വേഷണം ഏതുതരത്തിലുള്ളതാവണമെന്ന്‌ പ്രതിക്ക്‌ ആവശ്യപ്പെടാനാകില്ല എന്ന സാഹചര്യമുള്ളപ്പോള്‍, അന്വേഷകരെ ആശയക്കുഴപ്പത്തിലാക്കാനാണ്‌ ദിലീപ്‌ ശ്രമിച്ചതെന്നായിരുന്നു പോലീസിന്റെ വിലയിരുത്തല്‍.

കേസിന്റെ വിചാരണ ഇപ്പോള്‍ എറണാകുളം ജില്ലാ സെഷന്‍സ്‌ കോടതിയിലാണ്‌ നടക്കുന്നത്‌. അങ്കമാലി മജിസ്‌ട്രേറ്റ്‌ കോടതിയിലായിരുന്നു ആദ്യം കേസ്‌ നടത്തിയിരുന്നത്‌. പിന്നീട്‌ വിചാരണ നടപടികള്‍ക്കായി സെഷന്‍സ്‌ കോടതിയിലേയ്‌ക്ക്‌ മാറ്റുകയായിരുന്നു.

തൃശ്ശൂരില്‍ ഒരു സിനിമയുടെ ചിത്രീകരണ സ്ഥലത്തുനിന്ന്‌ എറണാകുളത്തേയ്‌ക്ക്‌ മടങ്ങുന്നതിനിടെയാണ്‌ ഓടിക്കൊണ്ടിരുന്ന വാഹനത്തില്‍ വച്ച്‌ നടിയെ ആക്രമിച്ചത്‌.

 

Like
Like Love Haha Wow Sad Angry
Tags
Show More

Related Articles

Close
Close