
ഫ്രാന്‍സിന്റെ ചരിത്രത്തിൽ ആദ്യമായി ഏറ്റവും ഉയർന്ന താപനില കഴിഞ്ഞ ദിവസം അനുഭവപ്പെട്ടു. കൂടിയ താപനില ആയതുകൊണ്ട് രാജ്യത്ത് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. പല യൂറോപ്യന്‍ രാജ്യങ്ങളിലും കനത്ത ചൂടാണ് കഴിഞ്ഞ ഒരാഴ്ചയായി അനുഭവപ്പെടുന്നത്.
45.9 ഡിഗ്രി സെല്‍ഷ്യസാണ് ഫ്രാന്‍സിലെ ചൂട്. ഫ്രാന്‍സില്‍ ചൂട് കൂടിയത് ഒരാഴ്ചക്കുള്ളിലാണ്. മുമ്പെങ്ങുമില്ലാത്ത വിധമുള്ള ചൂടാണിത്. റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച നഗരങ്ങളിലെ സ്കൂളുകളടച്ചു. പാരീസ് ഉള്‍പ്പെടെ രാജ്യത്തിന്റെ വടക്കന്‍ പ്രദേശങ്ങളിലാണ് ചൂട് ഏറ്റവും കൂടുതല്‍ അനുഭവപ്പെടുന്നത്.
ജനങ്ങള്‍ക്ക് ആശ്വാസമേകാന്‍ മിക്കയിടങ്ങളിലും താത്കാലിക ജലധാരകള്‍ ആരംഭിച്ചിട്ടുണ്ട്. പൊതു നീന്തല്‍ക്കുളങ്ങള്‍ എല്ലാവര്‍ക്കുമായി തുറന്നിട്ടു കൊടുക്കുകയും ചെയ്തു. യൂറോപ്പിന്റെ എല്ലാ ഭാഗത്തും 35 ഡിഗ്രിക്ക് മുകളിലുള്ള താപനിലയാണുള്ളത്.
ജർമനി, പോളണ്ട്, ചെക്ക് റിപ്പബ്ലിക് എന്നിവിടങ്ങങ്ങളിലും ഏറ്റവും ഉയർന്ന താപനില രേഖപ്പെടുത്തിയിട്ടുണ്ട്. സ്പെയിനിലെ കാറ്റലോണിയ മേഖലയിൽ കാട്ടുതീ ശക്തമാകുകയാണ്. ഈ മേഖലയില്‍ 20 വർഷത്തിനിടയിലെ ഏറ്റവും വലിയ കാട്ടുതീയാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്.
വടക്കന്‍ ആഫ്രിക്കയില്‍ നിന്നുള്ള ഉഷ്ണവാതം യൂറോപ്പില്‍ എത്തുന്നതാണ് ഇപ്പോള്‍ ചൂടുകൂടാന്‍ കാരണമെന്നാണ് കാലാവസ്ഥ നിരീക്ഷകര്‍ വ്യക്തമാക്കുന്നത്.