CrimeKeralaLatestNewsNews in Brief

താണുവീണ് മാപ്പപേക്ഷിച്ചത് എംഎല്‍എ സ്ഥാനം പോകാതിരിക്കാനും അഴിയെണ്ണാതിരിക്കാനും: ഗതികെട്ട ഒത്തുതീര്‍പ്പുമായി ഗണേഷ്‌കുമാര്‍

By Web Desk

കൊല്ലം അഞ്ചലില്‍ യുവാവിനെയും മാതാവിനെയും നടുറോഡില്‍ ഗുണ്ടായിസം കാണിച്ച് തല്ലുകയും അസഭ്യം പറയുകയും ചെയ്തുവെന്ന കേസില്‍ താണുവീണ് മാപ്പപേക്ഷിച്ച് കെ.ബി ഗണേഷ്‌കുമാര്‍ എംഎല്‍എ തലയൂരി. സ്ത്രീത്വത്തെ അപമാനിക്കല്‍ അടക്കമുള്ള ഗുരുതരവകുപ്പുകളുടെ പ്രത്യാഘാതം ഇരുമ്പഴിയെണ്ണലായിരിക്കും എന്ന് പേടിച്ചാണ് ഗതികെട്ട് ഗണേഷ്‌കുമാര്‍ ഒത്തുതീര്‍പ്പിന് തയ്യാറായത്.

വീട്ടമ്മ നല്‍കിയ രഹസ്യമൊഴി കണക്കിലെടുത്ത് സ്ത്രീത്വത്തെ അപമാനിച്ചതടക്കമുള്ള വകുപ്പുകള്‍ ചുമത്തി കേസെടുത്തിരുന്നെങ്കില്‍ എംഎല്‍എ സ്ഥാനം പോലും നഷ്ടപ്പെടുമായിരുന്നു. 5 വര്‍ഷം വരെ തടവും പിഴയും കിട്ടാവുന്ന ജാമ്യമില്ലാത്ത കുറ്റത്തില്‍ നിന്നാണ് മാപ്പുചോദിച്ച് തടിയൂരിയിരിക്കുന്നത്.

പുനലൂരില എന്‍എസ്എസ് പത്തനാപുരം താലൂക്ക് യൂണിയന്‍ ഓഫീസിലായിരുന്നു സിനിമാസ്റ്റൈലില്‍ ഒത്തുതീര്‍പ്പ് ചര്‍ച്ച നടത്തിയത്. അടിയേറ്റ അനന്തകൃഷ്ണന്റെ അമ്മ അഗസ്ത്യക്കോട് പുലിയത്ത് ഷീനയ്‌ക്കൊപ്പം ബന്ധുക്കളും എത്തിയിരുന്നു. മധ്യസ്ഥചര്‍ച്ച ആദ്യം നിശ്ചയിച്ചത് വാളകത്തെ ആര്‍. ബാലകൃഷ്ണപിള്ളയുടെ വീട്ടിലായിരുന്നു. മാധ്യമങ്ങളുടെ ക്യാമറാക്കണ്ണുകളില്‍ നിന്ന് രക്ഷപ്പെടാന്‍ ബാലകൃഷ്ണപിള്ളയുടെ വാഹനത്തില്‍ ഗണേഷ് പുറത്തേക്ക് പോയി. പിന്നെ പത്തനാപുരം റോഡിലൂടെ പുനലൂരിലെ എന്‍എസ്എസ് താലൂക്ക് യൂണിയന്‍ ഓഫീസിലെത്തുകയായിരുന്നു. ബാലകൃഷ്ണപിള്ളയും എന്‍.എസ്.എസ് പ്രാദേശിക നേതൃത്വവും ഒപ്പമുണ്ടായിരുന്നു . ഷീനയുടെ മകന്‍ അനന്തകൃഷ്ണന്‍ ചര്‍ച്ചയ്ക്ക് എത്തിയില്ല.

കേസ് ഒത്തുതീര്‍ന്നതില്‍ സന്തുഷ്ടയാണന്നും തുടര്‍നടപടികള്‍ക്ക് ബാലകൃഷ്ണപിള്ളയെ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും ഷീന പറഞ്ഞു. ‘സംഭവിക്കാന്‍ പാടില്ലാത്തതാണ് സംഭവിച്ചത്’ എന്നായിരുന്നു ഗണേഷ്‌കുമാറിന്റെ ക്ഷമാപണവാക്കുകള്‍. ‘ചെയ്തത് തെറ്റായിപ്പോയി’ എന്ന് ബാലകൃഷണപിള്ളയും ഒറ്റവാക്യത്തില്‍ പ്രതികരിച്ചു. ഉടന്‍ തന്നെ ഗണേഷ്‌കുമാര്‍ വേഗത്തില്‍ സ്ഥലം വിട്ടു.

കേസ് പിന്‍വലിക്കാന്‍ ഷീനയും മകനും ഇന്നുതന്നെ കോടതിയിലും പോലീസിലും അപേക്ഷ നല്‍കിയേക്കും. പരാതിയില്ലെന്ന ഇരുകൂട്ടരുടെയും മൊഴി പോലീസ് കോടതിയെ അറിയിച്ച് റഫര്‍ ചെയ്ത് കേസ് അവസാനിപ്പിക്കും.

ഷീനയുടെ ചെങ്ങന്നൂരിലുള്ള അടുത്ത ബന്ധുക്കള്‍ ഇടപെട്ടാണ് കേസ് ഒത്തുതീര്‍പ്പാക്കലിന് മുന്‍കയ്യെടുത്തതെന്നാണ് വിവരം.

മാപ്പു പറഞ്ഞ് തടിയൂരിയതോടെ ഈ വിഷയത്തില്‍ നിയമസഭയില്‍ നേരത്തേ കെബി ഗണേഷ്‌കുമാര്‍ പറഞ്ഞ വാക്കുകളെല്ലാം വീണ്‍വാക്കുകളായി. താന്‍ നിരപരാധിയാണെന്ന് നിയമസഭയില്‍ ഗണേഷ്‌കുമാര്‍ ആണയിട്ടിരുന്നു.

ജൂണ്‍ പതിമൂന്നിനായിരുന്നു കേസിനാസ്പദമായ സംഭവം.

Like
Like Love Haha Wow Sad Angry
Tags
Show More

Related Articles

Close
Close