LatestNationalNewsNews in Brief

പൗരത്വ പ്രതിഷേധങ്ങള്‍ക്കിടെ പ്രധാനമന്ത്രി കൊല്‍ക്കത്തയില്‍; മമതയുമായി കൂടിക്കാഴ്ച നടത്തി

By web desk

പൗരത്വ നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട വ്യാപക പ്രതിഷേധത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി കൊല്‍ക്കത്തയിലെത്തി. മോദിയെ തടയാനുള്ള ഇടത് സംഘടകളടക്കമുള്ളവയുടെ ആഹ്വാന പ്രകാരം വ്യാപക പ്രതേഷേധമാണ് എയര്‍പ്പോര്‍ട്ട് മുതല്‍ വിവിധയിടങ്ങളില്‍ നടന്നത്. പ്രതിഷേധത്തെ തുടര്‍ന്ന് കനത്ത സുരക്ഷയിലാണ് മോദി എയര്‍പ്പോര്‍ട്ടിന് പുറത്തെത്തിയത്. മുഖ്യമന്ത്രി മമത ബാനര്‍ജിയുമായി നരേന്ദ്രമോദി രാജ്ഭവനില്‍ കൂടിക്കാഴ്ച നടത്തി. പൗരത്വ ഭേദഗതി നിയമം, ദേശീയ പൗരത്വ രജിസ്റ്റര്‍ എന്നിവയില്‍ പുനരാലോചന നടത്തണമെന്ന് മമത ആവശ്യപ്പെട്ടു.

എയര്‍പ്പോര്‍ട്ടിന് പുറത്ത് ‘ഗോബാക്ക് മോദി’ പോസ്റ്ററുകളുമായാണ് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ എത്തിയത്. എയര്‍പ്പോട്ടിലും അപ്രോച്ച് റോഡിലും പ്രതിഷേധം നടന്നു. നൂറുകണക്കിന് ആളുകളാണ് പ്രതിഷേധത്തില്‍ പങ്കെടുത്തത്. മോദിയുടെ സന്ദര്‍ശനത്തെ തുടര്‍ന്ന് പശ്ചിമബംഗാളിന്റെ വിവിധ ഭാഗങ്ങളിലും പ്രതിഷേധം അരങ്ങേറി.

മോദിയെ കൊല്‍ക്കത്തയില്‍ കാലുകുത്തിക്കില്ലെന്ന മുദ്രാവാക്യവുമായി എയര്‍പ്പോര്‍ട്ടിന് പുറത്ത് യുത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി എത്തി. സ്റ്റുഡന്റ്‌സ് എഗെയിന്‍സ്റ്റ് ഫാസിസം എന്ന പ്ലക്കാര്‍ഡുമായി എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ ഗോല്‍പാര്‍ക്ക്, കോളേജ് സ്ട്രീറ്റ്, ഹാറ്റിബാഗന്‍, എസ്പ്ലാന്‍ഡെ തുടങ്ങിയ ഇടങ്ങളില്‍ പ്രതിഷേധിച്ചു. കറുത്ത ബലൂണുകളും പ്ലക്കാര്‍ഡുകളുമടക്കം വന്‍ പ്രതിഷേധമാണ് നടന്നത്.

അതേസമയം ബംഗാളിലെ ജനങ്ങള്‍ ദേശീയ ജനസംഖ്യാ രജിസ്റ്ററും (എന്‍പിആര്‍) ദേശീയ പൗരത്വ രജിസ്റ്ററും പൗരത്വ ഭേദഗതി നിയമവും അംഗീകരിക്കില്ലെന്ന് കൂടിക്കാഴ്ചയില്‍ മോദിയോട് അഭ്യര്‍ത്ഥിച്ചതായി മമത ബാനര്‍ജി പറഞ്ഞു. ഇതിനെക്കുറിച്ച് പുനര്‍വിചിന്തനം നടത്തണമെന്നും ആവശ്യപ്പെട്ടു. ഇക്കാര്യങ്ങള്‍ സംബന്ധിച്ച് ചര്‍ച്ച ചെയ്യാന്‍ ഡല്‍ഹിയിലേക്കെത്താന്‍ മോദി ക്ഷണിച്ചതായും മമത അറിയിച്ചു.

രാമകൃഷ്ണ മിഷന്റെ ആസ്ഥാനമായ ബേലൂര്‍ മഠം സന്ദര്‍ശനത്തിനായാണ് പ്രധാനമന്ത്രി എത്തിയത്. ശനി,ഞായര്‍ ദിവസങ്ങളിലായി നാല് പരിപാടികളില്‍ പ്രധാനമന്ത്രി പങ്കെടുക്കും. വിവിധ പദ്ധതികളുടെ ഉദ്ഘാടനവുമുണ്ട്. നാളെ കൊല്‍ക്കത്ത പോര്‍ട്ട് ട്രസ്റ്റിന്റെ 150ാം വാര്‍ഷികാഘോഷത്തില്‍ പങ്കെടുക്കും. ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയും പരിപാടിയില്‍ പങ്കെടുക്കുന്നുണ്ട്.

Like
Like Love Haha Wow Sad Angry
Tags
Show More

Related Articles

Close
Close