LatestNationalNewsNews in Brief

ജമ്മു കശ്‌മീരില്‍ രാഷ്ട്രപതി ഭരണം: ഗവര്‍ണര്‍ സുരക്ഷായോഗം വിളിച്ചു, സൈനിക നീക്കങ്ങള്‍ക്ക്‌ സാധ്യത

രാഷ്ട്രപതി ഭരണത്തിന്‍ കീഴിലായ ജമ്മുകശ്‌മീരില്‍ ഗവര്‍ണര്‍ എന്‍.എന്‍ വോറ ഉച്ചയ്‌ക്ക്‌ 2.30ന്‌ സുരക്ഷാ വിശകലന യോഗം വിളിച്ചു. അതിര്‍ത്തിയില്‍ സൈനികനീക്കങ്ങള്‍ക്ക്‌ സാധ്യത

പിഡിപി(പീപ്പിള്‍സ്‌ ഡെമോക്രാറ്റിക്‌ പാര്‍ട്ടി)യുമായുള്ള സഖ്യവും സര്‍ക്കാരിനുള്ള പിന്തുണയും ബിജെപി അവസാനിപ്പിച്ചതോടെ ജമ്മു കശ്‌മീരില്‍ ഗവര്‍ണര്‍ ഭരണം ഏര്‍പ്പെടുത്തി. ഗവര്‍ണര്‍ ഭരണത്തിനുള്ള ശുപാര്‍ശയില്‍ രാഷ്ട്രപതി രാംനാഥ്‌ കോവിന്ദ്‌ ഒപ്പിട്ടു. ഇന്ന്‌ ഉച്ചയ്‌ക്ക്‌ 2.30ന്‌ സംസ്ഥാനത്തെ സുരക്ഷാ സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിന്‌ ഗവര്‍ണര്‍ യോഗം വിളിച്ചുചേര്‍ത്തിട്ടുണ്ട്‌. കശ്‌മീരിലെ ഭീകരവാദ വിഘടന പ്രക്രിയകള്‍ പൂര്‍വ്വാധികം ശക്തമായിരിക്കുകയാണെന്ന്‌ ആരോപിച്ചുകൂടിയായിരുന്നു ഇന്നലെ ബിജെപി സഖ്യസര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ചത്‌.

ഗവര്‍ണര്‍ ഭരണത്തിന്‍ കീഴില്‍ ജമ്മു കശ്‌മീരില്‍ അടുത്ത ചില ദിവസങ്ങളിലായി ഭീകരര്‍ക്കെതിരെയെന്ന നിലയില്‍ ശക്തമായ സൈനികനീക്കങ്ങള്‍ക്ക്‌ സാധ്യതയുണ്ടെന്നാണ്‌ പ്രതിരോധരംഗത്ത വിദഗ്‌ധര്‍ നിരീക്ഷിക്കുന്നത്‌. കശ്‌മീര്‍ അതിര്‍ത്തിയില്‍ കഴിഞ്ഞ മാസം ഏര്‍പ്പെടുത്തിയ റംസാന്‍ വെടിനിര്‍ത്തല്‍ ഇനിയും ദീര്‍ഘിപ്പിക്കാനാവില്ലെന്ന്‌ കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ്‌ സിംഗ്‌ ഈയിടെ പറഞ്ഞത്‌ ഇതുമായി ചേര്‍ത്തുവയ്‌ക്കാവുന്നതാണ്‌.

മെഹ്‌ബുബ മുഫ്‌തി മുഖ്യമന്ത്രിയായിരുന്ന പിഡിപി-ബിജെപി സഖ്യ സര്‍ക്കാര്‍ വീണതോടെ രാഷ്ട്രപതിഭരണം ഏര്‍പ്പെടുത്തണമെന്ന ശുപാര്‍ശ ഇന്നലെ കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്‌ ഗവര്‍ണര്‍ എന്‍.എന്‍ വോറയുടെ ഓഫീസ്‌ നല്‍കിയിരുന്നു. മന്ത്രാലയം ഈ ശുപാര്‍ശ രാഷ്ട്രപതിക്ക്‌ അയച്ചതിനെത്തുടര്‍ന്നാണ്‌ ഗവര്‍ണര്‍ഭരണത്തിന്‌ അംഗീകാരം നല്‍കിയത്‌. ജമ്മുകശ്‌മീരിന്റെ ചരിത്രത്തിലെ എട്ടാമത്തെയും കഴിഞ്ഞ പത്തുവര്‍ഷത്തിനിടയിലെ നാലാമത്തെയും രാഷ്ട്രപതിഭരണമാണിത്‌.

2008 മുതല്‍ ജമ്മു കാശ്‌മീര്‍ ഗവര്‍ണറാണ്‌ എന്‍. എന്‍. വോറ. വോറ ഗവര്‍ണറായിരുന്ന ഒരു ദശാബ്ദക്കാലത്തിനിടെ മൂന്നുതവണയാണ്‌ രാഷ്ട്രപതിഭരണം ഏര്‍പ്പെടുത്തിയത്‌.

Like
Like Love Haha Wow Sad Angry
Tags
Show More

Related Articles

Close
Close