LatestNationalNewsNews in Brief

മുംബൈയില്‍ കനത്തമഴ; ഗതാഗതം താറുമാറായി, 30 വിമാനങ്ങള്‍ റദ്ദാക്കി

By web desk

 

മുംബൈയില്‍ കനത്ത മഴയില്‍ വീണ്ടും വെള്ളപ്പൊക്കം. കഴിഞ്ഞ മണിക്കൂറുകളില്‍ പെയ്ത കനത്ത പേമാരിയില്‍ മുംബൈ വിമാനത്താളത്തിന്റെ പ്രവര്‍ത്തനം രണ്ടാം ദിനവും താളംതെറ്റി. ഇന്ന് മാത്രം 30 വിമാനങ്ങള്‍ റദ്ദാക്കി. 118 വിമാനങ്ങള്‍ വൈകിയാണ് സര്‍വീസ് നടത്തിയത്.

പരക്കെയുള്ളമഴയ്ക്ക് താല്‍ക്കാലിക ശമനമായെങ്കിലും ചിലയിടങ്ങളില്‍ ഇന്നും കനത്ത മഴ പെയ്തു. വെള്ളി, ശനി ദിവസങ്ങളിലും മഴ ഉണ്ടാകുമെങ്കിലും ശക്തി കുറയുമെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചു. തിങ്കളാഴ്ച തുടങ്ങിയ മഴ ബുധനാഴ്ച കാലത്ത് മുതല്‍ ശക്തിയായി പെയ്യാന്‍ തുടങ്ങിയതോടെയാണ് നഗരത്തിന്റെ വിവിധ ഭാഗങ്ങള്‍ വെള്ളത്തിനടിയിലാകാന്‍ തുടങ്ങിയത്. പാല്‍ഘര്‍, നവിമുംബൈ ജില്ലകളില്‍ വെള്ളക്കെട്ട് തുടരുകയാണ്. കുര്‍ള, ചുനഭട്ടി, സയണ്‍, കിങ് സര്‍ക്കിള്‍, തിലക് നഗര്‍, പരേല്‍, ബൈക്കുള, വഡാല, മാട്ടുംഗ, മലാഡ്, ബോറിവ്‌ലി, മുളുണ്ട്, ഭാണ്ടൂപ്പ്, സാന്താക്രൂസ്, ജോഗേശ്വരി, വിക്രോളി, കഞ്ചൂര്‍മാര്‍ഗ് തുടങ്ങി ഏറെ പ്രദേശങ്ങള്‍ വെള്ളത്തിലായി. 24 മണിക്കൂറിനുള്ളില്‍ ഇവിടങ്ങളില്‍ 100 മില്ലീ മീറ്ററിലധികം മഴ ലഭിച്ചു.

ചിലയിടങ്ങളില്‍ മൂന്നു മീറ്ററിലധികം ഉയരത്തില്‍ വെള്ളം കയറിയെന്നാണ് റിപ്പോര്‍ട്ട്. വെസ്റ്റേണ്‍ ലൈനില്‍ ലോക്കല്‍ ട്രെയിന്‍ ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടു. മിതി നദി കരകവിഞ്ഞ് ഒഴുകുന്നതിനാല്‍ കുര്‍ള സയണ്‍ ഡിവിഷനില്‍ ട്രെയിന്‍ ഗതാഗതത്തിന് തടസ്സം നേരിടുന്നുവെന്ന് സെന്‍ട്രല്‍ റയില്‍വേ അറിയിച്ചു.

പൂനെ ഖഡക്ക് വാസ് ലെ ഡാമില്‍ നിന്ന് കൂടുതല്‍ വെള്ളം തുറന്നു വിടുന്നതിനാല്‍ ലോണേവാല ഭാഗത്തേക്ക് ഉള്ള യാത്ര ഒഴിവാക്കണമെന്ന് ടൂറിസ്റ്റുകള്‍ക്ക് നിര്‍ദേശമുണ്ട്. രണ്ടു ദിവസം കനത്ത മഴ തുടരാന്‍ സാധ്യത ഉണ്ടെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. നഗരത്തില്‍ ഈ മണ്‍സൂണ്‍ കാലത്ത് ഇത് നാലാം തവണയാണ് കനത്ത മഴ ലഭിക്കുന്നത്.

Like
Like Love Haha Wow Sad Angry
Tags
Show More

Related Articles

Close
Close