CrimeKeralaLatestNewsNews in Brief

നെടുങ്കണ്ടം കസ്റ്റഡിമരണം; ഇടുക്കി മജിസ്ട്രേറ്റിനെതിരെ അന്വേഷണം നടത്താൻ ഹൈക്കോടതി നിർദ്ദേശം

By Web Desk

സാമ്പത്തിക തട്ടിപ്പ് കേസ് പ്രതി രാജ്കുമാർ പീരുമേട് സബ് ജയിലിൽ റിമാൻഡിലിരിക്കെ മരിച്ച സംഭവത്തില്‍ ഇടുക്കി മജിസ്‌ട്രേറ്റിനെതിരെ ഹൈക്കോടതിയുടെ അന്വേഷണം. എന്തുകൊണ്ടാണ് പ്രതി അവശനിലയിലായിട്ടും ആശുപത്രിയിലാക്കുന്നതിന് പകരം മജിസ്ട്രേറ്റ് റിമാന്‍ഡ് ചെയ്തത് എന്നാണ് അന്വേഷിക്കുന്നത്.

മരിച്ച രാജ്കുമാറിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഹൈക്കോടതിയുടെ ഇടപെടല്‍. മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയ രാജ്കുമാറിനെ അവശനിലയിലായിട്ടും ആശുപത്രിയില്‍ പ്രവേശിപ്പിക്കാന്‍ നിര്‍ദേശിക്കാതിരുന്നതെന്തിനാണെന്ന് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ തൊടുപുഴ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റിനോട് ഹൈക്കോടതി നിര്‍ദ്ദേശിച്ചു . കഴിഞ്ഞ ജൂണ്‍ 15 നാണ് രാജ്കുമാറിനെ റിമാന്‍ഡ് ചെയ്യുന്നത്.

നെടുങ്കണ്ടം പോലീസ് സ്‌റ്റേഷനില്‍ നിന്ന് രാജ്കുമാറിനെ നെടുങ്കണ്ടം കോടതിയിലേക്കാണ് കൊണ്ടുപോകേണ്ടിയിരുന്നത്. എന്നാല്‍ നെടുങ്കണ്ടം മജിസ്‌ട്രേറ്റ് അവധിയായതിനാലാണ് ഇടുക്കി മജിസ്‌ട്രേറ്റ് രശ്മി രവീന്ദ്രന്റെ മുന്നില്‍ രാജ്കുമാറിനെ ഹാജരാക്കിയത്. ഇവരാണ് റിമാന്‍ഡ് ചെയ്യാനുള്ള ഉത്തരവ് നല്‍കിയത്. എന്നാല്‍ റിമാന്‍ഡിലിരിക്കെ രാജ്കുമാര്‍ മരിച്ചത് വിവാദമാവുകയും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ കസ്റ്റഡി മര്‍ദ്ദനം സൂചിപ്പിക്കുകയും ചെയ്തതോടെയാണ് ഇടുക്കി മജിസ്‌ട്രേറ്റിന് വീഴ്ച സംഭവിച്ചിട്ടുണ്ടോയെന്ന് ഹൈക്കോടതി അന്വേഷിക്കുന്നത്.

നടക്കാന്‍ കഴിയാതെ അവശനിലയിലായിരുന്ന രാജ്കുമാറിനെ പോലീസ് വാഹനത്തിന് അടുത്ത് എത്തിയാണ് മജിസ്‌ട്രേറ്റ് കണ്ടത്. എന്നിട്ടും എന്തിനാണ് ഇയാളെ ജയിലിലേക്ക് അയച്ചതെന്നാണ് അന്വേഷിക്കുന്നത്. മജിസ്‌ട്രേറ്റിന്റെ ഭാഗം കേട്ടതിന് ശേഷം വിശദമായ അന്വേഷണ റിപ്പോര്‍ട്ട് ഉടന്‍ തന്നെ ഹാജരാക്കാനാണ് ഹൈക്കോടതിയുടെ നിര്‍ദ്ദേശം.

മജിസ്‌ട്രേറ്റിന് വീഴ്ച സംഭവിച്ചിട്ടുണ്ടെങ്കില്‍ തുടർ നടപടികള്‍ ഇവര്‍ക്ക് നേരിടേണ്ടി വരും. മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കുന്നതിന് മുമ്പ് നെടുങ്കണ്ടം ആശുപത്രിയില്‍ ഹാജരാക്കി പരിക്കുകള്‍ ഇല്ല എന്ന് വ്യക്തമാക്കുന്ന രേഖ പോലീസുകാര്‍ ഹാജരാക്കിയിരുന്നു. എന്നാല്‍ ഈ രേഖ വ്യാജമാണെന്നാണ് ആശുപത്രി അധികൃതര്‍ വ്യക്തമാക്കുന്നത്. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പ്രകാരം രാജ്കുമാറിന്റെ നാല് വാരിയെല്ലുകള്‍ ഒടിഞ്ഞതായാണ് പറയുന്നത്. ഇത് കൂടാതെ 14 മുറിവകളും ഏഴ് ചതവുകളും ദേഹത്ത് ഉണ്ടായിരുന്നുവെന്നും റിപ്പോര്‍ട്ടിലുണ്ട്. അതിനാല്‍ മര്‍ദ്ദനത്തിന് ശേഷമാണ് പോലീസ് രാജ്കുമാറിനെ ഇടുക്കി മജിസ്‌ട്രേറ്റിന് മുന്നില്‍ എത്തിച്ചത് എന്നാണ് വ്യക്തമാകുന്നത്.

കുറ്റകൃത്യം മറയ്ക്കാന്‍ നെടുങ്കണ്ടം സ്റ്റേഷനിലെ രേഖകളില്‍ തിരുത്തല്‍ വരുത്തിയെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു. രാജ്കുമാറിനെ കസ്റ്റഡിയിലെടുത്തത് വനിതാ പൊലീസാണെന്നും ജൂണ്‍ 13ന് ജാമ്യം നല്‍കിയെന്നുമാണ് രേഖകളിൽ പൊലീസ് പറയുന്നത്.രാജ്കുമാറിനെ കസ്റ്റഡിയിലെടുത്ത ദിവസം മുതലുള്ള രേഖകള്‍ തിരുത്തിയെന്നാണ് ക്രൈംബ്രാഞ്ച് കണ്ടെത്തിയത്. രാജ്കുമാറിന്‍റെ കുടുംബത്തിന്‍റെ അടക്കമുള്ള മൊഴികളും സ്റ്റേഷനിലെ രേഖകളും തമ്മില്‍ വൈരുദ്ധ്യമുണ്ടെന്നാണ് അന്വേഷണ സംഘം കണ്ടെത്തിയിരിക്കുന്നത്. രണ്ട് ജീപ്പ് പൊലീസെത്തിയാണ് രാജ്കുമാറിനെ പിടികൂടിയതെന്നായിരുന്നു ദൃക്സാക്ഷി ആലീസിന്‍റെ വെളിപ്പെടുത്തല്‍.

 

Like
Like Love Haha Wow Sad Angry
Tags
Show More

Related Articles

Close
Close