EntertainmentGulfKeralaSamskara

റംസാനിലെ ചന്ദ്രികയോടൊപ്പം

പ്രശസ്ത നോവലിസ്റ്റ് എം.കെ. ഖരീം എഴുതുന്നു

 

റംസാനിലെ നോമ്പ് കഴിഞ്ഞ് വന്നെത്തുന്ന ശവ്വാലിന്റെ മാസപ്പിറവി ആഹ്ലാദം വിരിക്കുമ്പോൾ, കഴിഞ്ഞ ഒരുമാസം കൊണ്ട് ആത്മീയമായി എന്തുനേടിയെന്ന് മുസ്ലീം ലോകം ചിന്തിക്കേണ്ടതുണ്ട്. പോയവേളകളിലെ തെറ്റുകളോട് വിട പറയാനും പുതുലോകത്തേക്ക് ആത്മപ്രകാശത്തോടെ നിറയുവാനും നോമ്പ് നമ്മോട് ആവശ്യപ്പെടുന്നു.

നോമ്പ് പട്ടിണികിടക്കാനുള്ളതല്ല. ഭക്ഷണത്തിലും വേഷത്തിലും അഹങ്കാരം നിറക്കാൻ ഇസ്ലാം പഠിപ്പിക്കുന്നില്ല. അയൽക്കാർ പട്ടിണികിടക്കുമ്പോൾ വയർ നിറയെ ഉണ്ണുന്നവർ തന്റെ സമുദായത്തിൽ പെട്ടവരല്ലെന്ന പ്രവാചക വചനം ഈ വേളയിൽ ഓർമ്മിക്കാം. അതുപോലെ, അഹങ്കാരത്തിന്റെ കടുകുമണി തൂക്കം അകമേ പേറുന്നവർക്ക് സ്വർഗത്തിന്റെ പരിമളം പോലും ലഭ്യമല്ലെന്ന വചനവും ചേർത്ത് വായിക്കാം.

എനിക്ക് എത്തിനോക്കാൻ ഇഷ്ടം എന്റെ കുട്ടിക്കാലത്തേക്ക് തന്നെയാണ്. ദാരിദ്ര്യത്തിന്റെ കാടിപ്പശയുള്ളതെങ്കിലും അതെത്ര മധുരമെന്ന് ഇന്നോർത്തുപോകുന്നു. അന്നൊക്കെ പെരുന്നാൾ വരാൻ കാത്തിരിക്കുന്നത്, പാലൊഴിച്ച് ചായ കുടിക്കാനും, ഇറച്ചിയും ചോറും കഴിക്കാനുമൊക്കെയായിരുന്നു. ആ ഒരു ദിവസമാണല്ലോ വിലകുറഞ്ഞതെങ്കിലും പുത്തനുടുപ്പിന്റെ സുഗന്ധം അനുഭവിക്കുന്നത്.

അക്കാലത്ത് മാസപ്പിറവി അറിയുന്നത് ചിലപ്പോൾ ഏറെ വൈകിയാവും. ഞാനോർക്കുന്നു, ഒരുമാസപ്പിറവിയിൽ എന്റെ വാപ്പിച്ചി ഉറക്കത്തിൽ നിന്നും ചാടിയെണീറ്റുകൊണ്ട് പറഞ്ഞത്, പടച്ചോനേ, നാളെ പെരുന്നാളാണല്ലോ.. അതു ഒരു പിതാവിന്റെ നിരാശയുടെ വചനങ്ങളായിരുന്നു. കാരണം വറുതിയുടെ പുലരിയിലേക്ക് കണ്ണ് തുറക്കുമ്പോൾ ചായക്ക് ചായപ്പൊടിയില്ലാത്തൊരു അവസ്ഥയിൽ ആ പിതാവ് ഞെട്ടുകയല്ലാതെ മറ്റെന്ത് ചെയ്യും.

ഞനോർക്കുന്നു, എന്റെ അയൽക്കാർ, എന്റെ ബന്ധുക്കളെല്ലാം വയർ നിറയെയുണ്ട്, നല്ല വസ്ത്രങ്ങളോടെ ആഘോഷത്തിമിർപ്പിലായത്. അന്ന് നിരാശയുടെ പടുകുഴിയിലാണ്ട് ഞാനും. മുതിരുമ്പോൾ വാച്ചുകെട്ടാൻ, പാന്റ്സിടാൻ കൊതിച്ചിരുന്ന അന്നത്തെ കുട്ടി ഇന്ന് എല്ലാമുണ്ടായിട്ടും ആഘോഷങ്ങൾ വരുന്നതും പോകുന്നതും ആഹ്ലാദങ്ങളില്ലാതെ നോക്കിയിരിക്കുന്നു. ഒരുതരം നിർവികാരത ഭരിക്കാൻ തുടങ്ങിയത് അവിടെനിന്നുമാവാം.

എങ്കിലും ആ വറുതിയാണ് എന്നെ പരുവപ്പെടുത്തിയതെന്ന് പറയാനാണ് എനിക്കിഷ്ടം. ജീവിതം നൽകിയ ആ പാഠപുസ്തകത്തിൽ നിന്നും ഞാനിന്ന് വായിക്കുന്നത്, നിസ്കാരപായയിലെ ഏകത പള്ളിക്ക് പുറത്തില്ല എന്ന് തന്നെ. നിസ്കാരപായക്ക് പുറത്ത് ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള അന്തരം ഏറെയാണ്. ആ അന്തരം കുറക്കാനാവാം, അന്ന് മരുക്കാറ്റിലേക്ക് പ്രവാചകൻ പറഞ്ഞത് സക്കാത്ത് കൊടുക്കാൻ, അത് കൊടുക്കുന്നവന്റെ ഔദാര്യമല്ലെന്നും സ്വീകരിക്കുന്നവന്റെ അവകാശമാണെന്നും.

എം.കെ. ഖരീം

നിലാവ് കണ്ട് ആഘോഷത്തിലേക്ക് അണിഞ്ഞൊരുങ്ങുന്നവർ ഓർക്കുക, സക്കാത്ത് കൊടുക്കാൻ, അത് നൽകിയില്ലെങ്കിൽ നിസ്കാരവും നോമ്പും പാഴെന്ന്. ഒരു മുസൽമാൻ ആരെന്ന് ചോദിച്ചാൽ എളിമയോടെ ഭൂമിയിലൂടെ സഞ്ചരിക്കുന്നവൻ എന്നും ഇതോടൊപ്പം ചേർക്കട്ടെ. ഈ പെരുന്നാൾ എന്നിൽ വിരിക്കുന്ന ദു:ഖം വെള്ളപ്പൊക്കവും കെടുതിയും മൂലം വലയുന്ന ജനങ്ങളാണ്. അവർ ദുരിതത്തിലാവുമ്പോൾ എങ്ങനെ നമുക്ക് ഉള്ള് തുറന്ന് ചിരിക്കാനാവും. എങ്കിലും ഏവർക്കും ചെറിയപെരുന്നാൾ ആശംസകള്‍.

Like
Like Love Haha Wow Sad Angry
Show More

Related Articles

Close
Close