LatestNewsNews in BriefWorld

കുറ്റസമ്മതം നടത്തി ഇറാന്‍; ‘ആ തെറ്റ് മനുഷ്യസഹജം’

By web desk

റാന്‍ തലസ്ഥാനമായ ടെഹ്റാനില്‍ യുക്രെയിന്‍ വിമാനം തകര്‍ന്നുവീണ സംഭവത്തില്‍ പ്രതികരണവുമായി ഇറാന്‍. വിമാനം തകര്‍ത്ത സംഭവം ഉണ്ടായത് മനുഷ്യസഹജമായ തെറ്റ് മൂലമാണെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രി ജവാദ് സരീഫ് പ്രതികരിച്ചു. സംഭവത്തില്‍ അമേരിക്കയെയും വിദേശകാര്യ മന്ത്രി കുറ്റപ്പെടുത്തി. പ്രക്ഷുബ്ധമായ ഒരു സാഹചര്യത്തില്‍ അമേരിക്കയുടെ അതിസാഹസികതയാണ് ഇങ്ങനെയൊരു ദുരന്തം വരുത്തിവച്ചതെന്നാണ് സരീഫ് കുറ്റപ്പെടുത്തിയിരിക്കുന്നത്.

ഇങ്ങനെയൊരു ദുരന്തം സംഭവിച്ചതില്‍ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നുവെന്നും, അപകടത്തില്‍ മരണപ്പെട്ടവരുടെ കുടുംബങ്ങളോടും ഇറാനിയന്‍ ജനതയോടും, അപകടം ബാധിച്ച രാജ്യങ്ങളോടും സര്‍ക്കാര്‍ മാപ്പ് പറയുന്നുവെന്നും മന്ത്രി പറഞ്ഞു. ട്വിറ്റര്‍ വഴിയാണ് അദ്ദേഹം ഈ പ്രതികരണം നടത്തിയത്.

ഇറാനിയന്‍ സൈന്യവും സംഭവിച്ച ദുരന്തത്തില്‍ മാപ്പ് പറഞ്ഞിട്ടുണ്ട്. അപകടത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്കും ഇറാന്‍ സൈന്യം അനുശോചനം അറിയിച്ചു. അപകടത്തിന് കാരണമായവരെ നീതി വകുപ്പിന് മുന്‍പിലേക്ക് എത്തിക്കുമെന്നും അവര്‍ക്കുമേല്‍ കുറ്റം ചാര്‍ത്തുമെന്നും ഇറാന്‍ പറഞ്ഞു. വിമാനം തകര്‍ന്നുവീണതിന് പിന്നില്‍ ഇറാനാണെന്ന് ആരോപിച്ച് അമേരിക്കയും കാനഡയും ഇന്നലെ രംഗത്തെത്തിയിരുന്നു. എന്നാല്‍ വിമാനം തകര്‍ന്നുവീണത് തങ്ങള്‍ കാരണമല്ല എന്നാണ് ഇറാന്‍ തുടക്കത്തില്‍ പറഞ്ഞിരുന്നത്.

അപകടസ്ഥലത്ത് നിന്നും വിമാനത്തിന്റെ ബ്ലാക്ക് ബോക്‌സ് നേരത്തെ കണ്ടെത്തിയിരുന്നുവെങ്കിലും അതിലെ വിവരങ്ങള്‍ അമേരിക്കയ്‌ക്കോ ബ്ലാക്ക് ബോക്‌സ് അമേരിക്കന്‍ കമ്പനിയായയ ബോംയിഗിനോ കൈമാറാന്‍ ഇറാന്‍ തയ്യാറായിരുന്നില്ല. അതേസമയം അന്താരാഷ്ട്ര വ്യോമയാന ചട്ടങ്ങള്‍ പ്രകാരം വിമാനപകടം ഉണ്ടായാല്‍ അതേക്കുറിച്ച് അന്വേഷണം നടത്തേണ്ടത് അപകടം നടന്ന രാജ്യമാണെങ്കിലും വിമാനക്കമ്പനിക്കും അന്വേഷണം നടത്താന്‍ അവകാശമുണ്ട്. അപകടത്തില്‍ കൊല്ലപ്പെട്ടവരില്‍ ഏറേയും ഉക്രൈന്‍-കാനഡ പൗരന്‍മാര്‍ ആയതിനാല്‍ ഈ രാജ്യങ്ങളും അപകടകാരണം പുറത്തുവിടാന്‍ ഇറാന് മേല്‍ സമ്മര്‍ദ്ദം ചെലുത്തിയിരുന്നു.

തലസ്ഥാനമായ ടെഹ്‌റാനില്‍നിന്ന് യുക്രെയിന്‍ തലസ്ഥാനമായ കീവിലേക്കു പുറപ്പെട്ട യാത്രാവിമാനമാണ് ബുധനാഴ്ച ഇറാന്‍ ആക്രമിച്ചത്. ഇറാനിയന്‍ ആന്റി എയര്‍ക്രാഫ്റ്റ് മിസൈലുകളാണ് വിമാനത്തില്‍ പതിച്ചത്. അപകടത്തില്‍ 176 പേര്‍ മരിച്ചിരുന്നു.

Like
Like Love Haha Wow Sad Angry
Tags
Show More

Related Articles

Close
Close