LatestNationalNewsNews in Brief

വിക്രം ലാന്‍ഡര്‍ ഇടിച്ചിറങ്ങിയതാകാമെന്ന് ഐഎസ്ആര്‍ഒ; ബന്ധം പുനഃസ്ഥാപിക്കാനുള്ള തീവ്രശ്രമത്തില്‍ ഗവേഷകര്‍

By web desk

ന്ദ്രയാന്‍-2 ലെ വിക്രം ലാന്‍ഡറുമായുള്ള ബന്ധം പുനഃസ്ഥാപിക്കാനുള്ള ഐഎസ്ആര്‍ഒയുടെ തീവ്രശ്രമം തുടരുന്നു. എന്നാല്‍ കുറഞ്ഞ ദിവസത്തിനുള്ളില്‍ ഇത് സാധ്യമാക്കുക ഏറെ ബുദ്ധിമുട്ടാണെന്നാണ് ഗവേഷകരുടെ വിലയിരുത്തല്‍. ലാന്‍ഡര്‍ കിടക്കുന്ന ഭാഗത്ത് സൂര്യപ്രകാശമില്ലാത്തതിനാല്‍ 14 ദിവസം താപനില മൈനസ് 180 ഡിഗ്രി വരെയായിരിക്കും. ഇത്രയും കൊടുംതണുപ്പില്‍ ഉപകരണങ്ങള്‍ നശിക്കാനും പ്രവര്‍ത്തനം നിലയ്ക്കാനും സാധ്യതയേറെയാണ്. നേരത്തേ ഇറങ്ങാന്‍ നിശ്ചയിച്ച ദക്ഷിണധ്രുവത്തിലെ രണ്ട് ഗര്‍ത്തങ്ങള്‍ക്കിടയിലുള്ള പ്രതലത്തിന്റെ 500 മീറ്റര്‍ അകലെയാണ് ലാന്‍ഡര്‍ കിടക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. സോഫ്റ്റ് ലാന്‍ഡിംഗാണ് ലക്ഷ്യമിട്ടിരുന്നതെങ്കിലും വിക്രം ലാന്‍ഡര്‍ ചന്ദ്രോപരിതലത്തില്‍ ഇടിച്ചിറങ്ങിയിരിക്കാനാണ് സാധ്യതയെന്ന് ഐഎസ്ആര്‍ഒ ചെയര്‍മാന്‍ കെ ശിവന്‍ പറഞ്ഞു.

വിക്രം ലാന്‍ഡറിലെ റോവര്‍ പ്രഗ്യാന്റെയും ചിത്രങ്ങള്‍ ചന്ദ്രയാന്‍ 2 ഓര്‍ബിറ്റര്‍ എടുത്തിട്ടുണ്ട്. ഓര്‍ബിറ്റര്‍ ഇപ്പോഴും മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും ഐഎസ്ആര്‍ഒ വ്യക്തമാക്കി. ചന്ദ്രന് ചുറ്റും പ്രതീക്ഷിച്ച അതേ ഓര്‍ബിറ്റില്‍ത്തന്നെയാണ് ഓര്‍ബിറ്റര്‍ സഞ്ചരിക്കുന്നത്. അവസാനഘട്ടത്തിലാണ് വിക്രം ലാന്‍ഡറിന്റെ ലാന്‍ഡിംഗ് ശ്രമം പാളിയത്. വിക്രമിന്റെ താഴേക്കുള്ള യാത്ര തീരുമാനിക്കപ്പെട്ടതിലും വേഗത്തിലായിരുന്നുവെന്നാണ് ലഭിക്കുന്ന വിവരം. നിയന്ത്രണ സംവിധാനങ്ങളുടെ പരിധിക്കപ്പുറമായിരുന്നു ലാന്‍ഡിംഗിന്റെ അവസാനഘട്ടത്തിലെ വേഗത. അതിനാല്‍ ബ്രേക്കിംഗ് സംവിധാനത്തിന് കൃത്യമായി പ്രവര്‍ത്തിക്കാനായില്ലെന്നും ഐഎസ്ആര്‍ഒ അറിയിച്ചു. എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിച്ചതെന്ന് കണ്ടെത്താനുള്ള ശ്രമമാണ് ഇപ്പോള്‍ നടക്കുന്നത്. ഓര്‍ബിറ്ററിന്റെ കൂടി സഹായത്തോടെ കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുകയും അത് വിശകലനം ചെയ്യുകയും ചെയ്താലേ കൃത്യമായ അനുമാനങ്ങളിലെത്താനാകൂ.

അതേസമയം, വിക്രം ലാന്‍ഡറുമായി ബന്ധം സ്ഥാപിക്കാന്‍ സാധ്യത കുറവാണെങ്കിലും കഴിയുന്നതെല്ലാം ചെയ്യുമെന്ന് തന്നെയാണ് ഗവേഷകര്‍ പറയുന്നത്. ലാന്‍ഡറിന് 14 ദിവസം പ്രവര്‍ത്തിക്കാനുളള സംവിധാനങ്ങളാണ് നേരത്തെ സജ്ജീകരിച്ചിരിക്കുന്നത്. എന്നാല്‍ സമയം കഴിയുന്തോറും ലാന്‍ഡറുമായി ബന്ധം സ്ഥാപിക്കാനുള്ള സാധ്യത കുറഞ്ഞു വരികയാണെന്നുമാണ് മിഷനുമായി ബന്ധപ്പെട്ട ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞത്.

എന്നിരുന്നാലും, ശരിയായ ഓറിയന്റേഷന്‍ ഉപയോഗിച്ച് ലാന്‍ഡറിന് ഇപ്പോഴും ഊര്‍ജ്ജം ഉല്‍പാദിപ്പിക്കാനും സോളാര്‍ പാനലുകള്‍ ഉപയോഗിച്ച് ബാറ്ററികള്‍ റീചാര്‍ജ് ചെയ്യാനും കഴിയും (14 ദിവസത്തിനു ശേഷം). എന്നാല്‍ ഇത് ക്രമാനുഗതമായി കുറയാന്‍ സാധ്യതയുണ്ടെന്നുമാണ് മറ്റൊരു വിലയിരുത്തല്‍.

ചന്ദ്രയാന്‍ 2 ദൗത്യം 95 ശതമാനം വരെ വിജയമാണെന്നാണ് ഐഎസ്ആര്‍ഒയുടെ വിലയിരുത്തല്‍. ചന്ദ്രപഠനരംഗത്ത് കൂടുതല്‍ വിവരങ്ങളെത്തിക്കാന്‍ ഓര്‍ബിറ്ററിന് ഇപ്പോഴും കഴിയും. വിക്ഷേപണവും ഭ്രമണപഥം താഴ്ത്തലുമടക്കമുള്ള കാര്യങ്ങള്‍ വിജയകരമായത് ശാസ്ത്രജ്ഞര്‍ക്ക് ആശ്വാസംതന്നെയാണ്. ഒരു വര്‍ഷം ചന്ദ്രനെ ഓര്‍ബിറ്റര്‍ വലംവയ്ക്കുമെന്നാണ് കരുതിയിരുന്നതെങ്കിലും അതിനേക്കാള്‍ കൂടുതല്‍ ആയുസ്സുണ്ടാകുമെന്ന് ഐഎസ്ആര്‍ഒ തന്നെ പറയുന്നു. ഏഴ് വര്‍ഷം വരെ ഓര്‍ബിറ്റര്‍ ചന്ദ്രന് ചുറ്റുമുള്ള ഭ്രമണപഥത്തിലുണ്ടാകും.

Like
Like Love Haha Wow Sad Angry
Tags
Show More

Related Articles

Close
Close