NationalNewsNewsNews in BriefWorld
ജി-20 ഉച്ചകോടിക്കിടെ മോദി-ട്രംപ് കൂടിക്കാഴ്ച്ച: വ്യാപാര സഹകരണ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാമെന്ന് ട്രംപ്
Inter National Desk

ജി20 ഉച്ചകോടിക്ക് ജപ്പാനിലെ ഒസാക്കയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും കൂടിക്കാഴ്ച നടത്തി. ഉച്ചകോടിക്കിടെയാണ് കൂടിക്കാഴ്ച നടത്തിയത്.
ഇരു രാജ്യങ്ങളും തമ്മില്‍ നിലനില്‍ക്കുന്ന അഭിപ്രായ വ്യത്യാസങ്ങള്‍ ചര്‍ച്ച ചെയ്ത് പരിഹരിക്കണമെന്നും വ്യാപാര സഹകരണമേഖലയിലെ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുമെന്നും ട്രംപ് വ്യക്തമാക്കി. സൈനിക മേഖലയിലും ഇരുരാജ്യങ്ങളും തമ്മില്‍ സഹകരിക്കുമെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.
ഇന്ത്യ, ജപ്പാന്, അമേരിക്ക കൂടിക്കാഴ്ചക്ക് ശേഷമാണ് ഇരു നേതാക്കളും തമ്മിലുളള കൂടിക്കാഴ്ച നടന്നത്. വ്യാപാര രംഗത്ത് ഇന്ത്യക്ക് നല്‍കിയിരുന്ന ആനുകൂല്യങ്ങള്‍ അമേരിക്ക അടുത്തിടെ പിന്‍വലിച്ചിരുന്നു. ഇതിനു മറുപടിയെന്നോണം 28 അമേരിക്കന്‍ ഉല്‍പ്പന്നങ്ങള്‍ക്കു മേല്‍ ഇന്ത്യ തീരുവ വര്‍ദ്ധിപ്പിച്ചിരുന്നു.
ഉച്ചകോടിക്ക് മുന്നോടിയായി അമേരിക്കന്‍ ഉത്പന്നങ്ങള്‍ക്ക് ഇന്ത്യ ഏര്‍പ്പെടുത്തി വരുന്ന ഇറക്കുമതി തീരുവ എടുത്തുകളയണമെന്ന ആവശ്യം ട്രംപ് ട്വിറ്ററിലൂടെ ഉന്നയിച്ചിരുന്നു. എന്നാല്‍ വ്യാപാര മുന്‍ഗണന പട്ടികയില്‍ ഇന്ത്യയെ ഉള്‍പ്പെടുത്തണമെന്ന ആവശ്യമാണ് ഇന്ത്യ ഉന്നയിക്കുക.