LatestNationalNewsNews in Brief

പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധം; ജാമിയ മിലിയ സര്‍വകലാശാല അടച്ചു

By web desk

പൗരത്വ ഭേദഗതി നിയമത്തിന് എതിരായ പ്രതിഷേധം ആളിക്കത്തിയ സാഹചര്യത്തില്‍ ഡല്‍ഹിയിലെ ജാമിയ മിലിയ ഇസ്ലാമിയ സര്‍വകലാശാല അടുത്ത മാസം അഞ്ചു വരെ അടച്ചിട്ടു. ശീതകാല അവധി നേരത്തേ പ്രഖ്യാപിച്ച സര്‍വകലാശാല ഇതിന് മുമ്പ് നടത്തേണ്ടിയിരുന്ന എല്ലാ പരീക്ഷകളും മാറ്റി വച്ചു. പുതുക്കിയ തീയതികള്‍ പിന്നീട് അറിയിക്കുമെന്നും സര്‍വകലാശാല അറിയിച്ചു.

സര്‍വകലാശാല പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പിലാണ് ശീതകാല അവധിക്കായി ഡിസംബര്‍ 16 മുതല്‍ ജനുവരി 5 വരെ കോളേജ് അടച്ചിടുമെന്ന് അറിയിച്ചത്. എല്ലാ പരീക്ഷകളും മാറ്റിവെച്ചതായും 6ന് മാത്രമേ ഇനി കോളേജ് തുറക്കുകയുള്ളൂവെന്നും വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.

പൗരത്വ ഭേദഗതി നിയമത്തിനെതിരെ സര്‍വകലാശാലയില്‍ നിന്ന് തുടങ്ങിയ മാര്‍ച്ച് ഗേറ്റിനകത്ത് വച്ച് തന്നെ പൊലീസ് തടഞ്ഞതോടെ പ്രക്ഷോഭം അണപൊട്ടിയിരുന്നു. വെള്ളിയാഴ്ച പൊലീസും വിദ്യാര്‍ത്ഥികളും ഏറ്റുമുട്ടി. നൂറ് കണക്കിന് വിദ്യാര്‍ത്ഥികള്‍ കസ്റ്റഡിയിലായി.

ജാമിയ ടീച്ചേഴ്‌സ് അസോസിയേഷനും (ജെടിഎ) വിദ്യാര്‍ത്ഥികളും ചേര്‍ന്നാണ് ദേശീയ പൗരത്വ റജിസ്റ്ററിനും പൗരത്വ നിയമഭേദഗതിക്കും എതിരെ സംയുക്തപ്രക്ഷോഭം സംഘടിപ്പിച്ചത്. പൗരത്വഭേദഗതി നിയമത്തിനെതിരെ വ്യാഴാഴ്ച ക്യാമ്പസില്‍ ബില്ലിന്റെ പകര്‍പ്പുകള്‍ കത്തിച്ച് വിദ്യാര്‍ത്ഥികള്‍ പ്രതിഷേധിച്ചിരുന്നു. ജാമിയ സ്റ്റേഡിയത്തിന് അടുത്ത് സ്ഥാപിച്ച പൊലീസ് ബാരിക്കേഡ് മറികടക്കാന്‍ വിദ്യാര്‍ത്ഥികള്‍ ശ്രമിച്ചതോടെ പൊലീസ് ലാത്തിച്ചാര്‍ജ് തുടങ്ങി. പിന്നാലെ വിദ്യാര്‍ത്ഥികള്‍ കല്ലെറിഞ്ഞു. ഇതോടെ കണ്ണീര്‍ വാതകഷെല്ലുകളും തുടര്‍ച്ചയായി പൊലീസ് പ്രയോഗിച്ചു. പൊലീസ് ഗേറ്റിനടുത്തുള്ള ബാരിക്കേഡിനപ്പുറത്ത് നിന്നാണ് കണ്ണീര്‍ വാതക ഷെല്ലുകളെറിഞ്ഞത്. സംഘര്‍ഷത്തിനിടെ മാധ്യമപ്രവര്‍ത്തകര്‍ക്കും പരിക്കേറ്റിരുന്നു. ഇതിന് പിന്നാലെ, പട്ടേല്‍ ചൗക്കും ജന്‍പഥും അടക്കമുള്ള എല്ലാ മെട്രോ സ്റ്റേഷനുകളും പൊലീസ് അടച്ചു. ഏറെ നേരം ഇത് വഴിയുള്ള ഗതാഗതം തടസ്സപ്പെടുകയും ചെയ്തു.

Like
Like Love Haha Wow Sad Angry
Tags
Show More

Related Articles

Close
Close