CrimeKeralaLatestNewsNews in Brief

എഎസ്‌ഐയുടെ കൊലപാതകം; ആസൂത്രണം നടന്നത് കേരളത്തിലെന്ന് സൂചന, കൂടുതല്‍ തെളിവുകള്‍ പുറത്ത്

By web desk

ളിയിക്കാവിളയില്‍ എഎസ്‌ഐയെ വെടിവെച്ച് കൊന്ന കേസില്‍ ആസൂത്രണം നടന്നത് കേരളത്തിലാണെന്നതിന് കൂടുതല്‍ തെളിവുകള്‍. വെടിവയ്പ്പിന് രണ്ട് ദിവസം മുമ്പ് പ്രതികള്‍ നെയ്യാറ്റിന്‍കരയിലെത്തി. 7, 8 തീയതികളില്‍ പ്രതികള്‍ പള്ളിയിലെത്തിയതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചു. വിതുര സ്വദേശി സെയ്ത് അലി ഏര്‍പ്പാടാക്കിയ വീടിലാണ് പ്രതികള്‍ താമസിച്ചതെന്നാണ് പൊലീസ് സംശയിക്കുന്നത്. കൊല നടന്നതിന്റെ പിറ്റേ ദിവസം സെയ്ത് അലി ഒളിവില്‍ പോയി. ഇയാളുടെ വിതുരയിലെ ഭാര്യവീട്ടില്‍ ക്യൂ ബ്രാഞ്ച് റെയ്ഡ് നടത്തിയിരുന്നു. പ്രതികളുടെ കൈവശമുണ്ടായിരുന്ന ബാഗ് മറ്റൊരാള്‍ക്ക് കൈമാറിയതിലും ദുരൂഹതയുണ്ട്.

കൊല നടത്തിയ ദിവസം പ്രതികള്‍ നെയ്യാറ്റിന്‍കരയില്‍ ഒരു ബാഗ് ഉപേക്ഷിക്കുന്നതിന്റെ ദൃശ്യങ്ങള്‍ ഇന്നലെ പൊലീസിന് ലഭിച്ചിരുന്നു. നെയ്യാറ്റിന്‍കര ശ്രീകൃഷ്ണ ക്ഷേത്രത്തിന് സമീപത്തുളള ദൃശ്യങ്ങളിലാണ് പ്രതികളെ കണ്ടെത്തിയത്. രാത്രി 8.45 ഓടെ കടകള്‍ക്ക് അടുത്തുക്കൂടി നടന്ന് പോകുന്ന ഇവര്‍ അവിടെ ഒരു ബാഗ് ഉപേക്ഷിക്കുന്നതായാണ് ദൃശ്യങ്ങളില്‍ ഉളളത്. പൊതുപണിമുടക്ക് ദിവസമായിരുന്നതിനാല്‍ കടകളെല്ലാം അടഞ്ഞു കിടക്കുകയായിരുന്നു. ഈ ബാഗിനായി അന്വേഷണസംഘം സ്ഥലത്ത് പരിശോധന നടത്തിയെങ്കിലും കണ്ടെത്താനായിട്ടില്ല. ബാഗ് നെയ്യാറ്റിന്‍കരയിലുളള ഏതെങ്കിലും കടയില്‍ നിന്നാണോ വാങ്ങിയതെന്ന് പൊലീസ് പരിശോധിക്കുന്നുണ്ട്.

പ്രതികള്‍ യാത്ര ചെയ്തതായി സംശയിക്കുന്ന ഓട്ടോഡ്രൈവറെ നെയ്യാറ്റിന്‍കരയില്‍ നിന്ന് അന്വേഷണസംഘം ഇന്നലെ കസ്റ്റഡിയിലെടുത്തിരുന്നു. ഓട്ടോ ഡ്രൈവറെ ചോദ്യം ചെയ്തു വരികയാണ്. അതേസമയം, മുഖ്യപ്രതികളായ തൗഫീഖിനും അബ്ദുള്‍ ഷമീമിനുമായുളള തെരച്ചില്‍ തമിഴ്‌നാട് ക്യൂ ബ്രാഞ്ചും കേരള പൊലീസും ഊര്‍ജ്ജിതമാക്കി. ഇവരുടെ വിവരങ്ങള്‍ നല്‍കുന്നവര്‍ക്ക് ഏഴ് ലക്ഷം രൂപയാണ് സര്‍ക്കാര്‍ പാരിതോഷികമായി പ്രഖ്യാപിച്ചിട്ടുണ്ട്.

സംഭവവുമായി ബന്ധപ്പെട്ട് എട്ടുപേര്‍ കൂടി കഴിഞ്ഞ ദിവസങ്ങളില്‍ പിടിയിലായി. ആറുപേരെ കൊല്ലം തെന്‍മലയില്‍ നിന്നും രണ്ടുപേരെ തിരുനെല്‍വേലിയില്‍നിന്നുമാണു പിടികൂടിയത്. പാലരുവി വെള്ളച്ചാട്ടത്തിനു സമീപത്തു നിന്നാണു തമിഴ്‌നാട് തിരുനെല്‍വേലി സ്വദേശികളായ ആറുപേരെ കേരള- തമിഴ്‌നാട് പോലീസുകളുടെ സംയുക്ത ഓപ്പറേഷനിലൂടെ പിടികൂടിയത്. കാജ, അഷറഫ്, ഷേക്ക് ഫരീത്ത്, നവാസ്, സിദ്ധിഖ് എന്നിവരെയും പേരു വെളിപ്പെടുത്താത്ത ഒരാളെയുമാണു പാലരുവിയില്‍നിന്നു പിടികൂടിയത്. ബിസ്മി നൗഷാദ്, ഹനീഫ എന്നിവരാണു തിരുനെല്‍വേലിയില്‍നിന്നു പിടിയിലായത്. തീവ്രവാദി ഗ്രൂപ്പുകളുമായി നേരിട്ടു ബന്ധമുള്ളവരാണ് പിടിയിലായവരെല്ലാമെന്നു പോലീസ് പറയുന്നു.

ഇതില്‍ കുറ്റകൃത്യവുമായി നേരിട്ടു ബന്ധമുള്ളവരില്‍ ഒരാളുണ്ടെന്നു സൂചനയുണ്ടെങ്കിലും ഇക്കാര്യം വ്യക്തമായിട്ടില്ലെന്നാണു പോലീസ് ഉന്നതര്‍ പറയുന്നത്. വെടിവയ്പു ഗൂഢാലോചനയില്‍ ഉള്‍പ്പെട്ടവരില്‍ ചിലര്‍ ഇതിലുണ്ടെന്നാണു പോലീസ് പറയുന്നത്. വെടിവച്ചശേഷം രക്ഷപ്പെട്ടവര്‍ക്കു മറ്റൊരു വാഹനം ഒരുക്കിനല്‍കിയതും ഇവരാണെന്നു കണ്ടെത്തിയിട്ടുണ്ട്. രാത്രി വൈകിയും ചെങ്കോട്ട എസ്പിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം ഇവരെ ചോദ്യം ചെയ്യുകയാണ്.

സ്‌പെഷല്‍ എഎസ്‌ഐ വില്‍സണു നേരേ വെടിയുതിര്‍ത്ത സംഘാംഗങ്ങളുമായി ഫോണിലൂടെ പലപ്പോഴും ഇവര്‍ ബന്ധപ്പെട്ടിരുന്നതായും കണ്ടെത്തി. ഇതില്‍ രണ്ടുപേരെ തമിഴ്‌നാട് ക്യൂ ബ്രാഞ്ച് പിടികൂടിയപ്പോണ് ഇവര്‍ തെന്‍മലയിലും പരിസരത്തുമുണ്ടെന്നു വ്യക്തമായത്. ഇതിന്റെ അടിസ്ഥാനത്തില്‍ തമിഴ്‌നാട് പോലീസ് നല്‍കിയ വിവരത്തെത്തുടര്‍ന്നു തെന്‍മല സിഐയുടെ നേതൃത്വത്തിലുള്ള സംഘം ഇവരെ നിരീക്ഷിച്ചു. ആയുധം ഉണ്ടാകുമെന്ന സംശയത്തെത്തുടര്‍ന്നു നേരിട്ടുള്ള ഏറ്റുമുട്ടല്‍ ഒഴിവാക്കുകയായിരുന്നു.

തുടര്‍ന്ന് ചെങ്കോട്ട പോലീസ് കൂടി സ്ഥലത്ത് എത്തിയതോടെ ലോറി കുറുകെയിട്ട് ഇവര്‍ സഞ്ചരിച്ചിരുന്ന ടിഎന്‍ 22 സികെ 1377 രജിസ്‌ട്രേഷന്‍ നന്പരുള്ള കാര്‍ തടഞ്ഞ് അഞ്ചു പേരെ പിടികൂടുകയായിരുന്നു. രക്ഷപ്പെടാന്‍ ശ്രമിച്ച ഒരാളെ പിന്നീടു പിടികൂടി. പോലീസുകാരനെ വെടിവച്ചു കൊലപ്പെടുത്തിയശേഷം പ്രതികള്‍ക്കു രക്ഷപ്പെടാന്‍ മറ്റൊരു വാഹനം സംഘടിപ്പിച്ചു നല്‍കിയത് ഇവരാണെന്നു ചോദ്യംചെയ്യലില്‍ വ്യക്തമായിട്ടുണ്ട്. വെടിവയ്പു ഗൂഢാലോചനയില്‍ ഇതില്‍ രണ്ടു പേര്‍ക്കു നേരിട്ടു പങ്കുണ്ടെന്നും പോലീസ് പറയുന്നു.

Like
Like Love Haha Wow Sad Angry
Tags
Show More

Related Articles

Close
Close